അതിർത്തികാക്കുന്ന ധീരജവാന്മാർക്ക് രാഷ്ട്രം ഒന്നടങ്കം പിന്തുണയും സ്നേഹാദരങ്ങളും അർപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോടെയാണ് തിങ്കളാഴ്ച പാർലമെന്റിന്റെ ഹ്രസ്വമായ മഴക്കാല സമ്മേളനം ആരംഭിച്ചത്. അതു നടന്നില്ലെങ്കിലും അതിർത്തി സംഘർഷ പ്രശ്നത്തിൽ ചൊവ്വാഴ്ച സഭയിൽ ഒച്ചപ്പാടും ഇറങ്ങിപ്പോക്കും പുറത്ത് കുത്തിയിരുപ്പുമൊക്കെ അരങ്ങേറി. അതിർത്തികളിൽ പാകിസ്ഥാനും ചൈനയും തുടർച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ രാജ്യത്തിനാകെ ഉത്കണ്ഠയും കടുത്ത അമർഷവുമുണ്ടെന്നതു വസ്തുതയാണ്. അതേസമയം വിഷയത്തെ രാഷ്ട്രീയവത്കരിച്ച് ശ്രദ്ധ തിരിച്ചുവിടാതിരിക്കാനാണ് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കേണ്ടത്. അതിർത്തി സംഘർഷത്തെക്കുറിച്ച് പ്രതിപക്ഷം ലോക്സഭയിൽ ചർച്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന നടത്തിയതല്ലാതെ ചർച്ച അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി പുറത്തു ധർണ നടത്തിയത്. നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യം തുടർച്ചയായി നടത്തിവരുന്ന സംഘർഷങ്ങൾ അയൽ രാജ്യങ്ങൾ തമ്മിൽ അവശ്യം പാലിക്കേണ്ട സകല മര്യാദകളും ലംഘിക്കുന്ന വിധത്തിലാണെന്ന് ആഭ്യന്തരമന്ത്രി സഭയിൽ പറയുകയുണ്ടായി. ലഡാക്കിൽ നേരത്തെ ചൈന 38000 ചതുരശ്ര കിലോമീറ്റർ പ്രദേശം കൈയടക്കിവച്ചിരിക്കുകയാണ്. അരുണാചൽ പ്രദേശിലാകട്ടെ 90000 ചതുരശ്ര കിലോമീറ്ററും. ഇതും പോരാതെ പാക് അധിനിവേശ കാശ്മീരിലും അയ്യായിരം ചതുരശ്ര കിലോമീറ്ററിലധികം ഭൂഭാഗങ്ങൾ ചൈനയുടെ പക്കലാണിപ്പോൾ. അന്താരാഷ്ട്ര നിയമങ്ങളും അയൽ ബന്ധങ്ങളിൽ പാലിക്കേണ്ട മര്യാദകളും നഗ്നമായി ലംഘിച്ചുകൊണ്ട് ഇപ്പോഴും ഇന്ത്യൻ ഭൂഭാഗങ്ങൾ കൈയടക്കാനുള്ള ശ്രമം നടത്തുകയാണവർ. ധീരന്മാരായ നമ്മുടെ സൈനികർ ഫലപ്രദമായിത്തന്നെ ചൈനീസ് കൈയേറ്റത്തെ വിഫലമാക്കുന്നുമുണ്ട്. അതിർത്തികളിൽ സംഘർഷ സാദ്ധ്യത ലഘൂകരിക്കാൻ ആവശ്യമായ നടപടികളെടുക്കുമെന്ന് ഉഭയകക്ഷി ചർച്ചകളിൽ ധാരണ ഉണ്ടാക്കുന്നതിനിടയിലും ചൈനയുടെ ഭാഗത്ത് അത്യന്തം പ്രകോപനപരമായ നീക്കങ്ങളാണ് ഉണ്ടാകുന്നത്. അതിർത്തികളിൽ വൻതോതിലുള്ള സേനാവിന്യാസവും അവർ നടത്തിക്കൊണ്ടിരിക്കുന്നു. സേനാതലത്തിലും ഈയടുത്ത് മോസ്കോയിൽ വച്ച് മന്ത്രിതലത്തിലും ഉണ്ടാക്കിയ ധാരണയ്ക്ക് തീർത്തും വിരുദ്ധമായ നടപടികളാണ് തുടർന്നും അതിർത്തി പ്രദേശങ്ങളിൽ അവർ എടുത്തുകൊണ്ടിരിക്കുന്നത്. അതിർത്തി സംഘർഷം ഒഴിവാക്കാൻ എല്ലാ നടപടികളും എടുക്കുമെന്നു സമ്മതിച്ച ശേഷം എല്ലാ ദിവസവും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണവർ. വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരനെന്നു പണ്ടേ കുപ്രസിദ്ധി നേടിയ ചൈനയെ സംബന്ധിച്ചിടത്തോളം കരാർ ലംഘനങ്ങൾ പുത്തരിയൊന്നുമല്ല. കരാറുകളിൽ ഉറച്ചുനിൽക്കുമെന്ന ഇന്ത്യയുടെ പ്രതിജ്ഞ ദൗർബല്യമായി വീക്ഷിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഓരോ കരാറിനു ശേഷവും ചൈനീസ് സേന പുതിയ പുതിയ കുന്നായ്മകൾ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.
ചൈനയുടെയും പാകിസ്ഥാന്റെയും ഏതു തരത്തിലുള്ള കടന്നുകയറ്റവും ചെറുക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രഖ്യാപിച്ചത്. ലഡാക്കിൽ പതിനയ്യായിരം അടി മുകളിൽ രാജ്യ കാവലിൽ ഏർപ്പെട്ടിട്ടുള്ള ധീരന്മാരായ നമ്മുടെ സൈനികർക്ക് ഏതു അടിയന്തര സാഹചര്യവും നേരിടാനുള്ള കരുത്തും പോരാട്ടവീര്യവുമുണ്ട്. അതീവ ക്ളേശകരമായ ചുറ്റുപാടുകളിൽ സേവനമനുഷ്ഠിക്കുന്ന ധീരജവാന്മാരുടെ കൃത്യനിർവഹണം ആവുന്നത്ര സുഖകരമാക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് പ്രതിരോധമന്ത്രി പാർലമെന്റിന് ഉറപ്പും നൽകി. അതിർത്തിയിൽ ചൈന ഇതിനകം നടത്തിയ കരാർ ലംഘനങ്ങൾ അക്കമിട്ട് ചൈനയെ അറിയിച്ചിട്ടുമുണ്ട്.
ചൈനയ്ക്കു പിന്നാലെ പാകിസ്ഥാനും ആകാവുന്നത്ര പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ കാശ്മീരിലെ രജൗറിയിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളിയായ ജവാനാണ് കൊല്ലപ്പെട്ടതെന്ന വിവരം ലഭിച്ചിട്ടുണ്ട്. അടുത്തയാഴ്ച അവധിക്ക് കൊല്ലം കടയ്ക്കലിലെ വീട്ടിൽ എത്താനിരുന്ന അനീഷ് തോമസ് എന്ന യുവ സൈനികനാണ് വീരമൃത്യു വരിച്ചത്. കാശ്മീർ പ്രശ്നത്തിൽ അടവുകളെല്ലാം പരാജയപ്പെടുന്നതിനിടയിലും തുടർച്ചയായി കാശ്മീരിലും അതിർത്തി പ്രദേശങ്ങളിലും സംഘർഷവും ആക്രമണങ്ങളും സൃഷ്ടിച്ച് സമാധാനം തകർക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ. ഇപ്പോൾ അതിനൊക്കെ ചൈനയുടെ കൂട്ടും ഒത്താശയും പതിവിലേറെ ലഭിക്കുന്നുമുണ്ട്. തോൽക്കുമെന്ന് പൂർണമായും അറിഞ്ഞുകൊണ്ട് തന്നെ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം സാഹസങ്ങൾക്ക് കൂടുതൽ കനത്ത തിരിച്ചടിയാണ് തക്ക മറുപടി.
അതിർത്തി സംഘർഷങ്ങളിൽ രാജ്യസ്നേഹമുള്ള ഏതൊരു വ്യക്തിക്കും അതിയായ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. പാർലമെന്റിലായാലും പുറത്തായാലും ഈ വിഷയത്തിൽ സർക്കാരിനെ കഥയില്ലാത്ത വിമർശനങ്ങളിൽ കുരുക്കാനും അപഹസിക്കാനും മുതിരുന്നത് ശരിയല്ല. ചൈനയുടെ പേരു പറയാൻ പോലും പ്രധാനമന്ത്രി മോദിക്കു പേടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ലോക്സഭയിൽ കളിയാക്കിയിരുന്നു. തങ്ങൾ സഭയിൽ സംസാരിക്കുന്നത് രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹം അഭിമാനം കൊണ്ടു. ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചൈന കൈയടക്കിയ പ്രശ്നത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് പ്രതിരോധമന്ത്രി മുന്നോട്ടുവച്ച വസ്തുതകൾ എന്നു ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ സഭയിൽ ബഹളം വച്ചത്. ആരുടെ കാലത്താണ് ഇതൊക്കെ നടന്നതെന്ന് അല്പമൊന്നു ഓർത്തിരുന്നെങ്കിൽ ഇങ്ങനെ വെറുതെ ഒച്ചവയ്ക്കില്ലായിരുന്നു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കരുതലോടെ വേണം അഭിപ്രായം പറയാനും നിലപാടുകൾ സ്വീകരിക്കാനും. ചൈനയെ മോദിക്കു പേടിയാണെന്നു കോൺഗ്രസ് നേതാവ് പറയുമ്പോൾ ചെറുതാകുന്നത് പ്രധാനമന്ത്രിയല്ലെന്ന് ഓർക്കണം. കടന്നാക്രമണത്തിന് കച്ചകെട്ടി നിൽക്കുന്ന ശത്രുരാജ്യങ്ങൾക്കെതിരെ സർക്കാരിനൊപ്പം നിൽക്കുകയെന്നതാണ് സ്വീകാര്യമായ നിലപാട്. പ്രതിരോധ നടപടികളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നതുപോലും ശത്രുരാജ്യങ്ങൾക്ക് നേട്ടമുണ്ടാക്കുന്ന വിധത്തിലാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. സംഘർഷങ്ങൾ തുറന്ന ഏറ്റുമുട്ടലിലേക്കു വളരാതിരിക്കാനാണ് ഇന്ത്യ എന്നും ശ്രമിച്ചിട്ടുള്ളത്. നിയന്ത്രണ രേഖയിൽ ചൈന പരമാവധി പ്രകോപനമുണ്ടാക്കുമ്പോഴും സമാധാനത്തിന്റെ വഴി തേടാനാണ് നമ്മുടെ ശ്രമം. അതിനെ ഭീരുത്വമായോ കഴിവുകേടായോ വീക്ഷിക്കരുത്. എല്ലാക്കാലത്തും ഇന്ത്യ പിന്തുടരുന്ന മാർഗം അതാണ്. പാർലമെന്റിൽ ഉണ്ടയില്ലാ വെടിക്കു മുതിരുന്നവർ ഇത് ഓർക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |