പ്രാകൃതമായ ലൈംഗിക പീഡനങ്ങളുടെ അറപ്പുളവാക്കുന്ന വാർത്തകൾ ഏറെയും ഉത്തരേന്ത്യയിൽ നിന്നാണ് നാം കേട്ടുകൊണ്ടിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന നാം പ്രബുദ്ധതയെയും വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും കുറിച്ച് എന്നും അഭിമാനിച്ചിരുന്നു. മാറ്റി നിറുത്തേണ്ടുന്ന ചീത്ത സംസ്കാരങ്ങളെയൊന്നും കേരളത്തിന്റെ വാതിൽക്കൽ പോലും കയറ്റിയിരുന്നില്ല. പക്ഷേ, വളരുന്താേറും മലയാളിയുടെ മനസിന്റെ വിശാലത ചുരുങ്ങിപ്പോകുന്നോ എന്ന് സംശയം തോന്നുന്ന, സാംസ്കാരിക തനിമകൾക്കു മേൽ കറുത്ത പാടുകൾ വീഴുന്ന സംഭവങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുന്നു. ഇപ്പോൾ വടക്കുള്ളവർ ചോദിക്കുന്നുണ്ടാകും, മലയാളികൾക്ക് എന്തു പറ്റി!...
നാണക്കേടു കൊണ്ട് കേരളമാകെ തലകുനിക്കേണ്ടി വന്ന സംഭവം ആറൻമുളയിലാണുണ്ടായത്. കൊവിഡ് ബാധിച്ച 19കാരിയെ ആശുപത്രിയിലെത്തിക്കാതെ ആംബുലൻസിലിട്ട് പീഡിപ്പിച്ച നീച പ്രവൃത്തിയറിഞ്ഞ് സമൂഹം നടുങ്ങി. ആപത്ഘട്ടങ്ങളിൽ മിന്നൽ വേഗത്താൽ രക്ഷകനായി മാറേണ്ടുന്ന ആംബുലൻസ് ഡ്രൈവർ തന്നെയാണ് ഇരുട്ടിന്റെ മറവിൽ നിസഹായായ ആ പെൺകുട്ടിയുടെ മാനം നശിപ്പിച്ചത്. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അഴിക്കുള്ളിലാക്കാൻ കഴിഞ്ഞെങ്കിലും ജീവിതം എന്തെന്നറിഞ്ഞ് തുടങ്ങിയിട്ടില്ലാത്ത പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ഇരുളകറ്റാൻ കഴിയുമോ?.
ഉതൃട്ടാതിപ്പിറ്റേന്ന്
സെപ്തംബർ അഞ്ചിന് ഉതൃട്ടാതി നാൾ പത്തനംതിട്ടക്കാർക്ക് വിശേഷപ്പെട്ട ദിവസമായിരുന്നു. ആറൻമുള പാർത്ഥസാരഥിയുടെ ഇഷ്ടവഴിപാടായ വള്ളംകളിയും വള്ളസദ്യയും നടക്കുന്ന ദിവസം. കൊവിഡ് മാനദണ്ഡം പാലിച്ച് വള്ളംകളി ചടങ്ങുകൾ മാത്രമാക്കിയതിനാൽ ആറൻമുളയിൽ പതിവ് ആരവങ്ങളും വഞ്ചിപ്പാട്ടും കൈത്താളവും കേട്ടില്ല. ഭഗവാന് മുന്നിലെത്തി തൊഴുതുമടങ്ങിയ കരക്കാർ രാത്രി ഉറങ്ങിയുണർന്നപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. പവിത്രമായ ഇൗ പൈതൃക ഭൂമിയിലാണ് പൈശാചികമായ പ്രവൃത്തി നടന്നത്. തലേന്ന് രാത്രി അടൂർ വടക്കടത്തുകാവിലെ വീട്ടിൽ നിന്നാണ് കൊവിഡ് രോഗിയായ പെൺകുട്ടിയെ കായംകുളം കീരിക്കാട് സ്വദേശിയായ നൗഫൽ തന്റെ ആംബലുൻസിൽ പന്തളത്തെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത്. കൊവിഡ് ബാധിച്ചെന്ന് അറിഞ്ഞപ്പോഴുണ്ടായ മാനസിക അസ്വസ്ഥതയോടെ ആശുപത്രിയിലേക്ക് പോകാനിറങ്ങിയ പെൺകുട്ടി സമയം രാത്രിയായല്ലോ എന്ന് ആശങ്കപ്പെടാതെ വാഹനത്തിലേക്ക് കയറിയത് അടുത്ത ബന്ധുക്കൾക്ക് രോഗം പകരരുത് എന്ന ചിന്തിച്ചിട്ടാകും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകേണ്ട 42കാരിയായ വീട്ടമ്മ വാഹനത്തിലുണ്ടായിരുന്നതിനാൽ താൻ ഒറ്റയ്ക്കല്ലെന്ന് ആശ്വസിച്ചിട്ടുമുണ്ടാകും. ആംബുലൻസിനുള്ളിലിരുന്ന രണ്ടു പേരും പുറത്തെ ഇരുട്ടിൽ സ്ഥലവും വഴിയും അറിയാത്തതിനാൽ ആംബുലൻസ് ഡ്രൈവറിൽ വിശ്വാസമർപ്പിച്ചു കാണും. അടൂരിൽ നിന്ന് പന്തളം വഴി കോഴഞ്ചേരിക്ക് പോയ ആംബുലൻസിൽ നിന്ന് പെൺകുട്ടിയെ പന്തളത്തെ ആശുപത്രിയിൽ ഇറക്കി വിടാമായിരുന്നു. അതു ചെയ്യാതെ കോഴഞ്ചേരിയിലെത്തി വീട്ടമ്മയെ ആശുപത്രിയിലിറക്കിയ ശേഷം തിരിച്ച് പന്തളത്തേക്ക് വരുന്ന വഴി ആറൻമുളയിലെ വിജനമായ സ്ഥലത്തേക്ക് ആംബുലൻസ് ഒാടിച്ചു കയറ്റി. അർദ്ധരാത്രിയിൽ ആംബുലൻസിന്റെ പിന്നിലെ വാതിൽ തുറന്ന് അകത്തേക്കു കടന്ന നൗഫൽ പെൺകുട്ടിയെ പിച്ചിച്ചീന്തുമ്പോൾ നിലവിളി പുറത്തേക്ക് കേട്ടിരുന്നില്ല. ഇരയെ അകത്താക്കിയ വേട്ടമൃഗത്തിന്റെ സംതൃപ്തിയിൽ അയാൾ ആംബുലൻസ് ഒാടിച്ച് പന്തളത്ത് എത്തി പെൺകുട്ടിയെ ആശുപത്രി മുറ്റത്തിറക്കിവിട്ടു.
ഓർക്കുക, അതും ഒരു നിർഭയ
മാനവികതയിൽ അഭിമാനം കൊള്ളുന്ന മലയാളികൾ ഡൽഹിയിലെ 'നിർഭയ'ക്കു വേണ്ടി ദിവസങ്ങളോളം പ്രകടനങ്ങൾ നടത്തി, മെഴുകുതിരികൾ തെളിയിച്ചു, ധർണകളിലിരുന്നു... ആറൻമുളയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കു വേണ്ടി നാം എന്തു ചെയ്തു?. വീട്ടകങ്ങളിൽ പീഡനങ്ങൾ നടന്നാൽ പുറംലോകമറിയാതെ ഒതുക്കുന്നതു പോലെ ആറൻമുള സംഭവം നാം വേഗം മറക്കാൻ ശ്രമിക്കുന്നു. പ്രതിയെ അഴിക്കുള്ളിലാക്കിയതിനാൽ ആശ്വസിക്കുകയാണ് നമ്മൾ. ഒാർക്കുക, നിർഭയയെ വേട്ടയാടിയവരെ സംരക്ഷിക്കാൻ, കോടികൾ മുടക്കി നിയമസഹായം ചെയ്യാൻ ഉന്നതരുടെ വലിയ നിരയാണ് ഇറങ്ങിയത്. ആറൻമുളയിലെ പെൺകുട്ടിയെ വേട്ടയാടിയവനു വേണ്ടിയും നാളെ നിയമവിദഗ്ദ്ധർ രംഗത്തിറങ്ങും. അതിന്റെ ദു:സൂചനകൾ പുറത്തേക്ക് എത്തിയിട്ടുണ്ട്.
ദളിതയായ, നിർധന കുടുംബത്തിൽ പിറന്ന പെൺകുട്ടിയും പ്രതിയും സൗഹൃദത്തിലായിരുന്നുവെന്ന പ്രചാരണം പല കോണുകളിൽ നിന്ന് ഉയരുന്നു. നേരത്തേ പറഞ്ഞുറപ്പിച്ചതു പ്രകാരമാണ് പെൺകുട്ടിയെ പന്തളത്തിറക്കാതെ കോഴഞ്ചേരിയിൽ കൊണ്ടുപോയി തിരികെ വന്നതെന്നാണ് മറ്റൊരു വാദം. പെൺകുട്ടിയുടെ അമ്മയ്ക്കും ഇളയതും മൂത്തതുമായ രണ്ടു സഹോദരിമാർക്കും കൊവിഡ് പിടിപെട്ടപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ എന്ന പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്ന് പൊലീസ് പറയുന്നു. കൊവിഡുണ്ടാക്കിയ ശാരീരിക വൈഷമ്യങ്ങൾക്കാെപ്പം മാനഭംഗത്തെ തുടർന്നുണ്ടായ മാനസികാഘാതത്തിൽ നിന്ന് പെൺകുട്ടി ഇനിയും മുക്തയായിട്ടില്ല. പൊലീസിന് കൂടുതൽ ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല. പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് കൊലക്കേസ് പ്രതിയാണെന്ന വിവരവും പുറത്തുവന്നു. യുവാവിന്റെ പൂർവകാല ചരിത്രം പരിശോധിക്കാതെയാണ് ഡ്രൈവർ ജോലിക്കെടുത്തതെന്ന് വ്യക്തം.
ആരോഗ്യ വകുപ്പിന്റെ വീഴ്ച
രാത്രിയിൽ ഒരു സുരക്ഷയുമില്ലാതെ സ്ത്രീകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് അധികൃതർക്ക് നിർദേശം നൽകിയ ആരോഗ്യ വകുപ്പിന് പെൺകുട്ടിക്കുണ്ടായ ദുരനുഭവത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. ലഭിച്ച വിവരങ്ങൾ പ്രകാരം സെപ്തംബർ നാലിന് വൈകിട്ട് പെൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ്. അഞ്ചിന് രാവിലെ ഒൻപതിന് കൊവിഡ് രോഗികളുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയതുമാണ്. പതിമൂന്ന് മണിക്കൂർ വൈകി രാത്രി എട്ടുമണിയോടെയാണ് പെൺകുട്ടിയെ അടൂരിലെ വീട്ടിൽ നിന്ന് ആംബുലൻസിൽ കയറ്റിയത്. സ്ത്രീസുരക്ഷ പരമപ്രധാനമായ നമ്മുടെ രാജ്യത്ത് ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ രാത്രിയിൽ സ്ത്രീകളെ ഒരാൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്വം ആരോഗ്യ വകുപ്പിനല്ലാതെ മറ്റാർക്കാണ് ?. ആറന്മുള സംഭവത്തിൽ നിന്ന് നാം പാഠം പഠിച്ചോ എന്നത് ഇനിയുളള കാലമാണ് തെളിയിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |