കൊച്ചി : തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിനു നൽകുന്നത് സുതാര്യമായ നടപടിയിലൂടെയെന്ന് കേന്ദ്രസർക്കാരും നടപടികൾ പൊതുതാത്പര്യത്തിനും എയർപോർട്ട് അതോറിട്ടി ആക്ടിനും വിരുദ്ധമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചു.
എയർപോർട്ടിന്റെ ചുമതല അദാനി ഗ്രൂപ്പിനു കൈമാറുന്നതിനെതിരെ സംസ്ഥാനം ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഇരുകൂട്ടരും വിശദീകരണപത്രിക നൽകിയത്. അതേസമയം ഇന്നലെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പിന്മാറി. അടുത്തദിവസം മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും.
നിലവിൽ എയർപോർട്ട് അദാനിഗ്രൂപ്പിനു നൽകാനേ സാധിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കി. ഇനി ഇളവുനൽകാൻ കഴിയില്ല. ഒരു യാത്രക്കാരന് 135 രൂപ എന്ന തുകയാണ് സംസ്ഥാന സർക്കാരിനുവേണ്ടി ലേലത്തിൽ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി ക്വാട്ട് ചെയ്തത്. എന്നാൽ അദാനി 168 രൂപ ക്വാട്ട് ചെയ്തു. 50 വർഷത്തേക്കാണ് പാട്ടത്തിനു നൽകുന്നത്. ഇതുമൂലം എയർപോർട്ട് അതോറിട്ടിയിലെ ആർക്കും തൊഴിൽ നഷ്ടമാവില്ല. വിമാനത്താവള വകാര്യവത്കരണം സർക്കാരിന്റെ നയതീരുമാനമാണ്. നഷ്ടത്തിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പിനാണ് പാട്ടത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുകയെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ലാഭത്തിലുള്ള എയർപോർട്ട് പാട്ടത്തിനു നൽകി വരുമാനമുണ്ടാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. അദാനി ഗ്രൂപ്പിന് എയർപോർട്ട് നടത്തി മുൻപരിചയമില്ല. എയർപോർട്ട് ഏറ്റെടുക്കാൻ തയ്യാറാണ്. 1000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനികൾക്കാണ് ലേലത്തിൽ പങ്കെടുക്കാൻ കഴിയുന്നത്. ആറ് എയർപോർട്ടുകളുടെ ലേലത്തിൽ അദാനി പങ്കെടുക്കുന്നുണ്ടെന്നും ട്രാൻസ്പോർട്ട് വകുപ്പ് അണ്ടർ സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |