തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. തിരുവനന്തപുരം സി.ബി.ഐ ഓഫീസിലെ മൊഴിയെടുപ്പ് നാല് മണിക്കൂർ നീണ്ടു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരിക്കെ സ്റ്റീഫൻ ബാലുവിനെ സന്ദർശിച്ചിരുന്നു. ഇതിൽ അസ്വാഭാവികതയുണ്ടെന്ന ചില മൊഴികൾ കിട്ടിയതിനാലാണ് ചോദ്യം ചെയ്തത്. ബാലുവുമായി ചേർന്നുള്ള വിദേശയാത്രകളുടെയും വിദേശത്തെ പരിപാടികളുടെയും വിവരങ്ങളും ശേഖരിച്ചു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും ചോദിച്ചറിഞ്ഞു. മൊഴി പരിശോധിച്ച ശേഷം സ്റ്റീഫനെ നുണപരിശോധനയ്ക്ക് വിധേയമാക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി.
ബാലുവിന്റെ സുഹൃത്തായിരുന്ന ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനെയും സി.ബി.ഐ ചോദ്യംചെയ്യും. ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവർക്ക് നുണപരിശോധന നടത്താൻ നടപടി തുടങ്ങി. അപകട സ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെന്ന സോബിയുടെ മൊഴി നുണപരിശോധനയിൽ ശരിയാണെന്ന് കണ്ടാൽ, നയതന്ത്ര സ്വർണക്കടത്ത് കേസിലും പ്രതിയായ സരിത്തിനെ ജയിലിലെത്തി സി.ബി.ഐ ചോദ്യംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |