നമ്മുടെ പണി കളയുമോ റോബോ...?
ബ്രിട്ടനിലെ പ്രശസ്തമായ ദി ഗാർഡിയൻ ദിനപത്രത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി )എഴുതിയ ലേഖനമാണ് കഴിഞ്ഞയാഴ്ചയിലെ പ്രധാന ചർച്ചാവിഷയം. 'എ റോബോട്ട് റോട്ട് ദിസ് എന്റയർ ആർട്ടിക്കിൾ. ആർ യു സ്‌കെയേർഡ് യെറ്റ് , ഹ്യൂമൻ ?' എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയൽ പേജിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചത്.
‘എന്നെ നിങ്ങൾ പേടിക്കേണ്ടതില്ല, മനുഷ്യരാശിയെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യമേ എനിക്കില്ല എന്നും ലേഖനത്തിൽ പറയുന്നുണ്ട്. ജി.പി.ടി 3 (ജെനെറേറ്റീവ് പ്രീ -ട്രെയിൻഡ് ട്രാൻസ്‌ഫോർമർ 3) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതമാണ് ഈ ലേഖനം എഴുതിയത്. ഓപ്പൺ എ.ഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയാണ് ജി.പി.ടി - 3 എന്ന എ.ഐ അൽഗോരിതത്തെ വികസിപ്പിച്ചെടുത്തത്.
റാഫേൽ കരുത്തിൽ ഇന്ത്യ
ഇന്ത്യൻ പ്രതിരോധത്തിന്റെ കരുത്ത് കൂട്ടി അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്നലെ വ്യോമസേനയുടെ ഭാഗമായി. വ്യാഴാഴ്ച നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനങ്ങൾ വ്യോമസേനയ്ക്കു കൈമാറി. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയുടെ സാന്നിദ്ധ്യത്തിൽ ഇവ സ്‌ക്വാഡ്രൺ 17 സുവർണ ശരങ്ങളുടെ (ഗോൾഡൻ ആരോസ്) ഭാഗമായി. ഹിന്ദു, മുസ്ളീം, സിക്ക്, ക്രിസ്‌ത്യൻ പുരോഹിതൻമാരുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. വിമാനങ്ങളെ ജലപീരങ്കി അഭിവാദ്യം നൽകി 'കുളിപ്പിച്ച് ശുദ്ധിയാക്കി'. ഇന്ത്യ ഫ്രാൻസിൽനിന്നു വാങ്ങുന്ന 36 റഫാൽ വിമാനത്തിലെ ആദ്യ അഞ്ചെണ്ണം ജൂലായ് 29-നാണ് അംബാലയിലെത്തിയത്. അതിർത്തിയിലെ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ റഫാലിന്റെ സ്ഥാനാരോഹണം വളരെ സുപ്രധാനമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിൽ കണ്ണുവയ്‌ക്കുന്നവർക്കുള്ള ശക്തവും ഉറച്ചതുമായ സന്ദേശമാണെന്നും ചൈനയ്ക്കു മുന്നറിയിപ്പുനൽകി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ലഹരിയിൽ കുരുങ്ങി
റിയയും സഞ്ജനയും
വ്യത്യസ്ത മയക്കുമരുന്ന് കേസുകളിലായി ഹിന്ദി,കന്നട നടിമാരായ റിയ ചക്രവർത്തിയും സഞ്ജന ഗൽറാണിയും ഒരു ദിവസം അറസ്റ്റിലായതാണ് കഴിഞ്ഞയാഴ്ചയിലെ മറ്റൊരു പ്രധാന സംഭവം. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ മുംബെയിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. കന്നഡ സിനിമാ മേഖലയിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് നടി സഞ്ജന ഗൽറാണിയെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. മലയാള സിനിമയിൽ പ്രശസ്തയായ നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന. കാസനോവ, കിംഗ് ആൻഡ് കമ്മിഷണർ എന്നീ മലയാള സിനിമകളിൽ സഞ്ജന അഭിനയിച്ചിട്ടുണ്ട്.
ഖഷോഗി വധം:
ശിക്ഷ വിധിച്ച് സൗദി
മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധക്കേസിൽ ശിക്ഷ വിധിച്ച് സൗദി അറേബ്യ. പ്രതികളായ എട്ടുപേരിൽ അഞ്ചുപേർക്ക് 20 വർഷം തടവും ഒരാൾക്ക് 10 വർഷം തടവും രണ്ടു പേർക്ക് ഏഴു വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ, ശിക്ഷിക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൗദി കോടതിയുടെ വിധി ന്യായവും കുറ്റകൃത്യങ്ങൾക്കുള്ള പ്രതിരോധവുമാണെന്ന് ഖഷോഗിയുടെ കുടുംബ അഭിഭാഷകൻ പറഞ്ഞു. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസിൽ അഞ്ച് പ്രതികൾക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഖഷോഗിയുടെ മകൻ കഴിഞ്ഞ മേയിൽ പ്രതികൾക്ക് മാപ്പ് നൽകി. ഇതോടെയാണ് ഇവർ വധശിക്ഷയിൽ നിന്ന് ഒഴിവായത്. പകരം 20 വർഷം തടവ് ശിക്ഷ അനുഭവിക്കണം.
വാക്‌സിൻ
പരീക്ഷണം നിറുത്തി
ബ്രിട്ടനിലെ ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിറുത്തിവച്ചു. ലണ്ടനിൽ ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷിച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടതോടെ വാക്‌സിൻ വികസനത്തിൽ പങ്കാളിയായ ഔഷധ കമ്പനി ആസ്ട്ര സെനെക ലോകവ്യാപകമായി ക്ലിനിക്കൽ പരീക്ഷണവും നിറുത്തി വച്ചിരുന്നു. എന്നിട്ടും ഇന്ത്യയിൽ ഇതേ വാക്സിന്റെ പരീക്ഷണം നിറുത്താത്തതിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറൽ നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങൾ താത്കാലികമായി നിറുത്തിയതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |