തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതു ചർച്ചചെയ്യാൻ ഇന്നലെ രാവിലെ ചേർന്ന സർവകക്ഷി യോഗത്തിലേക്ക് മുഖ്യമന്ത്രി ക്ഷണിക്കാത്തതേല്പിച്ച മുറിവിനെ തത്കാലത്തേക്കെങ്കിലും മായ്ക്കാൻ പി.ജെ. ജോസഫിനെ സഹായിക്കുന്നതായി പാർട്ടി ചിഹ്നവും പദവിയും സംബന്ധിച്ച് വൈകിട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ സ്റ്റേ.
രണ്ടില ചിഹ്നവും കേരള കോൺഗ്രസ്-എം പദവിയും ജോസ് വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിക്കെതിരെ ഹൈക്കോടതിയിൽ ജോസഫ് നൽകിയ ഹർജിയിലാണ് സ്റ്റേ. എന്നാൽ, പൂർണ ആശ്വാസം ജോസഫിന് കൈവന്നെന്ന് പറയാറായിട്ടില്ല. കേസിന്റെ മെരിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല.
ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി അവരോധിച്ചത് നിയമവിരുദ്ധമാണെന്ന് ജോസഫ് നൽകിയ പരാതിയിൽ നേരത്തേ കട്ടപ്പന കോടതി അനുകൂലമായി വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി, ജോസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചത് കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയെ കോടതി തള്ളിപ്പറയുമോയെന്നാണറിയേണ്ടത്.
അതേസമയം, ഇന്നലെ സർവകക്ഷി യോഗത്തിൽ ജോസിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചത് ജോസഫിന് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് അന്തിമവിധിയെന്നും അതനുസരിച്ച് ഔദ്യോഗികപാർട്ടി നേതൃത്വം ജോസിനാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
ജോസിനെ ക്ഷണിക്കരുതെന്നും കമ്മിഷൻ വിധിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നലെ തീരുമാനം വരാനിരിക്കുകയാണെന്നും ജോസഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ മറികടന്നാണ് ജോസിനെ മുഖ്യമന്ത്രി യോഗത്തിന് ക്ഷണിച്ചത്. ഇടതുമുന്നണിക്ക് ജോസിനോടുള്ള താത്പര്യം പ്രകടമാക്കുന്നത് കൂടിയായി മുഖ്യമന്ത്രിയുടെ നീക്കം.
അതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ സ്റ്റേ വന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെ മുൻനിറുത്തി നിയമസഭയിലെ വിപ്പ് ലംഘനത്തിന് പി.ജെ. ജോസഫിനും മോൻസ് ജോസഫിനുമെതിരെ നടപടിയാവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കാനിരുന്ന ജോസ് പക്ഷത്തിന് സ്റ്റേ തിരിച്ചടിയാണ്. ഈ മാസം 30നകം അവർ സ്പീക്കർക്ക് പരാതി നൽകണമായിരുന്നു. എന്നാൽ, ഇനി ഹൈക്കോടതി കേസ് പരിഗണിക്കുക ഒക്ടോബർ ഒന്നിന് മാത്രമാണ്.
സ്റ്റേ വന്ന പശ്ചാത്തലത്തിൽ ജോസിനെതിരായ നീക്കങ്ങൾ കൂടുതൽ ശക്തമാക്കാനാവും യു.ഡി.എഫും ജോസഫും ശ്രമിക്കുക. മുന്നണി അംഗത്വവും പാർട്ടി സ്ഥാനവും ഇല്ലാത്ത ജോസ് ക്ഷീണിതനാണെന്ന പ്രചാരണമാണ് ജോസഫ് ആരംഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |