കരചരണങ്ങൾ ബന്ധിച്ചശേഷം നൃത്തം ചെയ്യുന്ന നർത്തകിയുടെ സ്ഥിതിയിലാണ് കൊവിഡ് കാലത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ. ഏപ്രിൽ-മേയ് മാസങ്ങളിൽ ഇന്ത്യ ഏർപ്പെടുത്തിയ അടച്ചുപൂട്ടൽ ലോകത്തെതന്നെ ഏറ്റവും കടുപ്പമേറിയതായിരുന്നു.
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദമായ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ രാജ്യത്തിന്റെ ജി.ഡി.പിയിലുണ്ടായ 24 ശതമാനം ഇടിവിന്റെ പ്രധാന കാരണവും അതുതന്നെയായിരുന്നു. ബന്ധനങ്ങളിൽ ഇളവ് അനുവദിക്കപ്പെട്ട പിന്നീടുള്ള മാസങ്ങളിൽ സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും, 2020-21 വർഷത്തെ ജി.ഡി.പിമുൻവർഷത്തേക്കാൾ 10ശതമാനമെങ്കിലും കുറവായിരിക്കുമെന്നാണ് പ്രവചനങ്ങൾ. സാമ്പത്തിക വളർച്ച നെഗറ്റീവ് മണ്ഡലത്തിലെത്തുന്നത് തൊഴിലുകളെയും, സാധാരണക്കാരുടെ ജീവിതത്തെയും കഷ്ടത്തിലാക്കുമെന്നതിനാൽ എത്രയുംവേഗം സമ്പത് വ്യവസ്ഥയെ പോസിറ്റീവ് തീരത്ത് എത്തിക്കാനുള്ള യത്നങ്ങൾ അനിവാര്യമാണ്. ഇപ്പോഴത്തെ വിഷമഘട്ടം മറികടക്കാനുള്ള പ്രധാന മാർഗമായി സാമ്പത്തിക വിശാരദരും, വ്യവസായ തലവന്മാരും ആവശ്യപ്പെടുന്നത് നന്നായി ചെലവഴിക്കുന്ന വിഭാഗങ്ങൾക്ക് കൂടുതൽ പണം എത്തിച്ചും, ഡിമാൻഡ് ഉയർത്താൻ ഉതകുന്നതുമായനടപടികളുമാണ്.
ഡിമാൻഡ് ഉയർത്തുന്നതിനായി ആലോചിക്കാവുന്ന ഒരു മാർഗം സാധന വിലകളിലെ നല്ലൊരുഭാഗമായിത്തീർന്നിരിക്കുന്ന ജി .എസ് .ടി നിരക്കുകൾ താഴ്ത്തിക്കൊണ്ട് ഉത്പന്നങ്ങൾക്കുള്ള കമ്പോളം വികസിപ്പിച്ച്, ഉത്പാദനത്തെ ത്രസിപ്പിക്കുക എന്നതാണ്. ഉദാഹരണമായി, ദശലക്ഷക്കണക്കിന് ആൾക്കാർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന വാഹന മേഖലയുടെ കാര്യം തന്നെയെടുക്കാം. 2018 ജൂലായ്ക്കു ശേഷം ഇടിഞ്ഞു വരികയായിരുന്ന വാഹനവില്പന കൊവിഡ് കാലത്ത് ഗണ്യമായി താഴ്ന്നു. ഈ സാഹചര്യത്തിൽ ഉയർന്ന വാഹന വിലയുടെ 28 ശതമാനവും ജി .എസ് .ടി ആകയാൽ, താത്കാലികമായെങ്കിലും നികുതി നിരക്ക് 12 ശതമാനമായി കുറച്ചാൽ അത് കാറുകളുടെയും മറ്റും വില കുറയാനും അതുവഴി അവയുടെ വില്പന ഉയരാനും സഹായിക്കും. വാഹന വിപണി സജീവമാകുമ്പോൾ ആ മേഖലയിലെ തൊഴിലവസരങ്ങളും വരുമാനവും ഉയരുമെന്ന് മാത്രമല്ല സർക്കാരിന്റെ നികുതി വരുമാനത്തിലും ഉയർച്ചയുണ്ടാകും; അതായത്, നികുതി കുറക്കുന്നത് സർക്കാരിന് വലിയൊരു നഷ്ടക്കച്ചവടമാകില്ല. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരുപങ്കും ചെലവിടുന്നവരാണ് തൊഴിലാളികൾ. പക്ഷേ കോവിഡ് കാലത്ത്, ദേശത്തിന്റെ മൊത്തം വരുമാനത്തിൽവന്ന ഇടിവിനേക്കാൾ രൂക്ഷമായിരുന്നു പണിയെടുക്കുന്നവരുടെ വരുമാനത്തിലുണ്ടായ ശോഷണം. തൊഴിൽ നഷ്ടവും വേതനങ്ങളിലെ വെട്ടി ചുരുക്കലും ഒരേസമയം സംഭവിച്ചു എന്നാണ്. ഈ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ അവലംബിച്ച ഒരു രക്ഷാമാർഗം ശ്രദ്ധേയമാകുന്നു. സ്വകാര്യ സംരംഭങ്ങളിൽ പണിയെടുക്കുന്നവരുടെ പ്രതിഫലത്തിന്റെ ഒരുഭാഗം സബ്സിഡിയായി സർക്കാർ നൽകുന്ന പദ്ധതിയാണിത്. മഹാമാരി മൂലം കഷ്ടപ്പെടുന്നവരോടുള്ള സ്നേഹവും പ്രതിബദ്ധതയുമാണ് ഈ ഉദ്യമത്തിന്റെ ചേതോവികാരം എന്ന് പ്രസ്താവിച്ചു കൊണ്ടാണ്, ഇന്ത്യൻ വംശജനായ ഇംഗ്ലണ്ടിന്റെ ധനമന്ത്രി ആ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ സൂക്ഷ്മ -ചെറുകിട സംരംഭങ്ങളുടെ കാര്യത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത് ആലോചിക്കാവുന്നതാണ്. സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കുന്നതിൽ ഏറ്റവും വിജയം കണ്ട പദ്ധതിയാണ് തൊഴിലുറപ്പ്. കൊവിഡുകാരണം ഈവർഷംഅതിലേക്ക് വലിയതുകയായഒരുലക്ഷംകോടിരൂപഅനുവദിച്ചിരുന്നു. പക്ഷേ അഞ്ച് മാസം കഴിഞ്ഞപ്പോൾ അതിൽ 63 ശതമാനവും ചെലവഴിക്കപ്പെട്ടു. ഇനിയുള്ള ഏഴ് മാസത്തേക്ക് ബാക്കിയുള്ള തുക തികയാതെ വരും. അതിനാൽ കൂടുതൽ തുക അനുവദിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് നന്നായി ചെലവഴിക്കുന്ന വിഭാഗമാണ് സംസ്ഥാന സർക്കാരുകൾ . ഇവർ മൊത്തത്തിൽ ചെലവിടുന്ന തുക കേന്ദ്രം ചെലവിടുന്ന തുകയേക്കാൾ ഉയർന്നതാണ്. 2019-20ൽ സംസ്ഥാന സർക്കാരുകളും കേന്ദ്രവും ചെലവിട്ട തുക യഥാക്രമം 37 .68 ലക്ഷം കോടി രൂപയും 27.86 ലക്ഷം കോടി രൂപയുമായിരുന്നു. ഈ വർഷം സംസ്ഥാനങ്ങൾക്ക് ചെലവിടാനായി വസൂലാക്കാവുന്ന വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. പക്ഷേ, കൊവിഡുമായി ബന്ധപ്പെട്ട് ചെ ലവിനങ്ങൾ വർദ്ധിച്ചു വന്നതിനാൽ സംസ്ഥാനങ്ങളുടെ കടബാധ്യത പൊങ്ങുകയാണ് . ഈ സാമ്പത്തിക വർഷം ഇതിനകംതന്നെ അവർ കടംകൊണ്ടത് മൂന്നു ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഈ കാലയളവിൽ കടം വാങ്ങിയതിനേക്കാൾ 51ശതമാനം കൂടുതലായുള്ള തുകയാണിത്. ഈ സാഹചര്യത്തിൽ ജി. എസ്. ടി യുടെ നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾ കടംവാങ്ങി നികത്തണമെന്ന കേന്ദ്ര നിർദേശം പുനഃപരിശോധിക്കേണ്ടതുണ്ട്. തത്കാലത്തേക്ക്, കേന്ദ്രം തന്നെ കടമെടുത്ത് മൊത്തം സംഖ്യയായ 2.35ലക്ഷംകോടിരൂപ നൽകുന്നതും, സാമ്പത്തിക വളർച്ച ഉണ്ടാകുന്ന മുറക്ക് സെസിൽ നിന്നുള്ള വരുമാനം കൊണ്ട് കടം വീട്ടുന്നതും ആലോചിക്കാവുന്ന നടപടികളാണ്. ധനക്കമ്മിയെന്ന തടസ്സം ഉന്നയിച്ച് ഉദ്യോഗസ്ഥവൃന്ദം ഇതിനെ എതിർത്തെന്നിരിക്കാം. എന്നാൽ അസാധാരണമായ ഈ കാലഘട്ടത്തിൽ സാഹസികമായ മാർഗ്ഗങ്ങൾ അവലംബിക്കാനുള്ള രാഷ്ട്രീയ തീരുമാനമാണ് രാജ്യത്തിനാവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |