പുതുപ്പള്ളിയിൽ തന്നെ തോൽപ്പിക്കാൻ ഇനിയും ഒരു എതിരാളി ജനിക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ട് നിയമസഭാംഗത്വത്തിന്റെ അൻപത് വർഷം ആഘോഷിക്കുകയാണ് ഉമ്മൻചാണ്ടി. ഒരേ മണ്ഡലം, അൻപത് വർഷം!
പാലായെ കൈവെള്ളയിൽ സൂക്ഷിച്ച കെ.എം.മാണി മാത്രമായിരുന്നു ഒരേ മണ്ഡലത്തെ അരനൂറ്റാണ്ട് പ്രതിനിധീകരിച്ച മറ്റൊരു ജനപ്രതിനിധി. ആ റെക്കാഡിനൊപ്പമെത്തുകയാണ് ഉമ്മൻചാണ്ടിയും .
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും 17 ന് വിപുലമായ ആഘോഷത്തോടെയാണ് , തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ജൂബിലി ആഘോഷം ഒരു വർഷം നീളുന്ന പരിപാടികളോടെ ജന്മനാട് ആഘോഷിക്കുന്നത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കോട്ടയത്ത് നിരവധി പ്രമുഖർ പങ്കെടുക്കും. പുറമേ കേരളത്തിലുടനീളം പത്തുലക്ഷം പേർക്ക് ചടങ്ങ് കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന ചോദ്യത്തിന് , ഇതാ ഇങ്ങനെയായിരിക്കണമെന്ന് പറയാവുന്ന വ്യക്തിത്വമാണ് ഉമ്മൻചാണ്ടി. തിരുവനന്തപുരത്ത് നിർമിച്ച തന്റെ വീടിന് സ്വന്തം മണ്ഡലത്തിന്റെ പേരിട്ട ജനപ്രതിനിധി ! അരനൂറ്റാണ്ടു കൊണ്ട് അതിശയിപ്പിക്കുന്ന വികസനമൊന്നും പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ലെങ്കിലും കുഞ്ഞൂഞ്ഞിന് പകരമൊരാളെ സ്ഥാനാർത്ഥിയായി സങ്കൽപ്പിക്കാൻ പുതുപ്പള്ളിക്കാർക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് അടുത്ത തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ഉമ്മൻചാണ്ടി നിർബന്ധിതനായിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ തീപ്പൊരി യുവനേതാക്കളായ സിന്ധു ജോയ് , ജയ്‌ക് സി.തോമസ് , തുടങ്ങി വർഷങ്ങളോളം ഉമ്മൻചാണ്ടിയുടെ നിഴലായി കൂടെ നിന്നിട്ട് ഇടതുപാളയത്തിലേക്ക് ഓടിക്കയറിയ ചെറിയാൻ ഫിലിപ്പ് അടക്കം പലരെയും പരീക്ഷിച്ചു നോക്കി സി.പി.എം. എന്നിട്ടെന്തായി, പുതുപ്പള്ളി മാറിയില്ല, ഉമ്മൻചാണ്ടിയും! തിരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടി കൂടെക്കൂടെ ലീഡ് കൂട്ടി എന്നൊരു മാറ്റം ഉണ്ടായി താനും.
ഉമ്മൻചാണ്ടിക്കെതിരെ ജയപ്രതീക്ഷയോടെ മത്സരിക്കാൻ ഇന്നും എതിർപക്ഷത്ത് ഒരാളില്ലന്നതാണ് നേര് . ഇറക്കുമതി സ്ഥാനാർത്ഥികൾ ചാവേറാകാൻ വന്നു നിൽക്കുന്നവരാണെന്ന് പുതുപ്പള്ളിയിലെ വോട്ടർമാർ പരിഹാസത്തോടെ അടക്കം പറയുന്നുണ്ടത്രേ.
പ്രവർത്തകർക്ക് ഉമ്മൻചാണ്ടിയുടെ വീട്ടിലെ അടുക്കളയിൽ കയറി ഇഷ്‌ടമുള്ളതെന്തും വിളമ്പിക്കഴിക്കാം. അതൊരു രാഷ്‌ട്രീയ വ്യാജഭാവമല്ല, ഉമ്മൻചാണ്ടി അങ്ങനെയാണെന്ന് പുതുപ്പള്ളിക്കാർക്കറിയാം, മലയാളിക്കും.
പ്രവർത്തകരുടെ തിക്കും തിരക്കും മറ്റു നേതാക്കൾക്ക് അസഹ്യമായി തോന്നുമ്പോൾ, ആൾക്കൂട്ടമില്ലെങ്കിൽ കരയിൽ പിടിച്ചിട്ട മീൻ പോലെ അസ്വസ്ഥനാകുന്ന നേതാവാണ് ഉമ്മൻചാണ്ടി. രാവിലെ തുടങ്ങിയ ജനസമ്പർക്കപരിപാടി അർദ്ധരാത്രി വരെ നീളുമ്പോഴും അവസാനത്തെ ആളുടെയും സങ്കടം കേൾക്കാൻ രാവിലത്തെ ഊർജ്ജസ്വലതയോടെ രാത്രി വൈകിയും കാതു കൂർപ്പിച്ചിരിക്കുന്ന മറ്റൊരു ജനപ്രതിനിധി ഉണ്ടാകില്ല.
കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ചിരിക്കുന്ന ഉമ്മൻചാണ്ടിക്ക് യോജിച്ച പേരാണ് കുഞ്ഞൂഞ്ഞ്. അടുപ്പമുള്ള നേതാക്കൾക്ക് ഒ.സിയാണ്. രാഷ്‌ട്രീയ പ്രവർത്തനത്തിനിടെ വ്യക്തിപരമായി ആരോപണശരങ്ങൾ ഏറ്റുവാങ്ങിയപ്പോഴും എതിരാളിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഒരു വാക്കു പോലും ഉമ്മൻചാണ്ടിയുടെ നാവിൽ നിന്നടർന്നു വീണില്ല. അദ്ദേഹത്തിന്റെ സംസാരം ഒരിക്കലും സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചില്ല. പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുന്ന ഇടപെടലിലൂടെ ഉമ്മൻചാണ്ടി എതിരാളിയുടെ വൈരാഗ്യശരങ്ങളുടെ വായ്‌ത്തല ഒടിച്ചു കളഞ്ഞു.
മാദ്ധ്യമ വിമർശനങ്ങളും ഉമ്മൻചാണ്ടിയുടെ സഹിഷ്‌ണുതാ ഭാവത്തെ തോല്‌പിച്ചില്ല. ആ മുഖത്ത് നീരസഭാവം പടർന്നില്ല. മാദ്ധ്യമങ്ങളെ ഉമ്മൻചാണ്ടി നേരിട്ടത് നിറചിരിയോടെയാണ്. കൂർത്ത വാക്കുകളും വരികളും ഏല്‌ക്കേണ്ടി വന്ന കഠിനകാലത്തു പോലും മാദ്ധ്യമങ്ങളോട് നീരസമില്ലാതെ സൗഹൃദം നിലനിറുത്തി ഉമ്മൻചാണ്ടി എന്ന പൊതുപ്രവർത്തകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |