സിനിമാ പിന്നണിഗാനരംഗത്ത് മുപ്പത്തിയാറ് വർഷങ്ങൾ പിന്നിടുന്ന ജി. വേണുഗോപാൽ ഇതുവരെ പാടിയത് 50ൽ താഴെ ഗാനങ്ങൾ
സ്വരം പോലെ തന്നെയാണ് ജി. വേണുഗോപാലിന്റെ പ്രകൃതവും. സൗമ്യം, മധുരം.
പ്രണയവും വിരഹവും നിറഞ്ഞ വേണുഗാനങ്ങളിൽ പലതിനും ഗായകനെപ്പോലെ തന്നെ നിത്യയൗവനമാണ്.
''1984ൽ 'ഒാടരുതമ്മാവാ ആളറിയാം " സിനിമയിലാണ് ഞാനാദ്യമായി പിന്നണി പാടുന്നത്. അതേവർഷം തന്നെ 'പറയാനും വയ്യ പറയാതിരിക്കാനും വയ്യ "എന്ന സിനിമയിലും പാടി. രണ്ടിലും നാലുവരി വീതം.""വേണുഗോപാൽ പറഞ്ഞുതുടങ്ങി.
മുപ്പത്തിയാറുവർഷങ്ങൾക്കിടെ വേണുഗോപാൽ പാടിയത് അമ്പതിൽ താഴെ ചലച്ചിത്രഗാനങ്ങൾ. പാടാതെ പോയ പാട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ വേണുഗോപാലിന്റെ മുഖത്ത് പതിവ് പുഞ്ചിരി.
''പണ്ട് പലരും ഇതേ ചോദ്യം ചോദിച്ച് ഒരു ആശയക്കുഴപ്പം എന്നിലുണ്ടാക്കിയിട്ടുണ്ട്. അന്ന് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട് പോയെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പലരും ഒരുപാട് പാട്ടുകൾ പാടി. പക്ഷേ പല പാട്ടുകളും ഇന്ന് പാടിയതാരാണെന്ന് ചോദിച്ചാൽ പലർക്കുമറിയില്ല. എനിക്ക് അങ്ങനെ ഒരവസ്ഥ വന്നില്ല. ഞാൻ പാടിയ ഇരുപത്തിയഞ്ചോ അമ്പതോ പാട്ടുകൾ ഇന്നും ആൾക്കാർക്കറിയാം. ഒരുപാട് പാട്ടുകൾ പാടിയിരുന്നെങ്കിൽ ഇത്രയും ഭാവതീവ്രത ഓരോ പാട്ടിനും കൊടുക്കാൻ പറ്റുമായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അടിപൊളി പാട്ടുകളോ ക്ളാസിക്കലോ ഒന്നും പാടിയിട്ടില്ല.""
പാടിയ പാട്ടുകളുടെ സ്വഭാവം തന്നെയാണ് തനിക്കുമെന്ന് വേണുഗോപാലും സമ്മതിക്കും.
''അഭിപ്രായ വ്യത്യാസമുണ്ടാകുന്ന സന്ദർഭങ്ങളിൽ നിന്ന് ഒഴിവാകാറാണ് പതിവ്. ഞാൻ പറഞ്ഞതാണ് ശരിയെന്ന് തർക്കിക്കാൻ പോകാറില്ല. എനിക്ക് ശരിയല്ലെന്ന് തോന്നുന്ന ഒരു കാര്യം മറ്റൊരാളെ ബോധ്യപ്പെടുത്തിയിട്ട് എനിക്കെന്ത് കാര്യം.""
ശബ്ദത്തിലും ശരീരത്തിലും വേണുഗോപാൽ ഇന്നും യൗവനം കാത്ത് സൂക്ഷിക്കുന്നതിൽ ഒരു രഹസ്യമുണ്ട്.
''ശരീരഭാരം കൂടാതെ ശ്രദ്ധിക്കുന്നുണ്ട്. എന്നും യോഗയോ നടത്തമോ വ്യായാമമോ ചെയ്യാറുണ്ട്. എന്റെ അച്ഛന് തൊണ്ണൂറ്റി നാല് വയസ് കഴിഞ്ഞു. അച്ഛന് ഇപ്പോഴും പല്ലും മുടിയും ഒന്നും പോയിട്ടില്ല. ഓർമ്മയ്ക്കൊന്നും കുഴപ്പമില്ല. ആ ഒരു ജീനാണ് എനിക്ക് കിട്ടിയിരിക്കുന്നത്. അമ്മയ്ക്ക് എൺപത്തിയെട്ട് വയസ് കഴിഞ്ഞു.""
രാവിലെ എഴുന്നേറ്റാൽ യോഗയും ധ്യാനവും പതിവാണ്. ചിലപ്പോൾ നടക്കാൻ പോകും. തിരിച്ചുവന്ന് പ്രഭാതഭക്ഷണം കഴിഞ്ഞാൽ സ്റ്റുഡിയോവർക്കുകളിലേക്ക് കടക്കും. ഈ കൊവിഡ് കാലത്തെ തന്റെ ദിനചര്യയെപ്പറ്റി വേണുഗോപാൽ പറയുന്നു.
കനേഡിയൻ മലയാളി ഐഡൽ എന്ന ഓൺലൈൻ സംഗീത മത്സരത്തിന്റെ വിധികർത്താവുമായി. അനുരാധാ ശ്രീറാമും കാനഡയിലെ ടൊറന്റോയിലുള്ള വയലിനിസ്റ്റ് ജയദേവനുമാണ് മറ്റ് വിധികർത്താക്കൾ.
പാടാൻ കൊതിച്ച പാട്ടുകളേതൊക്കെയാണെന്ന് ചോദിച്ചാൽ എഴുപതുകളിൽ എം.എസ്. ബാബുരാജും ദക്ഷിണാമൂർത്തി സ്വാമിയുമൊക്കെ സൃഷ്ടിച്ച പാട്ടുകൾ കേൾക്കുമ്പോൾ ഈശ്വരാ... ആ പാട്ടുകൾ പാടാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടെന്നാണ് വേണുഗോപാലിന്റെ മറുപടി.
''ഞാനേറ്റവും കൂടുതൽ പാടിയിട്ടുള്ളത് പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ സംഗീതത്തിലാണ്. അദ്ദേഹത്തിന്റെ മൂന്ന് സിനിമകളിലേ ഞാൻ പാടിയിട്ടുള്ളൂ. പക്ഷേ ആകാശവാണിയിലും മറ്റും അദ്ദേഹത്തിന് വേണ്ടി നിരവധി തവണ പാടിയിട്ടുണ്ട്. പിന്നെയുള്ളത് ജോൺസേട്ടനാണ്.
ജോൺസേട്ടന്റെ സംഗീതം സംവിധാനത്തിൽ സസ്നേഹം സിനിമയിലെ ' താനെ പൂവിട്ട മോഹം " എന്ന പാട്ടിനായിരുന്നു രണ്ടാമത്തെ സംസ്ഥാന അവാർഡ്.(ആദ്യത്തേത് മൂന്നാം പക്കം സിനിമയിലെ ' ഉണരുമീ ഗാനം " എന്ന പാട്ടിനും, ഉള്ളം എന്ന ചിത്രത്തിലെ ' ആടെടി ആടാതെടി " എന്ന പാട്ടിനുമാണ് ലഭിച്ചത്.) ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി 'സസ്നേഹം ജി. വേണുഗോപാൽ" എന്ന പേരിൽ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ തന്നെയുണ്ട്. പിന്നണി ഗാന രംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ 2009ൽ ഓർക്കൂട്ടിൽ എന്നെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഫേസ്ബുക്കിലേക്ക് ചേക്കേറിയ സമയം. അവരെല്ലാം കൂടി ഞാൻ കാൻസർ സെന്ററിൽ പോകുന്നതും മറ്റും ഒരഭിമുഖത്തിലൂടെ അറിഞ്ഞ് തുടങ്ങിയ ചാരിറ്റി സംഘടനയാണ് സസ്നേഹം ജി. വേണുഗോപാൽ.
ഈ കൊവിഡ് കൊലത്ത് തൊഴിൽ നഷ്ടമായ എട്ട് കുടുംബങ്ങളെ ഞങ്ങൾ താങ്ങി നിറുത്തുന്നുണ്ട്. പഴയകാല നാടക സിനിമാ ഗായകനായ സീറോ ബാബുവിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി തുക മാറ്റിവയ്ക്കുകയും ചെയ്തു. തിരുവനന്തപുരം പൂജപ്പുരയിലെ മഹിളാ മന്ദിരം, പുലയനാർ കോട്ട ഓൾഡേജ് ഹോം, റീജിയണൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് എന്നീവിടങ്ങളിൽ പതിവായി സഹായമെത്തിക്കാറുണ്ട്.
മകൻ അരവിന്ദ് ഏഴെട്ട് സിനിമകളിൽ പാടി. പക്ഷേ സംവിധാനമാണ് അവന്റെ പാഷൻ. അഞ്ജലി മേനോന്റെ അസിസ്റ്റന്റായി കൂടെ എന്ന ചിത്രത്തിൽ ജോലി ചെയ്തു. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി ഹൃദയമെന്ന ചിത്രത്തി ലും.
'സൺഡേ ഹോളിഡേ" എന്ന ചിത്രത്തിൽ അപർണ ബാലമുരളിയോടൊപ്പം മഴ പാടും... എന്ന ഹിറ്റ് പാട്ട് പാടി. അമേരിക്കയിൽ നിന്നാണ് സംവിധാനം പഠിച്ചത്. മകൾ അനുപല്ലവി കളമശേരി രാജഗിരി കോളേജിൽ അവസാന വർഷം സൈക്കോളജി വിദ്യാർത്ഥിയാണ്.
ഞാൻ രശ്മിയെ കല്യാണം കഴിച്ച സമയത്താണ് കളിക്കളം റിലീസായത്. അതിൽ ഞാൻ പാടിയ രണ്ട് പാട്ടുകൾ... ആകാശ ഗോപുരം പൊന്മണി മേടയായ്...പൂത്താലം വലം കൈയിലേന്തി വാസന്തം.... അവ രണ്ടുമാണ് ഇപ്പോഴും രശ്മിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ പാട്ടുകൾ.
ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടെ കുറേ സിനിമേതര ഗാനങ്ങൾക്ക് ഞാനിപ്പോൾ സംഗീത സംവിധാനം നിർവഹിക്കുന്നുണ്ട്. 2014 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ സുഗതകുമാരി ടീച്ചറിന്റെ ഒരു കവിത ഞാനും ശ്രേയക്കുട്ടിയും കൂടി പാടി. ഒരു തൈ നടാം... എന്ന ആ പാട്ട് എല്ലാ പരിസ്ഥിതി ദിനത്തിലും ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും ഞാനൊരു പ്രകൃതി ഗീതം ആ സമയത്തൊരുക്കാറുണ്ട്. കാവ്യ ഗീതികൾ എന്ന ആൽബത്തിന്റെ മൂന്നാം ഭാഗം ചെയ്യുന്നുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം ചെയ്തു. പക്ഷേ ആ പാട്ട് പുറത്തിറങ്ങിയില്ല.
ചാരിറ്റി പ്രവർത്തനങ്ങളും യാത്രകളുമൊക്കെയായി നല്ല തിരക്കുണ്ട്. മൂൺവാക്ക് എന്ന പുതിയ സിനിമയിൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ പാടി. ഗിരീഷ് കുന്നുമൽ സംവിധാനം ചെയ്യുന്ന പ്ളാവില എന്ന ചിത്രത്തിൽ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതത്തിലും പാടി.
''ഇത്രയും സൗന്ദര്യമുണ്ടായിട്ടും ഇതുവരെ അഭിനയിക്കാൻ ആരും വിളിച്ചിട്ടില്ലേ""യെന്ന ചോദ്യത്തിനും പതിവ് ചിരിയുടെ അകമ്പയടിയോടെയായിരുന്നു വേണുഗോപാലിന്റെ മറുപടി.
''പണ്ട് ആലിലക്കുരുവികൾ എന്ന സിനിമയിലേക്ക് അഭിനയിക്കാൻ വിനയൻ വിളിച്ചു. എന്നാൽ ഞാൻ ആ ക്ഷണം നിരസിച്ചു. അഞ്ചുവർഷം മുൻപ് അമേയ - ബൗണ്ട് ലെസ് ലവ് എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. ""
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |