തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്‌ത മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായി തെരുവിൽ മുറവിളി ശക്തമായത്, ഇടതുമുന്നണിയെയും സർക്കാരിനെയും വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. മന്ത്രിക്ക് പിന്തുണയുമായി സി.പി.എം എത്തിയെങ്കിലും, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷം ആക്രമണത്തിന് മറുപടി പറയുക മുന്നണിക്കും സി.പി.എമ്മിനും വെല്ലുവിളിയാകും.
കോൺഗ്രസ്, ബി.ജെ.പി നീക്കങ്ങൾ രാഷ്ട്രീയപ്രേരിതം എന്നാരോപിച്ച സി.പി.എം സെക്രട്ടേറിയറ്റ്, മന്ത്രിയുടെ രാജി ആവശ്യം തള്ളിയിട്ടുണ്ട്.
സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ വിവാദങ്ങൾ മുന്നണിയെ അസ്വസ്ഥമാക്കുന്നു. സ്വർണ്ണക്കടത്ത് കേസും വിവാദങ്ങളും മറികടക്കാൻ വികസനപദ്ധതികൾ അവതരിപ്പിച്ച സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ജലീലിന്റെ ചോദ്യം ചെയ്യൽ എന്ന വികാരം ഘടകകക്ഷികൾക്കുമുണ്ട്. വിവാദങ്ങളിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾ അസ്വസ്ഥരാണെങ്കിലും പരസ്യമായി പ്രതിഷേധിക്കുന്നില്ല.
സ്വർണ്ണക്കടത്ത് വിവാദം ഉയർന്നപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളിൽ വിശ്വാസമർപ്പിച്ച സി.പി.എം നേതൃത്വം, ജലീലിനെതിരായ നീക്കം കൂടിയായതോടെ ആ ഏജൻസികളെയും സംശയിക്കുന്നു. എൻഫോഴ്സ്‌മെന്റിനെയും കസ്റ്റംസിനെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതായി സി.പി.എം ഇന്നലെ ആക്ഷേപം ഉന്നയിച്ചു. ബി.ജെ.പി അനുകൂല ചാനലിന്റെ കോഓർഡിനേറ്റിംഗ് എഡിറ്ററെ ചോദ്യം ചെയ്തശേഷം തുടർ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളുമെല്ലാം അതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
രാജസ്ഥാൻ മന്ത്രിയെയും പി. ചിദംബരത്തെയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയെയും ഇ.ഡി ചോദ്യം ചെയ്തതും പ്രതിരോധത്തിന് സി. പി. എം എടുത്തു പ്രയോഗിച്ചു. അന്നെല്ലാം എൻഫോഴ്സ്‌മെന്റിനെ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമെന്ന് അധിക്ഷേപിച്ച കോൺഗ്രസ് ഇപ്പോൾ ഇവിടെ ബി.ജെ.പിയുടെ ബി ടീമാവുകയാണെന്ന് സി. പി. എം ആക്ഷേപിച്ചു. നയതന്ത്ര ബാഗേജുകൾ അയച്ചവരെയോ കൈപ്പറ്റിയവരെയോ ചോദ്യം ചെയ്യാൻ മൂന്ന് കേന്ദ്ര ഏജൻസികളും തയാറാകാത്തതും ദുരൂഹമാണെന്ന് സി.പി.എം ആരോപിക്കുന്നു.
സ്വർണ്ണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുത്തപ്പോൾ പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിൽ ഏജൻസിയെ ബി.ജെ.പി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാമെന്ന ആശങ്ക സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകടിപ്പിച്ചിരുന്നു.
ആരോപണപ്പെരുമഴ
ഇടതുമന്ത്രിസഭയിൽ ഏറ്റവുമധികം ആരോപണ വിധേയനായ മന്ത്രിയാണ് ജലീൽ. ഇപ്പോൾ എൻഫോഴ്സ്‌മെന്റ് ആദ്യമായി ചോദ്യം ചെയ്യുന്ന കേരള മന്ത്രിയെന്ന പഴിയും.
ന്യൂനപക്ഷ കോർപ്പറേഷനിലെ ബന്ധുനിയമനം, സാങ്കേതിക സർവകലാശാലയിലെ മാർക്ക്ദാനം, മലയാളം സർവ്വകലാശാലാ ഭൂമിയേറ്റെടുക്കൽ വിഷയങ്ങളിലെല്ലാം ജലീലിനെ പ്രതിപക്ഷം ആക്രമിച്ചിരുന്നു. അതെല്ലാം അതിജീവിച്ച ജലീലിന്, അതിലും വലിയ കുരുക്കാവുകയാണ് വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നയതന്ത്ര ബാഗേജിൽ എത്തിച്ച ഭക്ഷണകിറ്റുകളും മതഗ്രന്ഥങ്ങളും സ്വീകരിച്ചതിന്റെ വിവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |