2004 ലെ ക്രിസ്മസ് പിറ്റേന്ന് രാവിലെ ആലപ്പുഴ നിന്നു തിരുവനന്തപുരത്തേക്കു യാത്ര പുറപ്പെട്ടതായിരുന്നു. പൂർണ ഗർഭിണിയായ ഭാര്യ ആശയെ ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്നു ഡോക്ടറെ കാണിക്കാനായിരുന്നു ആലപ്പുഴയിൽ നിശ്ചയിച്ചിരുന്ന പരിപാടികളൊക്കെ മാറ്റിവച്ചുകൊണ്ടുള്ള യാത്ര. അമ്പലപ്പുഴ എത്താറായപ്പോൾ വയർലെസിലൂടെ ആ സന്ദേശം എത്തി. സംസ്ഥാനത്തെ മിക്ക തീരപ്രദേശങ്ങളിലും അസാധാരണമാം വിധം കടൽ കയറുന്നു. തൊട്ടുപിന്നാലെ ആ വിവരവും എത്തി. അന്ധകാരനാഴിയിൽ മന്ത്രി കെ.ആർ. ഗൗരിഅമ്മ തിരയിൽപ്പെട്ടിരിക്കുന്നു. നിമിഷങ്ങൾക്കകം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോൺ വിളി വന്നു. സുനാമി എന്ന അപൂർവ പ്രതിഭാസമാണ് ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനാളുകൾ കൂറ്റൻ തിരമാലകളിൽപ്പെട്ട് അപകടത്തിലാണ്. അഴീക്കലിലും ആറാട്ടുപുഴയിലും സ്ഥിതി അതീവഗുരുതരം. വേണു ഉടൻ ആറാട്ടുപുഴയിലെത്തണം...' യാത്ര മാറ്റി ഞാൻ ആറാട്ടുപുഴയിലേക്കു കുതിച്ചു. യുദ്ധക്കളം പോലെ ആറാട്ടുപുഴ. ആർത്തലച്ചെത്തിയ കൂറ്റൻതിരമാലകൾ ആ തീരഗ്രാമമാകെ നക്കിത്തുടച്ചിരിക്കുന്നു. എങ്ങും നിലവിളികൾ . തിരമാലകൾ തച്ചുതകർത്ത വീടുകളുടെ അവശിഷ്ടങ്ങൾ യുദ്ധഭൂമിയെ അനുസ്മരിപ്പിച്ചു. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷങ്ങൾ. ആയിരം തെങ്ങിൽ ഒട്ടുംവൈകാതെ ഉമ്മൻചാണ്ടി എത്തി. അടിയന്തരമായി കൺട്രോൾ റൂം തുറക്കാനും സഹായങ്ങളെത്തിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം. മണിക്കൂറുകൾക്കകം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദുരന്തബാധിതരെ ആഹാരവും വസ്ത്രവുമുൾപ്പെടെ നൽകി ക്യാമ്പുകളിൽ സുരക്ഷിതരാക്കി.
കേരളം കണ്ട ഏറ്റവും വലിയൊരു തീരദേശ ദുരന്തം. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ പാടവമുള്ള ഉമ്മൻചാണ്ടിയിലെ 'ക്രൈസിസ് മാനേജർ" ഉണർന്നു. അത്തരമൊരു ദുരന്തത്തെ നേരിട്ടുള്ള മുൻപരിചയമില്ല കേരളത്തിന്. നിയമങ്ങളുമില്ല, കീഴ് വഴക്കങ്ങളുമില്ല. ഉമ്മൻചാണ്ടി ദിവസങ്ങളോളം ദുരന്തമുഖത്തു തന്നെ നിന്നു. കൊല്ലം ജില്ലയിലെ ആലപ്പാടു മുതൽ അഴീക്കൽ വരെ ഏതാണ്ടു ഏഴെട്ടു കിലോമീറ്ററോളം ഉമ്മൻചാണ്ടി നടന്നു. ഓരോരുത്തരെയും ആശ്വസിപ്പിച്ചു. ഇടയ്ക്ക് ആ ചെരുപ്പ് പൊട്ടിപ്പോയപ്പോഴും കാൽനടയാത്ര നിറുത്തിയില്ല. വില്ലേജ് ഓഫീസർമാർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു അദ്ദേഹം രാപകൽ കൂടെനിന്നു. പുനരധിവാസപ്രവർത്തനങ്ങൾക്കുള്ള നിയമതടസങ്ങൾ മറികടക്കാനും അദ്ദേഹം കാട്ടിയ ജാഗ്രതയും കൂർമ്മതയും തീരദേശ ചരിത്രത്തിന്റെ ഭാഗം കൂടിയാണിന്ന്. എത്ര വലിയ പ്രശ്നമായാലും അതിനൊരു പ്രായോഗിക പരിഹാരം അദ്ദേഹത്തിന് മുന്നിൽ തെളിയും. ഒന്നല്ലെങ്കിൽ മറ്റൊരു വഴി, അല്ലെങ്കിൽ സാദ്ധ്യമായ എല്ലാ മാർഗങ്ങളും അതിനായി തേടും. നിയമതടസങ്ങളുണ്ടെങ്കിൽ അത് മറികടക്കാൻ നിയമത്തെ പൊളിച്ചെഴുതും. അതാണ് ഉമ്മൻ ചാണ്ടിയുടെ രീതി.
ഔപചാരികതയുടെ അളവുകോലുകൾക്കപ്പുറത്ത് മനുഷ്യത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ വൈകാരിക മനസും നമ്മൾ കണ്ടിട്ടുണ്ട്. ഉമ്മൻചാണ്ടീ.....' എന്ന ഒരെട്ടുവയസുകാരിയുടെ നീട്ടിയുള്ള വിളിയിൽ പിറന്നതൊരു വീടാണ്. മൂന്നുവർഷം മുൻപ് നടക്കാവ് ടി.ടി.ഐ യുടെ ഉദ്ഘാടനത്തിനു പോയപ്പോഴാണ് 74 വയസുള്ള ഉമ്മൻ ചാണ്ടിയെ മൂന്നാം ക്ലാസുകാരി ശിവാനിയെന്ന മിടുക്കി പേരുചൊല്ലി വിളിച്ചു പിടിച്ചു നിറുത്തിയത്. നിഷ്കളങ്ക മുഖത്തോടെ ആ കുരുന്നിനോടു ഉമ്മൻചാണ്ടി കാര്യം തിരക്കി. അവളുടെ സഹപാഠി അമൽ കൃഷ്ണയ്ക്കു വീടില്ല. അവനെ സഹായിക്കണമെന്നാണു ശിവാനിയുടെ ഡിമാൻഡ്. 'ഇല്ല " എന്നൊരു വാക്കു നിഘണ്ടുവിലില്ലാത്ത ഉമ്മൻ ചാണ്ടി അമലിനൊരു വീട് വച്ചുകൊടുത്തു. മലയാളിക്ക് അതൊരു രൂഢമൂലമായ വിശ്വാസമാണ്. ഉമ്മൻ ചാണ്ടിയെ വിളിച്ചാൽ ഏതു അസാദ്ധ്യകാര്യവും നടക്കുമെന്ന വിശ്വാസം. ഏതൊരാൾക്കും ഏതു പാതിരാത്രിക്കും എന്ത് സഹായവും ചോദിച്ചു ധൈര്യമായി വിളിക്കാവുന്ന ഒരു നേതാവ്. ആ വിശ്വാസത്തിന് അമ്പതാണ്ട് തികയുന്നു.
കെ.എസ്.യു വിന്റെ നീലക്കൊടിയും പിടിച്ച് എ.കെ. ആന്റണിയുടെ പിൻഗാമിയായി ഈ പ്രസ്ഥാനത്തിലേക്കു വന്ന ഉമ്മൻചാണ്ടി കേരളത്തിൽ കോൺഗ്രസിന്റെ ശക്തി സ്രോതസായി മാറിയതിനു പിന്നിൽ പതിറ്റാണ്ടുകളുടെ ത്യാഗനിർഭരമായ കഠിനാദ്ധ്വാനവും ആത്മസമർപ്പണവുമുണ്ട്. താൻ പറയുന്നതിനെക്കാൾ കൂടുതൽ അദ്ദേഹം മറ്റുള്ളവരെ കേൾക്കാൻ തയാറാകുന്നു എന്നതാണു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ മെരിറ്റ്. ഔപചാരികതയുടെ മതിലുകളില്ലാതെ ജനങ്ങൾക്ക് അദ്ദേഹവുമായി നേരിട്ടു സംവദിക്കാം. മുഖവുരയില്ലാതെ, മുൻപരിചയമില്ലാതെ ആർക്കും അദ്ദേഹത്തെ എപ്പോഴും കാണാം. ആവലാതികളോ ആവശ്യങ്ങളോ എന്തും പറയാം. കുടുംബാംഗത്തോടെന്ന പോലെ ന്യായമായ എന്താവശ്യത്തിനും അദ്ദേഹം കൂടെ നിൽക്കും. തലമുറകളായി ആ വിശ്വാസവും സാഹോദര്യവും കേരളമാകെ വിശുദ്ധിയോടെ കാക്കാൻ ഉമ്മൻചാണ്ടിക്കു കഴിഞ്ഞു.
കേരളത്തിലെ ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ നെടുംതൂണാണ് ഉമ്മൻ ചാണ്ടി. ഘടകകക്ഷികളെ ആരെയും പിണക്കാതെ പ്രശ്നപരിഹാരമുണ്ടാക്കുന്നതിലുള്ള ആ സാമർത്ഥ്യം മുന്നണി കൺവീനറായിരിക്കുമ്പോഴും അല്ലാതെയും എത്രയോ തവണ കണ്ടതാണ്. 22-ാം വയസിൽ കെ.എസ് .യു സംസ്ഥാന സെക്രട്ടറിയായപ്പോഴും 75-ാം വയസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നും കോൺഗ്രസിന്റെ അടിസ്ഥാന പ്രമാണങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അദ്ദേഹം മുറുകെപ്പിടിക്കുന്നു.
ഞാനുൾപ്പെടെ കോൺഗ്രസിൽ അണിചേർന്ന ഓരോരുത്തർക്കും ഉമ്മൻ ചാണ്ടിയുടെ സ്നേഹവും കരുതലും ലഭിച്ചിട്ടുണ്ട്. കെ.എസ്.യു , യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കാൻ ലഭിച്ച അവസരങ്ങളിൽ സംഘടനാപരമായി ഒട്ടേറെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോൾ ഗ്രൂപ്പുകൾക്കതീതമായി സംഘടനാ താത്പര്യം മുൻനിറുത്തി അദ്ദേഹം താങ്ങായി കൂടെ നിന്നു. കേരള ജനത നെഞ്ചേറ്റിയ, ജനകീയനായ നേതാവ് എന്ന നിലയിൽ മാനുഷിക മൂല്യങ്ങൾക്ക് മറ്റെന്തിനെക്കാളും വിലകൽപ്പിക്കുന്ന ഉമ്മൻ ചാണ്ടി ഒരു പ്രതീകമാണ്. നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, ചരിത്ര നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ജനസേവനത്തിന്റെ പാതകളിൽ കൂടുതൽ കരുത്തോടെ ഇനിയും ഏറെ മുന്നോട്ടു പോകാനുള്ള ഊർജ്ജവും ആയുരാരോഗ്യ സൗഖ്യങ്ങളും അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |