തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസായ നീറ്റ് പരീക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ്. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 115956 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
പരീക്ഷാ ഹാളുകൾ ഫയർഫോഴ്സ് കഴിഞ്ഞ ദിവസം അണുവിമുക്തമാക്കി. ശരീര താപനില പരിശോധിച്ച ശേഷമാകും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക. രോഗലക്ഷണങ്ങളുള്ളവർക്കായി പ്രത്യേകം ക്ലാസ് മുറികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾ രാവിലെ 11 ന് പരീക്ഷാകേന്ദ്രത്തിലെത്തണം. ഹാൾ ടിക്കറ്റ്, ഫോട്ടോ പതിച്ച ഐ.ഡി കാർഡ്, കൊവിഡ് നെഗറ്റീവാണെന്നുള്ള സ്വയം സാക്ഷ്യപത്രം, സുതാര്യമായ വെള്ളക്കുപ്പി, സാനിറ്റൈസർ എന്നിവ മാത്രമാണ് ഹാളിൽ അനുവദിക്കുക. വിദ്യാർത്ഥികൾ ഡ്രസ് കോഡ് പാലിക്കണം. മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമായി ധരിക്കണം. ഇന്ന് പരീക്ഷയ്ക്കെത്താത്തവർക്ക് വീണ്ടും അവസരം ലഭിക്കില്ല.ചില പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ വിദ്യാർത്ഥികളെ നേരത്തേ അറിയിച്ചിട്ടുണ്ട്.പരീക്ഷ കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ ഓരോ പത്ത് മിനിട്ട് ഇടവേളയിലും സർവീസ് നടത്തും. രാവിലെ എട്ട് മുതൽ സർവീസ് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |