തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ വഴിവിട്ട പല ഇടപാടുകളിലും മുഖ്യമന്ത്രി പിണറായിവിജയനും പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജനെതിരെ ആരോപണമുണ്ടായപ്പോൾ രാജിവയ്പിച്ചയാളാണ് പിണറായി. ജയരാജന് നൽകാത്ത സംരക്ഷണം എന്തിനാണ് ജലീലിന് നൽകുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
അടിയന്തരമായി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.
ഇ.ഡി എന്തൊക്കെ ചോദിച്ചറിഞ്ഞെന്ന് ജലീൽ തന്നെയാണ് വ്യക്തമാക്കേണ്ടത്. സത്യം അന്തിമമായി വിജയിക്കും എന്നു ജലീൽ നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്.
പ്രളയാനന്തരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദർശനത്തിനുശേഷം പല സന്നദ്ധ സംഘടനകൾക്കും ശതകോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഇതിൽ ജലീലിന്റെ പങ്ക് അന്വേഷണ പരിധിയിലുണ്ട്. അതുകൊണ്ടാണ് ഒന്നും തുറന്നു പറയാൻ ജലീൽ തയ്യാറാകാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |