SignIn
Kerala Kaumudi Online
Friday, 07 May 2021 1.41 PM IST

വിപ്ലവം അത്താഴവിരുന്നല്ല

dronar

വിപ്ലവം അത്താഴ വിരുന്നല്ലെന്ന് ചെയർമാൻ മാവോ പറഞ്ഞിട്ടുള്ളത് പ്രാക്കുളം കാസ്ട്രോ എന്ന പേരിലറിയപ്പെടുന്ന ബേബി സഖാവിനറിയാത്തതല്ല. വിപ്ലവം ഒരു ഉപന്യാസമെഴുത്തോ ചിത്രരചനയോ അല്ല. പട്ടുതൂവാലയിൽ ചിത്രത്തുന്നലുകൾ നടത്തുന്നത് പോലെയല്ല വിപ്ലവം. മഹാമനസ്കമായ ഒരു പ്രവർത്തിയല്ല അത്. മര്യാദയോ ദയയോ പ്രതീക്ഷിക്കാവുന്ന ഒന്നുമല്ല വിപ്ലവം. അത് ഒരു വർഗം മറ്റൊരു വർഗത്തെ അക്രമത്തിന്റെ മാർഗത്തിലൂടെ കീഴ് പ്പെടുത്തുന്ന പ്രക്രിയയാണ്.

ഒരുപക്ഷേ, ചെയർമാൻ മാവോ പറഞ്ഞില്ലെങ്കിൽ പോലും പ്രാക്കുളം കാസ്ട്രോ ബേബി സഖാവ് മേല്പറഞ്ഞ തത്വങ്ങൾ അറിയുമായിരുന്നു. അതും അതിനപ്പുറവും അറിയാവുന്നയാളാണ് സഖാവ്.

ലിറ്റിൽ റെഡ് ബുക്കിലേക്ക് മാവോ സൂക്തങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചീഫ് കൺസൾട്ടന്റായി വച്ചിരുന്നത് പോലും ബേബി സഖാവിനെയായിരുന്നു. ചെയർമാൻ മാവോയും ബേബി സഖാവും നേരിട്ട് നടത്തിയ സംവാദങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന സൂക്തങ്ങൾ പിൽക്കാലത്ത് മാവോയുടേതായി ചൈന മാറ്റിയെടുക്കുകയായിരുന്നു. അല്ലെങ്കിലും ചൈന എപ്പോഴും അങ്ങനെയാണല്ലോ.

പക്ഷേ എപ്പോഴും പറയാൻ പറ്റുന്ന ഒന്നല്ല വിപ്ലവം എന്ന് ബേബി സഖാവിന് ബോദ്ധ്യം വന്നത് പിണറായി സഖാവുമായുള്ള ചങ്ങാത്തത്തിന് ശേഷമായിരുന്നു. മാവോ അക്കാര്യം അറിഞ്ഞോയെന്ന് നിശ്ചയമില്ല. എങ്കിലും പിണറായി സഖാവിന് മുന്നിൽ ചെയർമാൻ മാവോ പോലും പഞ്ചപുച്ഛമടക്കി നിന്നിട്ടേയുള്ളൂ എന്ന് അറിയപ്പെടുന്നചില മാർക്സിസ്റ്റ് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ ബേബി സഖാവിന്റെ ബോദ്ധ്യം ഒന്നൊന്നര ബോദ്ധ്യമായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ രണ്ട് കറകളഞ്ഞ മാവോയിസ്റ്റുകളെ കൈയോടെ പിടികൂടിയത് പിണറായി സഖാവിന്റെ സ്വന്തം ബെഹറപ്പൊലീസായിരുന്നു. അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കാൽ ഞരമ്പിൽ നിന്ന് കുത്തിയെടുത്ത ഒരിറ്റ് രക്തത്തിലെ ചുവപ്പ് നിറത്തിലുണ്ടായ പ്രകടമായ വ്യത്യാസം കണ്ട മാത്രയിലേ ബെഹറപ്പൊലീസ് ആ നഗ്നസത്യം തിരിച്ചറിഞ്ഞുവെന്നാണ് വിവരം. യു.എ.പി.എ എങ്കിൽ യു.എ.പി.എ എന്ന് ബെഹറപ്പൊലീസ് തീരുമാനിച്ചു.

പിണറായി സഖാവിന്റെ ബെഹറപ്പൊലീസായിരിക്കില്ല എന്ന് കരുതി യു.എ.പി.എ പാടില്ല എന്നൊക്കെ മാവോസൂക്തം ഉരുവിടുമ്പോലെ ബേബി സഖാവ് പറഞ്ഞുപോയിരുന്നു. അലൻ ഷുഹൈബും താഹ ഫസലും ഏതോ ആട്ടിൻകുട്ടികളാണെന്ന് ധരിച്ചുപോയത് കൊണ്ട് കൂടിയായിരുന്നു ആ പറച്ചിൽ. തെറ്റിദ്ധാരണ ഏത് കാസ്ട്രോയിലും സംഭവിക്കാമെന്നുള്ളത് കൊണ്ടാണ്, അത്തരമൊരു തെറ്റിദ്ധാരണ മാറ്റിയെടുക്കാനായി അവർ ആട്ടിൻകുട്ടികളല്ല എന്ന് ഔദ്യോഗികമായി തന്നെ പിണറായി സഖാവ് പ്രഖ്യാപിച്ചത്. ബേബി സഖാവ് തിരിച്ചറിയുന്നെങ്കിൽ തിരിച്ചറിയട്ടെ.

വാ വിട്ട നാക്ക് തിരിച്ചെടുക്കുക പ്രയാസമാണ്. ഇനി പക്ഷേ ആ നാക്കിനെ നാലയലത്ത് അടുപ്പിക്കാതിരിക്കാം. ആ വഴിക്ക് ചിന്തിച്ചാണ് ബേബി സഖാവ് പിന്നീടിങ്ങോട്ട് യു.എ.പി.എ എന്ന് മിണ്ടാതിരിക്കാൻ നല്ലപോലെ ശ്രദ്ധിച്ചത്. പക്ഷേ, എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം കൊടുക്കുകയും അവർ കുഞ്ഞാടുകളാണെന്ന് സാക്ഷ്യപ്പെടുത്തുകയുമുണ്ടായി. പിണറായി സഖാവാണെങ്കിൽ ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുകയുമാണ്. നേരവും കാലവും വന്നുചേർന്നു എന്ന് തിരിച്ചറിഞ്ഞ മാത്രയിലാണ് ബേബി സഖാവ്, വീണ്ടും ചില വിപ്ലവസൂക്തങ്ങൾ പറഞ്ഞ് തുടങ്ങിയത്. യു.എ.പി.എ ചുമത്തുന്നത് കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ രീതിയല്ലെന്ന് അദ്ദേഹം തീർത്ത് പറയുകയുണ്ടായി. അലനും താഹയ്ക്കും ജാമ്യം കിട്ടിയതിൽ അദ്ദേഹം അതിരറ്റ് സന്തോഷിക്കുകയും ചെയ്യുന്നു.

സ്വർണം കടത്തലോ പുസ്തകം കടത്തലോ റിയൽ എസ്റ്റേറ്റ് ബ്രോക്കറാവുകയോ എന്ത് വേണമെങ്കിലുമായ്ക്കോട്ടെ, ദയവ് ചെയ്ത് മക്കളെ മോദിപ്പൊലീസിന് പിടിച്ച് കൊടുക്കല്ലേ എന്ന് ചില അശരീരികൾ പല കോണുകളിൽ നിന്നുയരുന്നുണ്ട്.

................................................

- മഹാനായ തത്വചിന്തകനാണ് ജലീൽ സായ്‌വ്. തത്വചിന്തയിൽ വേണ്ടിവന്നാൽ പിണറായി സഖാവിന്റെ ഉപദേഷ്ടാവാകാനും അദ്ദേഹം തയാറായിരുന്നു. പിണറായി സഖാവിന് ഉപദേഷ്ടാക്കളുടെ എണ്ണം പത്ത് തികഞ്ഞതിനാലും ജലീൽ സായ്‌വ് മന്ത്രിയായതിനാലും, തത്വചിന്ത എന്ന വകുപ്പ് സർക്കാർ സംവിധാനത്തിൽ ഇല്ലാത്തതിനാലും മാത്രമാണ് ജലീൽ സായ്‌വിന് ഉപദേശി പട്ടം തലനാരിഴയ്ക്ക് മാറിപ്പോയത്.

അതുകൊണ്ട് ഉപദേശം കൊടുക്കുന്നില്ല എന്നർത്ഥമാക്കേണ്ടതില്ല. പിണറായി സഖാവ് എപ്പോൾ ഉപദേശം ചോദിച്ചാലും കൈയിൽ റെഡിറെഡിയായി ഉപദേശമിരിപ്പുണ്ട്. പണ്ട് ശംഖുമുഖം കടപ്പുറത്ത് വി.എസ് സഖാവിന്റെ വരവിൽ ആളുകൾ കൈയടിക്കുന്നത് കണ്ടപ്പോൾ പിണറായി സഖാവ് ഒരു കഥ പറഞ്ഞത് ജലീൽ സായ്‌വ് ഉപദേശിച്ചതനുസരിച്ചാണെന്ന് പറയപ്പെടുന്നുണ്ട്.

കടലിലെ തിരയുടെ ശക്തി കണ്ടുനിന്ന കുട്ടി ആ വെള്ളം കോരി ബക്കറ്റിലാക്കിയെന്നും ബക്കറ്റിലെ വെള്ളത്തിൽ തിര കാണാതെ കുട്ടി സങ്കടപ്പെട്ടുവെന്നുമാണ് പിണറായി സഖാവ് പറഞ്ഞ കഥ. സങ്കടപ്പെട്ട് നിന്ന കുട്ടിയോട് വെള്ളം പറഞ്ഞുവത്രെ, കടലിന്റെ മാർത്തട്ടിനോട് ചേർന്ന് നിൽക്കുമ്പോഴേ തനിക്ക് ശക്തി വരൂ എന്ന്. അതായത്, വി.എസ് സഖാവ് ഈ പാർട്ടിയിൽ നിൽക്കുന്നത് കൊണ്ടാണ് ആളുകൾ കൈയടിക്കുന്നത് എന്ന്. ഇത്തരം ബക്കറ്റ് കഥകൾ ജലീൽ സായ്‌വിന്റെ കൈയിൽ ഇനിയുമിരിപ്പുണ്ട് അനേകമെന്ന് പിണറായി സഖാവിനറിയാം.

ആ ജലീൽ സായ്‌വിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതായി ആളുകൾ പറയുന്നത്. അദ്ദേഹത്തിൽ നിന്ന് ചില കഥകൾ കേട്ട് മനസ്സിലാക്കാൻ അവർ ശ്രമിച്ചത് മാത്രമാണ്. അതിനെ ചോദ്യം ചെയ്യൽ എന്നൊക്കെ പറയുന്നത് ആ മഹത്വം തിരിച്ചറിയാത്തതിനാലാണ്. അത് തിരിച്ചറിയാനുള്ള സെൻസുണ്ടാവണം, സെൻസിബിലിറ്റിയുണ്ടാവണം. ഇനിയുമെത്രയെത്ര കഥകൾ പറയാനുള്ള ദേഹവും മനസ്സുമാണത്. അതുകൊണ്ട് ജലീൽ സായ്‌വിനെ വെറുതെ ക്രൂശിക്കരുത്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISHESHAM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.