തൃശൂർ: എഴുപത്തിനാല് വർഷം മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ജപ്പാൻ ലക്ഷ്യമിട്ട് ഉലഞ്ഞു നീങ്ങിയ കൂറ്റൻ കപ്പലിൽ നിന്ന് ഗംഗാധരൻ അമ്മയ്‌ക്ക് എഴുതിയ കത്തിന് ഇന്ന് ചരിത്രത്തിന്റെ തിളക്കം. ബ്രിട്ടീഷ് സേനയുടെ സെൻസർഷിപ്പ് മുദ്ര തെളിഞ്ഞു കാണാം.
1946 മേയ് 4നാണ് തൃശൂർ എടതിരിഞ്ഞി കുമ്പളപ്പറമ്പിൽ വീട്ടിൽ വേലപ്പന്റെ മകൻ ഗംഗാധരൻ കന്നി കപ്പൽ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ച് അമ്മ നാരായണിക്ക് കത്തെഴുതിയത്. മകൻ അടുത്തില്ലാത്തതിന്റെ വിഷമം അകറ്റാൻ പൊന്നുപോലെ സൂക്ഷിച്ചു. മകന്റെ വധുവായി ദമയന്തി എത്തിയപ്പോൾ ഉപഹാരംപോലെ ഈ കത്തും കൊടുത്തു. പത്തൊൻപത് വർഷം മുമ്പ് എൺപത്തിയാറാമത്തെ വയസിൽ ഗംഗാധരൻ മരിച്ചു. ആ ഓർമ്മകളിൽ ഇന്നും കഴിയുന്ന ദമയന്തി കത്ത് മകൻ ഹർഷനെ ഏല്പിച്ചു.ഫിഷറീസ് റിട്ട. ഡെപ്യൂട്ടി ഡയക്ടറായി വിരമിച്ച അദ്ദേഹമാണ് ഇപ്പോൾ കത്തിന്റെ നേർഅവകാശി.
അദ്ധ്യാപകന്റെ പട്ടാളവേഷം
22ാം വയസുവരെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്ന ഗംഗാധരൻ 1943ലാണ് ജോർജ് ആറാമൻ രാജാവ് രൂപം നൽകിയ റോയൽ ഇന്ത്യൻ എയർഫോഴ്സിൽ അംഗമായത്.രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഏഴുമാസമായപ്പോൾ ജപ്പാനിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കാനും അധികാര കൈമാറ്റത്തിന് വഴിയൊരുക്കാനും രൂപീകരിച്ച ഒക്യുപേഷൻ ഫോഴ്സിന്റെ ഭാഗമായി.
1946 മേയിൽ ബോംബെ തുറമുഖത്ത് നിന്ന് സിലോണും സിംഗപ്പൂരും താണ്ടി ജപ്പാനിലേക്ക്. ജപ്പാനിലെ ദുരിതങ്ങളുടെ നേർക്കാഴ്ചയായിരുന്നു ഗംഗാധരൻ അയച്ച കത്തുകൾ. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ ഇരുപത് വർഷത്തോളം സേവനമനുഷ്ഠിച്ച ഗംഗാധരൻ വിരമിച്ചശേഷം വീണ്ടും അദ്ധ്യാപകനായി.
കത്തിന്റെ തുടക്കം
പ്രിയ അമ്മയ്ക്ക്......
ഡ്യുണീറ എന്ന കപ്പലിലാണ് ഞങ്ങൾ. ഒരു കെട്ടിടം അപ്പാടെ വെള്ളത്തിലേക്ക് എടുത്തുവച്ച പോലെ. ഹിന്തു സമുദ്രത്തിലൂടെയാണ് (ഇന്ത്യൻ മഹാസമുദ്രം) യാത്ര ചെയ്യുന്നത്. ഇടയ്ക്ക് അടിച്ചെത്തുന്ന തിരകൾ തെല്ല് അസൗകര്യമുണ്ടാക്കുന്നുണ്ട്. കൂടാതെ കടൽച്ചൊരുക്കും. 2450 നാഴിക പിന്നിട്ടാൽ ഞങ്ങൾ സിംഗപ്പൂരിലെത്തും. അവിടെ നിന്ന് അത്രയും ദൂരം പിന്നിട്ടാൽ ജപ്പാൻ......
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |