SignIn
Kerala Kaumudi Online
Wednesday, 12 May 2021 1.05 AM IST

ജനങ്ങളോടൊപ്പം അരനൂറ്റാണ്ട്

oommen-chandy

പരാജയമെന്തെന്നറിയാതെ കോട്ടയത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻചാണ്ടി തന്റെ നിയമസഭാ പ്രവർത്തനത്തിൽ നാളെ അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ എം.എൽ.എ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻചാണ്ടിക്ക് സ്വന്തമാവുകയാണ്. തുടർച്ചയായ 13 വിജയവും 52 വർഷത്തെ നിയമസഭാംഗത്വവും നിലനിറുത്തി പാലാ മണ്ഡലത്തിൽ റെക്കാഡിട്ട പരേതനായ കെ.എം.മാണിയാണ് കേരളത്തിൽ മുമ്പ് ഈ നേട്ടം കരസ്ഥമാക്കിയ ഒരേയൊരു ജനപ്രതിനിധി.

ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവെന്നതാണ് മലയാളികളുടെ മനസിൽ ഉമ്മൻചാണ്ടിക്കുള്ള വേറിട്ട സ്ഥാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇഷ്ടപ്പെടുന്നതാണ് ഉമ്മൻചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം. അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. ജനങ്ങളുടെ സങ്കടങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും, അവയ്‌ക്ക് തന്നാൽക്കഴിയും വിധം പരിഹാരം കാണാനും അദ്ദേഹം നടത്തിയ നിതാന്ത പ്രവർത്തനങ്ങളുടെ ഫലമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ജനങ്ങളുമായി സംവദിക്കാൻ അധികാരത്തിന്റെ പ്രോട്ടോക്കോൾ ഉമ്മൻചാണ്ടിക്ക് തടസമായിട്ടില്ല. ഏറ്റവും സാധാരണക്കാരനായ ഒരാൾക്കു പോലും അനായസേന സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

ജനകീയനായ നേതാവെന്ന് എല്ലാവരും ഉമ്മൻചാണ്ടിയെ വിശേഷിപ്പിക്കാറുണ്ട്. ജനങ്ങളുമായി അടുത്തിടപഴകുന്ന നേതാക്കൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അധികാരത്തിന്റെയോ പദവികളുടെയോ ആടയാഭരണങ്ങളില്ലാതെ, എടുത്തു കെട്ടിവച്ച ഭാവമില്ലാതെ ജനങ്ങളിലൊരാളായി അവർക്കൊപ്പം നിൽക്കാൻ ഉമ്മൻചാണ്ടിക്കു കഴിയുന്നു. ഇത് അത്രയെളുപ്പമുള്ള കാര്യമല്ല. ഒരു ത്യാഗമാണെന്ന് നിസംശയം പറയാം.

പുതുപ്പള്ളിയാണ് ഉമ്മൻചാണ്ടിയുടെ മണ്ഡലമെങ്കിലും കേരളത്തെ മുഴുവൻ തന്റെ കർമ്മമണ്ഡലമായി കണക്കാക്കി പ്രവർത്തിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടി. നൂറുശതമാനവും പാർലമെന്റേറിയൻ. ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും അതിന്റെ ജനകീയ വശമാണ് ഉമ്മൻചാണ്ടി നോക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും പ്രയോജനകരമാകണമെന്ന് കരുതി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനനന്മയ്ക്കും സംസ്ഥാനത്തിന്റെ വികസനത്തിനും ആവണമെന്നതാണ് ഉമ്മൻചാണ്ടിയുടെ ഫിലോസഫി.

ഉയർന്ന ജനാധിപത്യബോധം പുലർത്തുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവശൈലി. അതിനിശിതമായി വിമർശിച്ചവർക്കെതിരെ പോലും മാന്യമല്ലാത്ത ഒരൊറ്റപ്പദം ആ നാവിൽ നിന്ന് ഉതിരുകയില്ല. വ്യക്തിഹത്യയും വേട്ടയാടലുമൊക്കെ അഭിമുഖീകരിച്ചപ്പോഴും സവിശേഷമായ ആ സ്വഭാവഗുണത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.

വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ രംഗപ്രവേശം . തുടർന്ന് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 1970 ലാണ് പുതുപ്പള്ളിയിൽ ആദ്യമായി മത്സരിച്ചത്. കോൺഗ്രസിന് ഒട്ടും ജയസാദ്ധ്യതയില്ലെന്ന് കരുതിയ ആ മണ്ഡലത്തിൽ സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ ഇ.എം.ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻചാണ്ടിയുടെ വിജയത്തുടക്കം.അന്ന് 27 വയസാണ് ഉമ്മൻചാണ്ടിയുടെ പ്രായം.

രണ്ടാമൂഴത്തിൽ കെ.കരുണാകരൻ മന്ത്രിസഭയിലെ തൊഴിൽ മന്ത്രിയായ ഉമ്മൻചാണ്ടി കേരളത്തിലെ തൊഴിൽ രഹിതരായ യുവതയ്ക്ക് തൊഴിലില്ലായ്മാ വേതനം ആദ്യമായി ഏർപ്പെടുത്തി. പിന്നീട് വിവിധ മന്ത്രിസഭകളിൽ പ്രവർത്തിച്ച അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കാക്കി നിക്കറിൽ നിന്ന് പാന്റ്സാക്കി പൊലീസ് യൂണിഫോമിൽ സമൂലമാറ്റം വരുത്തിയത്. ധനകാര്യമന്ത്രിയായിരിക്കുമ്പോൾ ജനകീയ ധന മാനേജ്മെന്റ് എന്ന ആശയത്തിലൂന്നിയാണ് തന്റെ ഓരോ ബഡ്‌ജറ്റുകളും ഉമ്മൻചാണ്ടി അവതരിപ്പിച്ചത്. മന്ത്രിപദവി വഹിച്ചതു പോലെ അവ ഉപേക്ഷിക്കുന്നതിനും, മടിയില്ലാത്ത നേതാവായിരുന്നു അദ്ദേഹം. മന്ത്രിസഭയിൽച്ചേരാതെ മാറിനിന്ന സന്ദർഭങ്ങളുമുണ്ട്.

എ.കെ.ആന്റണി മുഖ്യമന്ത്രി പദവി രാജിവച്ചപ്പോഴാണ് 2004 ആഗസ്റ്റ് 31 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി ചുമതലയേറ്റത്. ഇരുപതുമാസത്തെ ആ ഭരണത്തിൽ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം ഉയർത്തി വികസനകാര്യങ്ങളിൽ ശ്രദ്ധയർപ്പിക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം ശ്രമിച്ചു. അന്ന് തുടക്കമിടുകയും 2011 ൽ രണ്ടാംവട്ടം മുഖ്യമന്ത്രിയായി വന്നപ്പോൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്ത ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിനു ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു.

വിഴിഞ്ഞം പദ്ധതിയടക്കം കേരളത്തിന്റെ പുരോഗതിക്കു സഹായകമാകുന്ന പല വൻപദ്ധതികൾക്കും തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാരാണ്. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യ പദ്ധതിയും ഉമ്മൻചാണ്ടി സർക്കാരിന്റെ സംഭാവനയാണ്. കേൾവിശക്തിയില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് കോക്ളിയർ ഇംപ്ളാന്റേഷൻ സൗജന്യമായി നടത്താൻ കൈക്കൊണ്ട ഒരൊറ്റ തീരുമാനം മതിയാകും ഉമ്മൻചാണ്ടിയെന്ന ജനസേവകന്റെ സഹജാവബോധവും പ്രതിജ്ഞാബദ്ധതയും മനസിലാക്കാൻ.

ഉമ്മൻചാണ്ടി വലിയ വാഗ്മിയോ, പണ്ഡിതനോ ഒന്നുമല്ലായിരിക്കാം, എന്നാൽ ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനായി അക്ഷീണം പ്രയത്നിക്കാൻ ഒരു മടിയുമില്ലാത്ത നേതാവാണ് അദ്ദേഹം. മാതൃകാപരമാണ് ഈ ശൈലി.

വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ മുതൽക്കേ കേരളകൗമുദിയുമായി ഉറ്റബന്ധം പുലർത്തിവരുന്ന ഞങ്ങളുടെ അഭ്യുദയകാംക്ഷിയാണ് ഉമ്മൻചാണ്ടി. ചരിത്രപരമായ നേട്ടത്തിലെത്തി നിൽക്കുന്ന ഞങ്ങളുടെ പ്രിയ സുഹൃത്തിന് സർവവിധ മംഗളാശംസകളും, ആയുരാരോഗ്യസൗഖ്യവും ഈ വേളയിൽ ആശംസിക്കുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.