തിരുവനന്തപുരം: തൊണ്ട പൊട്ടുമാറ് മുദ്രാവാക്യം വിളിച്ച് കൈകൾ ചുരുട്ടിയെറിഞ്ഞ് കൊടി പാറിച്ച് പാഞ്ഞുവരുന്ന സമരക്കാർക്ക്, ബാരിക്കേഡ് കാണുമ്പോൾ ഒരു പ്രത്യേകതരം ആവേശമാണ്. എക്സ്‌പ്രസ് സ്പീഡിലാണ് അതിലോട്ട് ഇടിച്ചു കയറുന്നത്. അപ്പോഴേക്ക് സൈറൺ മുഴങ്ങും. ഛന്നം പിന്നം വെള്ളം പായിക്കലാണ് പിന്നെ. ബാരിക്കേഡിൽ കയറി നിൽക്കുന്നവരും പാഞ്ഞടുക്കുന്നവരുമൊക്കെ തെറിച്ചുവീഴുന്നതാണ് അടുത്ത കാഴ്ച. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം സംസ്ഥാനമാകെ അലയടിക്കുമ്പോഴും ടി.വി സ്ക്രീനിൽ സമരം കാണുന്നവരുടെ താരമാകുന്നത് 'വരുൺ' എന്ന ജലപീരങ്കിയാണ്.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് പുറത്തെടുക്കുന്ന രണ്ടാമത്തെ അടവാണ് ജലപീരങ്കി.
സമരക്കാർ അക്രമവീര്യം പുറത്തെടുക്കുമ്പോൾ പൊലീസ് ആദ്യ അടവ് പ്രകടിപ്പിക്കും. സമരക്കാർ പിരിഞ്ഞു പോകണം. ഇല്ലെങ്കിൽ അടി വരും. നിയപരമല്ലാത്ത ജനക്കൂട്ടമാണിത് എന്ന മട്ടിൽ ഒരു ബാനർ രണ്ടു വടിയിൽ തൂക്കി ഉയർത്തും. ബാരിക്കേഡിന്റെ മെക്കിട്ടുകേറുന്ന കലാപരിപാടി പിന്നേയും തുടരുമ്പോഴാണ് വരുണിന്റെ തോക്ക് വെള്ളം തുപ്പുന്നത്. ഒരു ജലപീരങ്കിയുടെ ഉച്ചിയിൽ രണ്ട് ഗൺ ഉണ്ടാകും. 2004ൽ തിരുവനന്തപുരത്താണ് ആദ്യ വരുൺ അവതരിക്കുന്നത്. ഇപ്പോൾ എല്ലാ ജില്ലകളിലും ഉണ്ട്. വെള്ളമടിക്കു ശേഷമാണ് കണ്ണീർവാതക പ്രയോഗവും പിന്നാലെ ലാത്തിചാർജും വരുന്നത്.
താങ്ങില്ല, വിശ്വരൂപം
'വരുണി'ന്റെ ഡ്രൈവർ സീറ്റിന് അടുത്തായാണ് ജലപീരങ്കി നിയന്ത്രണ സംവിധാനം. ഒരേ സമയം വാഹനം ഓടിക്കുകയും ജലപീരങ്കി പ്രവർത്തിപ്പിക്കുകയും ചെയ്യാം. കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ആക്സിലേറ്റർ ഉപയോഗിച്ചാണ് വെളളത്തിന്റെ തോത് നിയന്ത്രിക്കുന്നത്. 2,250 എൽ.എം.പിയാണ് ഒരു ഗണ്ണിന്റെ പരമാവധി ശക്തി. ഒരു മിനിട്ടിൽ 2,250 ലിറ്റർ വെള്ളം പുറത്തേക്കു ചാടുന്ന ശക്തി. എത്ര ശക്തിമാനായാലും പത്തിരുപത് മീറ്റർ ദൂരത്തേക്ക് തെറിച്ചുവീഴും. ഇതുവരെ മാക്സിമം പവറിൽ ജലപീരങ്കി ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ആദ്യം ചെറുതായി കുളിപ്പിക്കും. പിന്നെ കടുപ്പിച്ച് തുടങ്ങും. അതാണ് രീതി. 300 ഡിഗ്രിവരെ കറങ്ങാൻ കഴിയുന്നതാണ് ഇതിലെ ഗണ്ണുകൾ. സമരക്കാരെ കുളിപ്പിക്കാൻ ഒരു വണ്ടിവെള്ളം (12,000 ലിറ്റർ) മതിയാകില്ല. തീരുമ്പോൾ നിറയ്ക്കാൻ വരുണിനു പിറകിൽ ഫയർ ഫോഴ്സിന്റെ വണ്ടികളുണ്ടാകും. വാട്ടർഅതോറിട്ടിയുടെ സംഭരണികളിൽ നിന്നാണ് വെള്ളം നിറയ്ക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഓടയിലെയും തോട്ടിലെയുമൊക്കെ വെള്ളവും ഉണ്ടാകുമെന്നാണ് ജനസംസാരം.
'ജലപീരങ്കി പ്രയോഗമേൽക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ജലദോഷവും പനിയും മാത്രമല്ല. നെഞ്ചിൽ വെള്ളത്തിന്റെ ചീറ്റലേറ്റാൽ ആന്തരികാവയവങ്ങൾക്കുവരെ ക്ഷതമേൽക്കാം''.
- ഡോ. എബ്രഹാം വർഗീസ്, സംസ്ഥാന പ്രസിഡന്റ്, ഐ.എം.എ
'ജലപീരങ്കി പ്രയോഗത്തോടെ സമരത്തിന്റെ സംഘർഷം തീരണമെന്ന ആഗ്രഹം മാത്രമേ ഉണ്ടാകാറുള്ളൂ".
- അബ്ദുൽ ലത്തീഫ്, വരുണിന്റെ ചുമതലയുള്ള എസ്.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |