പുത്രരായിപ്പിറക്കുന്നതു മുജ്ജന്മ
ശത്രുക്കളെന്നതേ ഞങ്ങൾക്കു ജീവിതം.
മക്കളില്ലെങ്കിലില്ലെന്നൊറ്റ ദുഃ:ഖമേ,
മക്കൾ പിഴയ്ക്കെപ്പെരുകുന്നിതാധികൾ.
മക്കളുണ്ടെങ്കിൽ മരണക്കിടക്കയിൽ
മക്കളെയോർത്തു വിളിക്കുന്നു പ്രാണങ്ങൾ.
- എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയത് ഓർമ്മ വരുന്നു. ഭീതിയും വിഹ്വലതയും പരത്തുന്ന ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ സൃഷ്ടിയല്ല ഈ വരികളെങ്കിലും അങ്ങനെയും ഒരു വായന സാദ്ധ്യമാണ്. ഓരോരോ കാലങ്ങളിൽ ധാരാളം മനുഷ്യർ വിശ്വസിക്കുകയും ചിലപ്പോൾ ആരാധനയ്ക്കുതന്നെയും പാത്രമാവുകയും ചെയ്യുന്ന വ്യക്തികൾ സ്വന്തം ചെയ്തികൾ കൊണ്ടും മക്കളുടെ ചെയ്തികൾകൊണ്ടും തകർന്നുവീഴുന്ന ചിത്രങ്ങൾ പെരുകുന്ന കാലമാണിത്. പാർട്ടി നേതാക്കളുടെയും മന്ത്രിമാരുടെയും കൈകളും മനസും കൊള്ളരുതായ്മകളുടെ വിഷം പുരണ്ടതാണെന്നറിയുമ്പോഴുള്ള ദുഃഖവും ക്രോധവും ചെറുതല്ല. വി.കെ.എൻ -ഭാഷ കടമെടുത്തു പറയാം. പുസ്തകത്തിലും മറ്റും പരാമർശിക്കപ്പെടാറുള്ള 'സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' (caesar's wife must be above suspicion) എന്ന ചൊല്ല് ഇപ്പോൾ ആരും ഗൗനിക്കാറില്ല. റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ രണ്ടാം ഭാര്യ പോംപിയയിൽനിന്ന് വിവാഹമോചനം നേടാൻ പറഞ്ഞ കാര്യമാണ് പഴഞ്ചൊല്ലായത്. പൊതു പ്രവർത്തകർ സംശുദ്ധരായിരിക്കണം എന്നാണ് ഷേക്സ്പിയർ പ്രയോഗിച്ച ഈ വാചകത്തിന്റെ പൊരുളെന്ന് എല്ലാവർക്കും അറിയാം. ബി.സി 67ലാണ് സീസർ പോംപിയയെ വിവാഹം കഴിച്ചത്. ഒരിക്കൽ സീസറുടെ ഔദ്യോഗിക വസതിയിൽ പോംപിയ ഒരു സത്കാരം നടത്തി. പുരുഷന്മാർക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ല. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തിൽ ഉള്ളിൽ കടന്നു. അയാൾ പിടിക്കപ്പെട്ടു. വിചാരണവേളയിൽ യുവാവിനെതിരെ തെളിവു നൽകാതിരുന്ന സീസർ പോംപിയയെ ഉപേക്ഷിച്ചു. എന്റെ ഭാര്യയുടെ മേൽ സംശയത്തിന്റെ നിഴൽപോലും വീഴരുത് എന്നാണ് സീസർ അതിനു നൽകിയ വിശദീകരണം. ഷേക്സ്പിയറുടെ തൂലികയിലൂടെ പ്രചാരം നേടിയ ഈ പ്രയോഗത്തിന് ഇപ്പോഴെന്താ പ്രസക്തി എന്നാരും ചോദിക്കാനിടയില്ല; ഇത്തരം പ്രയോഗങ്ങൾക്ക് ഇന്നധികം പ്രസക്തി ഇല്ലെങ്കിലും.
നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണവും രാഷ്ട്രീയ ഇടപെടലുകളുമാണ് പല മുഖങ്ങളും യഥാർത്ഥ മുഖങ്ങളല്ലെന്ന വെളിപ്പെടുത്തലിലേക്കു കൊണ്ടെത്തിച്ചത്. നറുനെയ്യ് വേണ്ട, മദ്യവും മാട്ടിൻസൂപ്പും മതി എന്നൊരു മാനസികാവസ്ഥയിലേക്ക് നാം അറിഞ്ഞും അറിയാതെയും എത്തുകയാണ്. പണത്തോടും അധികാരത്തോടുമുള്ള ആക്രാന്തം പെരുകുന്നു. അധികാരം പരമ്പരാഗതമാണെന്ന തോന്നൽ ഇന്ന് ശേഷിക്കുന്നില്ലെങ്കിലും പലപ്പോഴും അത് നടപ്പിലാവുന്നു. ഇന്ത്യൻ രാഷ്ട്രീയമാണ് അതിന് ഏറ്റവും ഉചിതമായ ഉദാഹരണം. മക്കൾ ഭരണം പലപ്പോഴും മെച്ചപ്പെട്ട ഗുണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നതും മറക്കേണ്ടതില്ല. എന്നാൽ അച്ഛനോ അമ്മാവനോ ആനപ്പുറത്ത് കയറിയതിന്റെ തഴമ്പ് അനന്തരാവകാശിക്ക് ഉണ്ടാവില്ലല്ലോ. എന്തെല്ലാം സാദ്ധ്യതകളാണ് രാഹുൽഗാന്ധിക്ക് കൈവന്നിരുന്നത്. പക്ഷേ, അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ കസേര സ്വപ്‌നം കാണാൻ മാത്രമേ കഴിഞ്ഞുള്ളൂ. എന്താ കാരണം? അതിനുള്ള പ്രാപ്തി ഇല്ലാത്തതാകാം. നാളെ നില അപ്പാടെ മാറുകയും ചെയ്യാം. സോണിയ ഗാന്ധിക്ക് പ്രാപ്തിയുണ്ടെങ്കിലും അതിലെത്താനുള്ള അവസരങ്ങൾ സ്വയം ഒഴിവാക്കേണ്ടിവന്നു.
കേരളരാഷ്ട്രീയത്തിലും മക്കൾവാഴ്ചയ്‌ക്കും ദുർവാഴ്ചകൾക്കും ഒട്ടും കുറവില്ല. ലീഡർ കെ.കരുണാകരൻ മകനെ അനന്തരാവകാശിയാക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും കൂടെ നിന്നവർ അത് കുത്തിമറിച്ചു. മക്കളെ മാന്യമായി പഠിപ്പിച്ച് അവരുടെ വഴിക്കു വിട്ട നല്ല പിതാക്കന്മാരും ഇവിടെ ധാരാളമുണ്ട്. എന്നാൽ, സമീപകാലത്ത് കേൾക്കുന്നത്, രാഷ്ട്രീയ പിന്തുടർച്ചതേടി എത്തുന്ന മക്കളെക്കുറിച്ചല്ല. അധികാരത്തിന്റെ പിൻസീറ്റിലിരുന്ന് സമാന്തര അധികാരകേന്ദ്രങ്ങളും രാജ്യദ്രോഹത്തിലേക്കുവരെ നീളുന്ന കുത്സിത പ്രവർത്തനങ്ങളും നടത്തുന്ന മക്കളെക്കുറിച്ചാണ്. പ്രോഫിറ്റല്ല ആരോഗ്യവും ഹൃദയശുദ്ധിയുമാണ് പ്രധാനം എന്ന നിലയിലേക്ക് നമ്മുടെ ചിന്ത നീങ്ങുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ നല്ല കാഴ്ചകൾ ശേഷിക്കണം. ശൂന്യതയാവരുത്. സത്യത്തോടാണ് നീതി പുലർത്തേണ്ടത്. ധർമ്മത്തോടാണ് കൂറുണ്ടാകേണ്ടത്. എന്നെല്ലാമുള്ള വിചാരങ്ങൾ മാഞ്ഞുപോവുകയാണ്. ധർമ്മത്തിനുവേണ്ടിയാണെങ്കിൽ ഒരാളെ ചതിക്കുന്നതുകൊണ്ടുപോലും കുഴപ്പമില്ല. ചതിക്കുന്നയാൾക്കെങ്കിലും അതുകൊണ്ട് ഗുണമുണ്ടാവണം. പക്ഷേ, കാണുന്നത് അങ്ങനെയല്ല. ചതിക്കുന്നവനും ചതിക്കപ്പെടുന്നവരും തകർന്നുപോകുന്നു. ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന അനുകമ്പ മാഞ്ഞുപോകുന്നു.
നരേന്ദ്രമോദി തിരഞ്ഞെടുപ്പു റാലികളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു മുദ്രാവാക്യമാണ് 'നാംദാർ വേഴ്‌സസ് കാംദാർ' എന്നത്. നാംദാർ എന്നാൽ കുടുംബത്തിന്റെ ബലത്തിൽ അധികാര രാഷ്ട്രീയത്തിലെത്തിയവർ. കാംദാർ എന്നാൽ സേവനത്തിലൂടെ നേതൃത്വത്തിലെത്തിയവർ. നെഹ്രു കുടുംബത്തെ അടിക്കാനുള്ള വടിയായാണ് മോദി ഇത് ഉപയോഗിച്ചതെങ്കിലും ബി.ജെ.പിയും മറ്റ് രാഷ്ട്രീയ പാർട്ടികളും തുല്യനിലയിൽ മക്കൾ രാഷ്ട്രീയം പ്രാക്ടീസ് ചെയ്യുന്നുണ്ട്. 1952 മുതലുള്ള 4807 ലോക്‌സഭാ എം.പിമാരുടെ വിവരങ്ങൾ ശേഖരിച്ച് അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിലെയും ജർമ്മനിയിലെ മാൻഹെയിം യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കോൺഗ്രസിനൊപ്പം മക്കൾ രാഷ്ട്രീയം പ്രാക്ടീസ് ചെയ്യുന്നുണ്ട് ഇന്ത്യയിലെ മറ്റു പാർട്ടികളുമെന്നാണ് കണ്ടെത്തിയത്. ഒരു ഉദാഹരണം മാത്രം പറയാം. കാലിത്തീറ്റ കുംഭകോണത്തിൽ കുടുങ്ങി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നപ്പോൾ ലാലുപ്രസാദ് യാദവ് ഭാര്യയെ മുഖ്യമന്ത്രിയാക്കി പ്രതിഷ്ഠിച്ചു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത റാബ്രിദേവി അങ്ങനെ ബീഹാർ മുഖ്യമന്ത്രിയായി. പിന്നിലിരുന്ന് ഭരണചക്രം തിരിച്ച ലാലു പിന്നീട് മക്കളെ തന്റെ രാഷ്ട്രീയ പിന്തുടർച്ചക്കാരാക്കാനും മറന്നില്ല.
സത്യം, നീതി, ദയ, കാരുണ്യം,വിശ്വാസം തുടങ്ങിയ പദങ്ങൾ ആത്മഹത്യാമുനമ്പിൽനിന്ന് വിറങ്ങലിക്കുന്നു. മനുഷ്യൻ നൈതികതയെ നിരന്തരം ഇങ്ങനെ മുറിവേൽപ്പിക്കുമ്പോഴും പ്രപഞ്ചം നീതിബോധത്തെ കൈവിടാതെ പരിപാലിക്കുന്നുണ്ട്. അതുകൊണ്ടാണ് പുള്ളിക്കുയിലുകളും മാൻപേടകളും ഇപ്പോഴും ഉല്ലാസത്തോടെ നമ്മുടെ ഭൂമിയിൽ വാഴുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |