അനുഭവങ്ങളാണ് നമ്മളെ ശക്തരാക്കുന്നത്.ഞാൻ എല്ലാസാഹചര്യങ്ങളിൽ നിന്നും പോസിറ്റീവായിപുറത്തു വന്നുകഴിഞ്ഞു മലയാളത്തിന്റെ എവർഗ്രീൻനായിക ശാന്തികൃഷ്ണയുടെ വിശേഷങ്ങൾ
മലയാളത്തിന്റെ എവർഗ്രീൻ ശാലീന സുന്ദരിയാണ് മുന്നിലിരിക്കുന്നത്. സെറ്റും മുണ്ടും ചന്ദനക്കുറിയും മെടഞ്ഞിട്ട മുടിയുമായി തിളങ്ങിനിന്ന നായികയിൽ നിന്ന് ന്യൂജനറേഷൻ അമ്മയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെന്ന് മാത്രം. ഐശ്വര്യം തുളുമ്പുന്ന മുഖത്തിനും അഭിനയ സിദ്ധിക്കും ശോഭ കൂടിയിട്ടേയുള്ളൂ. മൂന്നാം വരവിലും മലയാള സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ച ശാന്തികൃഷ്‌ണയുടെ വിശേഷങ്ങൾ... സിനിമയിലേക്കുള്ള മൂന്നാം വരവിലും തിരക്കിലാണല്ലോ? ഇത്രയും വർഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവിൽ നല്ല കഥാപാത്രങ്ങൾ കിട്ടിയതിൽ സന്തോഷമുണ്ട്. കുട്ടനാടൻ മാർപാപ്പയ്‌ക്ക് ശേഷം ചാക്കോച്ചനോടൊപ്പം മാംഗല്യം തന്തുനാനേനയിൽ അഭിനയിച്ചു. അമ്മയും മകനുമായുള്ള ഞങ്ങളുടെ കോമ്പിനേഷൻ ആളുകൾക്ക് ഇഷ്‌ടമാകുന്നുണ്ട്.
ശാന്തികൃഷ്ണയുടെ കോമഡി വേഷംപ്രേക്ഷകർക്ക് അദ്ഭുതമായിരുന്നോ?
കുട്ടനാടൻ മാർപാപ്പ കണ്ട് ഒരുപാട് പേർ നന്നായെന്ന് പറഞ്ഞു. മേരി എന്ന വേഷം ചെയ്യാൻ സംവിധായകൻ ശ്രീജിത്ത് വിജയൻ വിളിച്ചപ്പോൾ, ഈ സിനിമയിലേക്ക് എന്നെ തന്നെയാണോ നിങ്ങൾ ഉദ്ദേശിച്ചതെന്നു ഞാൻ ചോദിച്ചു. തിരിച്ചുവരവിൽ എന്റെ ഇന്റർവ്യൂകളൊക്കെ കണ്ടപ്പോൾ വളരെ ഊർജ്വസ്വലയായ ആളാണെന്ന് അവർക്ക് തോന്നിയത്രെ. അതു തന്നെയായിരുന്നു മേരിക്ക് വേണ്ടതും. അവരുടെ ആ വിശ്വാസത്തിലാണ് കോമഡി ചെയ്യാൻ തീരുമാനിച്ചത്. ആദ്യമൊക്കെ കുറച്ച് ടെൻഷൻ തോന്നിയെങ്കിലും സലിം കുമാറും ധർമ്മജനുമൊക്കെ യുള്ള രസകരമായ ഒരു സെറ്റായിരുന്നതുകൊണ്ട് നന്നായി ചെയ്യാൻ കഴിഞ്ഞു.
ദുഃഖപുത്രി ഇമേജുണ്ടായിരുന്ന ശാന്തികൃഷ്ണയുടെ ഈ ബോൾഡ്നെസ് കണ്ട് ഞെട്ടിയവരുണ്ടോ?
എന്റെ വ്യക്തിത്വത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. അനുഭവങ്ങളിലൂടെയാണ് നമ്മൾ ശക്തരാകുന്നത്. ഞാൻ എല്ലാ സാഹചര്യങ്ങളിൽ നിന്നും പോസിറ്റീവായി പുറത്തുവന്നു കഴിഞ്ഞു. അതുകൊണ്ടാകാം ബോൾഡായി തോന്നുന്നത്. ആ ഇമേജിൽ ഹാപ്പിയാണ്. സിനിമയിൽ വന്ന കാലത്ത് ഒട്ടും മലയാളം അറിയില്ലായിരുന്നു. ഹിന്ദിയും തമിഴും ഇംഗ്ളീഷും മാത്രമേ സംസാരിക്കാനറിയൂ. അതുകൊണ്ട് സെറ്റിൽ അധികം വർത്തമാനമില്ല. ഷോട്ട് കഴിഞ്ഞാൽ ഒരു ഭാഗത്ത് പോയിരുന്ന് പുസ്‌തകം വായിക്കും. അന്ന് ഫോണും ഐപാഡുമൊന്നുമില്ലല്ലോ. എന്തൊരു ഗമയാണെന്ന് ആളുകൾ പറഞ്ഞിട്ടുണ്ട്. പക്ഷേ, വീട്ടിലൊക്കെ നന്നായി സംസാരിക്കുമായിരുന്നു. ഇപ്പോൾ മലയാളം ശീലമായതിന് ശേഷം സെറ്റിലും നന്നായി സംസാരിക്കാൻ തുടങ്ങി.
മടങ്ങിവരവിൽ ഇത്രയും നല്ല സ്വീകരണം പ്രതീക്ഷിച്ചിരുന്നോ?
ഇല്ല. ഒന്നാമത് ജീവിതത്തെ കുറിച്ച് അങ്ങനെ പ്രതീക്ഷകളൊന്നുമില്ല. ഞണ്ടുകളുടെ നാട്ടിലേക്ക് അവസരം വന്നപ്പോൾ അദ്ഭുതമായിരുന്നു.സിനിമയിലേക്ക് തിരിച്ചുവരുമെ ന്ന് ഒരിക്കലും വിചാരിച്ചതല്ല. ഷീല ചാക്കോ എന്ന വളരെ ശക്തമായ കഥാപാത്രം കിട്ടിയത് തന്നെ ഭാഗ്യമാണ്. ആ സിനിമ അത്രയും നല്ലതായതുകൊണ്ട് പ്രേക്ഷകരും സ്വീകരിച്ചു. പിന്നെയും സിനിമകൾ തേടിവരുന്നു. സിനിമയിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കുകയാണോ? അങ്ങനെ പറയാൻ പറ്റില്ല. ഒരു മോശം സമയത്ത് സിനിമ എന്നെ കൈപിടിച്ച് കയറ്റിയതാണ്. അതുകൊണ്ട് തന്നെ സിനിമാലോകത്തോട് നന്ദിയുണ്ട്. അവർ തരുന്ന സ്‌നേഹവും ബഹുമാനവും അനുഭവിക്കുമ്പോൾ ആ ബന്ധം ഇതുവരെ വിട്ടുപോയിട്ടില്ലെന്ന് മനസിലാകുന്നുണ്ട്.
മൂന്നാം വരവിലും ലുക്കിൽ ഒരു മാറ്റവുമില്ലല്ലോ?
എല്ലാവരുടെയും സ്‌നേഹത്തിന്റെ ശക്തികൊണ്ടാകാം( ചിരിക്കുന്നു). ആ പോസിറ്റീവ് എനർജി എന്നെ സ്വാധീനിക്കുന്നുണ്ടാവാം. കുറേയൊക്കെ എന്റെ അച്ഛന്റെയും അമ്മയുടെയും ജീനുകളുടെ പ്രത്യേകതയുമാകാം. പ്രായമെന്നത് ഒരു നമ്പർ മാത്രമാണെന്നാണ് വിശ്വാസം. പിന്നെ എന്റെ മക്കൾ പുതിയ കാലത്തെ കുട്ടികളാണ്. അവർക്കൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ ന്യൂജനറേഷൻ അമ്മയായേ പറ്റൂ.
നടിമാരിലെ മമ്മൂട്ടിയെന്ന് പറയുന്നവരുണ്ട് ?
അയ്യോ മമ്മൂക്കയുമായൊന്നും താരതമ്യപ്പെടുത്താനേ പറ്റില്ല. അദ്ദേഹം എവർഗ്രീനാണ്. പക്ഷേ, ആ കമന്റ് വലിയൊരു അഭിനന്ദനമാണ്. സിനിമയിലെ വിവാദങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഞാൻ മനഃപൂർവം ഒരു വിവാദങ്ങളിലേക്കും പോകാറില്ല. ചില സാഹചര്യങ്ങളിൽ ആരെയെങ്കിലും സഹായിക്കേണ്ടി വന്നാൽ സഹായിക്കും.
ജീവിതാനുഭവങ്ങളിൽ നിന്ന് മക്കൾക്ക് നൽകുന്ന ഉപദേശമെന്താണ്?
സ്വന്തം വ്യക്തിത്വം നഷ്‌ടപ്പെടുത്താതിരിക്കുക. പരസ്‌പരം ബഹുമാനിക്കുക. വിവാഹം കഴിഞ്ഞാൽ ഭാര്യയെ ബഹുമാനിക്കണമെന്ന് മോനോട് പ്രത്യേകം പറയാറുണ്ട്. സ്‌ത്രീയും പുരുഷനും ജീവിത പങ്കാളിയെ ബഹുമാനിക്കണം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |