തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സി.ബി.ഐയ്ക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ഇടപാടുകളും നിക്ഷേപങ്ങളും രാജ്യത്തിന് പുറത്തും നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നത്.
ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ ഉടമകൾ നിക്ഷേപം നടത്തിയതിനാൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
2000 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിദേശരാജ്യങ്ങളിലടക്കം പ്രതികൾ നിക്ഷേപങ്ങൾ നടത്തിയതിനാൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസിന് പരിമിതികളുണ്ട്. കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു. പോപ്പുലർ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |