60 പിന്നിട്ടവർ പുറത്തിറങ്ങരുതെന്ന നിർദ്ദേശം പകർച്ചവ്യാധിക്കാലത്ത് നിഷ്കർഷയോടുകൂടി പാലിക്കാൻ ബാദ്ധ്യതപ്പെട്ടവരാണ് വയോജനങ്ങൾ. ജീവിതശൈലീരോഗങ്ങൾ, മറ്റ് അസുഖങ്ങൾ എന്നിവയിൽ പ്രയാസമനുഭവിക്കുകയും മരുന്നും ചികിത്സയുമായി കഴിഞ്ഞുകൂടുകയും ചെയ്യുന്നവരാണ് വൃദ്ധജനങ്ങൾ. പെൻഷൻ പറ്റിയവർ, ഇന്നും ജോലി ചെയ്യുന്നവർ, വിശ്രമജീവിതം നയിക്കുന്നവർ, ഗാർഹിക ജോലികൾ നിർവഹിക്കുന്നവർ തുടങ്ങി വയോജനങ്ങൾക്കിടയിൽത്തന്നെ നാനാതരം കർമ്മമണ്ഡലങ്ങളിൽ മുഴുകിയവരെ നമുക്ക് കാണാൻ കഴിയും. ഏതെങ്കിലുമൊരുതരം പെൻഷൻ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഇന്ന് വൃദ്ധജനങ്ങൾക്ക് ലഭിക്കുന്നുണ്ട്! സർവീസ് പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, ക്ഷേമനിധി പെൻഷൻ തുടങ്ങിയവയിൽ ഒരെണ്ണത്തിന്റെയെങ്കിലും ഗുണഭോക്താവാണ് കേരളത്തിലെ വയോജനസമൂഹം. വർദ്ധിച്ച ജീവിതച്ചെലവുകളുടെ വെളിച്ചത്തിൽ ചെറുകിട ഇടത്തരം ജോലികളിൽ മുഴുകി വരുമാനം കണ്ടെത്തുന്ന എത്രയോ വൃദ്ധജനങ്ങളെ നമുക്ക് കാണാൻ കഴിയും. കൊറോണ വൈറസ് പരത്തിയ രോഗം, ഈ തൊഴിൽ മേഖലകളെയാകെ നിശ്ചലമാക്കുകയാണുണ്ടായിട്ടുള്ളത്. സ്വാഭാവികമായും വയോജനങ്ങൾക്ക് ഇത്തരം വരുമാനമാർഗങ്ങൾ അടഞ്ഞതോടൊപ്പം ബഹുജനസമ്പർക്കം പോലും അസാദ്ധ്യമാകുന്ന പരിസ്ഥിതിയിലേക്കാണ് കാര്യങ്ങൾ വഷളായത്.
ശാരീരിക ക്ഷമതകളിലെ ദുർബലാവസ്ഥയും മാനസികവും വൈകാരികവുമായ ഒറ്റപ്പെടലും സാമ്പത്തിക സുസ്ഥിതിയുടെ അപര്യാപ്തതയുമെല്ലാം നമ്മുടെ വയോജനങ്ങൾ ഒരു പരിധിവരെ മറികടന്നത് വീട്ടിനകത്തെയും സമൂഹമദ്ധ്യത്തിലെയും ഇടപെടലുകളിലൂടെയും സാമൂഹ്യപരമായ കൂടിച്ചേരലുകളിലൂടെയുമൊക്കെയായിരുന്നു. ഇവയെ അപ്രസക്തമാക്കിക്കളഞ്ഞ പകർച്ചവ്യാധി എണ്ണമറ്റ ദുരിതങ്ങളാണ് നമ്മുടെ വയോജനങ്ങൾക്ക് നൽകിയത്. കാലത്ത് തന്നെ എഴുന്നേറ്റും വീട്ടിലെ കൊച്ചുകൊച്ചു ജോലികളിൽ പങ്കെടുത്തും ചെറിയ രീതിയിലുള്ള കൃഷിരീതികളിൽ മുഴുകിയും കുഞ്ഞുങ്ങളെ പരിലാളിച്ചും ആനന്ദവും വിനോദവും കണ്ടെത്തുന്നവരാണ് വയോജനങ്ങളിൽ അധികവും. ഇത്തരം ദൈനംദിന ജീവിതചിട്ടകളെ കീഴ്മേൽ മറിച്ചുകളയുന്ന തരത്തിലാണ് കൊവിഡ് കാലം ഭീതി സൃഷ്ടിച്ചിരിക്കുന്നത്. വയോജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ചു വന്നിരുന്നവയായിരുന്നു നമ്മുടെ വയോമിത്രം ക്ളിനിക്കുകൾ. രണ്ടാഴ്ചയിലൊരിക്കൽ സ്കൂളിലോ വായനശാലയിലോ റസിഡന്റ്സ് അസോസിയേഷൻ ഓഫീസിലോ മറ്റുമായി വാർഡടിസ്ഥാനത്തിൽ ഏർപ്പാട് ചെയ്യാറുണ്ടായിരുന്ന ഈ മെഡിക്കൽ സൗകര്യം സമ്പർക്കവിലക്ക് കാരണം നിലച്ചിട്ട് ആറ് മാസം പിന്നിട്ടിരിക്കുകയാണ്. രക്തസമ്മർദ്ദം, ഷുഗർ, കൊളസ്ട്രോൾ ഇതര ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ ഈ ക്ളിനിക്കുകളിൽ പരിശോധിച്ച് കൃത്യമായി മരുന്നുകളും മറ്റ് സേവനങ്ങളും നൽകിവരുന്നുണ്ടായിരുന്നു. ഈ സൗകര്യത്തെ കൊവിഡ് - 19 നിശ്ചലമാക്കിക്കളഞ്ഞു.
വീട്ടിലെ കൊച്ചുകുട്ടികളെ വിദ്യാലയങ്ങളിൽ കൊണ്ടുചെന്നാക്കുന്നത് നമ്മുടെ നാട്ടിൽ, മിക്കവാറും മുത്തശ്ശന്മാരും മുത്തശ്ശിമാരുമായിരുന്നു. ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബത്തിനകത്തും, പൊതുരംഗത്തും വിവിധ കർമ്മമേഖലകളിൽ വ്യാപിച്ചുകൊണ്ടിരുന്ന വയോജനങ്ങൾ പാൻഡമി കാലത്ത് അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങൾ നിരവധിയാണ്. ആരാധനാലയങ്ങളടക്കം അടഞ്ഞുകിടക്കുന്ന സാഹചര്യമായതിനാൽ പുറത്തിറങ്ങി ഒന്നു നടക്കുകപോലും അസാദ്ധ്യമായിട്ടുണ്ട്.
സാമ്പത്തികമായും ശാരീരികമായും മാനസികമായും ഒറ്റപ്പെടലിന്റെ തുരുത്തിലകപ്പെട്ടവരായി കുറെപേരെങ്കിലും നമുക്ക് ചുറ്റിലും എന്തായാലും ഉണ്ടാകും. കുടുംബ - സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ഈ ഒറ്റപ്പെടലിന്റെ മാനസികാഘാതം കുറയ്ക്കാൻ തീർച്ചയായും ഇടപെടേണ്ടതുണ്ട്. റേഡിയോ പോലുള്ള ബഹുജനമാദ്ധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ ശ്രദ്ധേയമായ രീതിയിൽ ഇടപെടാൻ സാധിക്കും. വൈകാരിക സുസ്ഥിതിയ്ക്കാവശ്യമായ കൗൺസലിംഗ് പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിലൂടെ വയോജനങ്ങളെ ഒരു പരിധിവരെ സഹായിക്കാൻ ഉപകരിക്കും. വാർഡ് തല സമിതികളും റസിഡന്റ്സ് അസോസിയേഷൻ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ശക്തമായ കേരളീയ സമൂഹത്തിൽ, വയോജന സുരക്ഷ കൂടി ഏറ്റെടുത്ത് നടത്താൻ വലിയ പ്രയാസമില്ലെന്ന് നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലുള്ള പരിപാടികളാണ് വീട്ടിലും പൊതുഇടങ്ങളിലും ഇക്കാലത്ത് ആവശ്യമായിട്ടുള്ളത്.
അതോടൊപ്പം കൊവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വയോജനങ്ങൾക്കിടയിൽ നിന്നുമാണ് എന്നത് നാം പ്രത്യേകം ഓർമ്മിക്കേണ്ടതുമുണ്ട്.
(തിരുവനന്തപുരം എം.ജി കോളേജിലെ സോഷ്യോളജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |