സംഗീതമാണ് മഞ്ജരിയുടെ മനസ് മുഴുവൻ. കൊതിച്ച് കൊതിച്ച് സിനിമയിൽ പാടാനെത്തിയ ആ പഴയ മഞ്ജരിയിൽ നിന്നും പുതിയ മഞ്ജരിയിലേക്ക് ഏറെ ദൂരമുണ്ട്. കാഴ്ചയിലും ചിന്തകളിലും അത് പ്രകടമാണ്. ജീവിതത്തിലെ ഓരോ അനുഭവങ്ങളെയും ഓരോ പാഠങ്ങളായി കണ്ട്, ഒന്നിനും മുന്നിൽ പകച്ചു നിൽക്കാതെ ജീവിതം ഓരോ നിമിഷവും ആഘോഷിച്ച് കൊതി തീർക്കുകയാണിന്ന് മഞ്ജരി.
''ഒരുപാട് വർഷങ്ങളായി ഞാൻ സിംഗിളായി ജീവിക്കുകയാണ്. ഇപ്പോൾ വളരെയധികം ഹാപ്പിയാണ്. അമ്മയുമൊത്ത് തിരുവനന്തപുരത്ത് ഫ്ലാറ്റിലാണ് താമസം. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നു. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നൊരാളാണ് ഞാൻ. പുതിയ ജീവിതം ജീവിച്ചു തീർക്കുന്നതിന്റെ തിരക്കിലാണ്. നെഗറ്റിവിറ്റികളെ തലയിൽ എടുത്തുവയ്ക്കാൻ വയ്യ. ആകെയുള്ള ഒറ്റ ജീവിതം അടിപൊളിയായി ജീവിക്കട്ടെ. ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ഒരു കവർ സോംഗ് ചെയ്യാൻ തോന്നി. ബോംബെ എന്ന ചിത്രത്തിലെ എ.ആർ. റഹ്മാൻ സാറിന്റെ 'മലരോട് മലരിംഗ്..." എന്നു തുടങ്ങുന്ന ഗാനമാണ് കവർ ചെയ്തത്. ലോകം മുഴുവൻ കൊവിഡ് എന്ന മഹാമാരി വ്യാപിക്കുമ്പോൾ പരസ്പര സഹായവും സ്നേഹവും മനുഷ്യത്വവും കാണിക്കുക എന്ന് കാണിച്ചായിരുന്നു ആ കവർ ചെയ്തത്. അതുപോലെ ഞാൻ തന്നെ കംപോസ് ചെയ്തു പാടിയ രണ്ടു പാട്ടുകൾ ചെയ്തിരുന്നു. കംപോസ് ചെയ്യാൻ പെട്ടന്നൊരു വട്ടുതോന്നിയിട്ട് ചെയ്തതാണ്. ആ രണ്ടു വിഡിയോയും ഇഷ്ടത്തോടെ ചെയ്തതാണ്.""മഞ്ജരി പറഞ്ഞു തുടങ്ങി.
പുതിയ വഴികളിലൂടെ
എനിക്കുണ്ടായ മാറ്റം ഞാൻ ആരെയെങ്കിലും കാണിക്കാനോ, അഭിനയിക്കാനോ , മോഡലിംഗിനോ അല്ല. അതെന്റെ സന്തോഷത്തിനാണ് ഞാൻ ചെയ്തത്. എന്നെ അടുത്തറിയുന്നവർക്ക് അറിയാം ഞാനെങ്ങനെയുള്ള ആളാണെന്ന്. മസ്കറ്റിലായിരുന്നു ഞാൻ പഠിച്ചതെല്ലാം. എന്റെ അപ്പോഴെത്തെയും ഇപ്പോഴെത്തെയും ആകെയുള്ള കൂട്ടുകാർ അച്ഛൻ ബാബു രാജേന്ദ്രനും അമ്മ ഡോ. ലതയുമാണ്. മസ്കറ്റിൽ ബിസിനസാണ് അച്ഛന്. അമ്മ പുറത്തു പോലും പോവാറില്ല . അതുകൊണ്ട് തന്നെ സ്റ്റെലിഷ് കാര്യങ്ങൾ എനിക്ക് പറഞ്ഞു തരാൻ പോലും ആരുമില്ല. എനിക്കാണേൽ അതിലൊന്നും താത്പര്യം ഇല്ലായിരുന്നു. സ്കൂളിൽ പോകുന്നു പഠിക്കുന്നു തിരിച്ചുവരുന്നു . അതായിരുന്നു ജീവിതം. അച്ഛൻ മുടിവെട്ടാൻ പോകുന്ന സലൂണിൽ പോയി അതേപോലെ ഞാനും മുടി മുറിക്കും. സ്കൂൾ കാലഘട്ടത്തിൽ ടോം ബോയിയെ പോലെയായിരുന്നു നടന്നത്. ഉപരിപഠനത്തിനായി മുംബൈയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരുപാട് കാര്യങ്ങളിലെ ചിന്താഗതിയിലെല്ലാം വലിയ മാറ്റം സംഭവിച്ചു. അപ്പോഴാണ് ഞാൻ അവരുടെയെല്ലാം ഡ്രസിംഗ് സ്റ്റെലെല്ലാം ശ്രദ്ധിച്ചു തുടങ്ങിയത്. അവിടുന്ന് വന്നതിന് ശേഷം എനിക്ക് വലിയ മാറ്റമുണ്ടായിരുന്നു. നിങ്ങൾ പറയുന്ന മേക്കോവർ എപ്പോൾ ഏത് പോയിന്റിൽ സംഭവിച്ചതാണെന്ന് ഒരു പിടിയുമില്ല. മാറ്റങ്ങളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നി. എന്റെ സന്തോഷം മാത്രമാണ് ഞാൻ നോക്കുന്നത്.
ഭാഗ്യഗായികയല്ല, മഹാ ഭാഗ്യഗായികയാണ്
ചെറിയ പ്രായത്തിലെ ഒരുപാട് സീനിയറായ സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. എനിക്ക് സിനിമയിൽ കിട്ടിയ സമയമെല്ലാം നിയോഗമായാണ് ഞാൻ ഉപയോഗിച്ചത്. ദേവരാജൻ മാഷുടെ സംഗീതത്തിൽ പോലും എനിക്ക് പാടാൻ കഴിഞ്ഞു. അദ്ദേഹം അവസാനമായി ചെയ്ത ഒരു ഭക്തിഗാനത്തിനാണ് എനിക്ക് പാടാൻ ഭാഗ്യം ലഭിച്ചത്. അതിന്റെ റെക്കോർഡിംഗിന് വേണ്ടി ഞാൻ ആദ്യം പോയപ്പോൾ ഒരു ഹെയർ സ്റ്റൈലായിരുന്നു പിന്നിട് പോയപ്പോൾ മറ്റൊരു സ്റ്റൈൽ. അന്ന് സാർ പറഞ്ഞു 'എന്താണിത് പല പല ഹെയർസ്റ്റൈലാണല്ലോ ..റെക്കോർഡിംഗിന് വരുമ്പോൾ മുടിയെല്ലാം പിന്നിയിട്ട് അച്ചടക്കത്തിൽ വരണം " അതാണ് എനിക്ക് ആദ്യമായി കിട്ടിയ ഉപദേശം. ആദ്യ സമയത്തെല്ലാം ഞാനത് പാലിക്കാറുണ്ടായിരുന്നു. ഇപ്പോൾ കുറേകൂടി ലിബറലായല്ലോ അതിന്റെതായ മാറ്റങ്ങളുണ്ട്. അർജ്ജുനൻ മാഷ്,എം .ജി .രാധാകൃഷ്ണൻ സാർ ,രവീന്ദ്രൻ മാഷ് ,എസ്.പി . വെങ്കിടേഷ് സാർ,എസ് ബാലകൃഷ്ണൻ സാർ ഇത്രയും ലെജന്റായവരുടെ സംഗീതത്തിൽ എനിക്ക് പാടാൻ കഴിഞ്ഞിട്ടുണ്ടെന്നത് തന്നെ മഹാ ഭാഗ്യമാണ്. ഞാൻ ഒരുപാട് നല്ല സംഗീത സംവിധായകരുടെ മികച്ച വർക്കുകളിൽ ഭാഗമായിട്ടുണ്ട്. മറ്റുള്ളവരുടെ അവസരങ്ങളിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. എന്നെ വിളിച്ചില്ലല്ലോ.. എനിക്കത് കിട്ടിയില്ലല്ലോ എന്നൊന്നും ചിന്തിക്കില്ല. ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഞാൻ ചെയ്യേണ്ടത് എന്റെ അടുത്ത് തന്നെ എത്തുമെന്നാണ് വിശ്വാസം.
ഷോപ്പിംഗും ഡ്രൈവിംഗും
ഡിപ്രഷൻ വരുമ്പോൾ ഞാൻ കോമഡി സിനിമകൾ കാണും. എന്നിട്ട് ഇരുന്ന് ചിരിക്കും. ഹ്യൂമർ പറയാൻ ഇഷ്ടപ്പെടുന്ന, ഹ്യൂമർ സിനിമകൾ ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. കിലുക്കാംപെട്ടി പോലെ സംസാരിക്കും, പക്ഷേ പലരും പറയും മഞ്ജരി അധികം സംസാരിക്കില്ലെന്ന്. എന്റെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അതറിയുകയുള്ളു. ഡിപ്രഷൻ വരുമ്പോൾ ഞാൻ ഷോപ്പിംഗിന് പോവാറുണ്ട്, സിനിമ കാണാറുണ്ട്. ഷോപ്പിംഗ് താത്കാലിക ആശ്വാസമാണ്. അതുപോലെ മഴയുടെ ചില ഗാനങ്ങൾ കേൾക്കും അതുപോലെ ഡാൻസ് ചെയ്യും . സലിം കുമാറിന്റെയും ഇന്നസെന്റ് അങ്കിളിന്റയുമൊക്കെ മുഖം സ്ക്രീനിൽ കാണുന്നത് തന്നെ ഒരു സന്തോഷമാണ്. ഡ്രൈവ് ചെയ്യാനും വലിയ ഇഷ്ടമാണ്. എത്ര ദൂരം വേണമെങ്കിലും തനിയെ ഡ്രൈവ് ചെയ്ത് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |