ന്യൂഡൽഹി: ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർവെള്ളാപ്പള്ളി ആവശ്യപെട്ടതിനെ തുടർന്ന് കൊച്ചി ആസ്ഥാനമായ സ്‌പൈസസ് ബോർഡിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സുഭാഷ് വാസുവിനെ കേന്ദ്രസർക്കാർ നീക്കം ചെയ്‌തു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.മോദി സർക്കാരിൽ ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളിലൊന്നാണിത്. 2018 ജൂലായിലാണ് സുഭാഷ് വാസു നിയമിതനായത്.
ബി.ഡി.ജെ.എസ് ആവശ്യപ്പെട്ട ചില പദവികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയുന്നു.സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തിനുപുറമെ ഐ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗത്വം, റബർബോർഡ് അംഗത്വം എന്നിവയാണ് ബി.ഡി.ജെ.എസിന് നൽകിയിരുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ തുഷാറിന്റെ ആവശ്യം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് സുഭാഷ് വാസുവിനെ നീക്കിയത്.
എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റായിരുന്ന സുഭാഷ് വാസുവിനെ മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ ഉൾപ്പെട്ടതോടെ യോഗത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ബി.ഡി.ജെ.എസും പുറത്താക്കി. തുടർന്നാണ് കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ പദവിയിൽ നിന്ന് നീക്കാൻ തുഷാർ വെള്ളാപ്പള്ളി കത്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |