ഹരിപ്പാട്: മന്ത്രി കെ.ടി.ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തത് വളരെ അസാധാരണമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷെഡ്യുൾഡ് കുറ്റങ്ങൾ ചെയ്തെന്ന് സംശയമുള്ളവരെയാണ് എൻ.ഐ.എ ചോദ്യം ചെയ്യാറുള്ളത്. കള്ളക്കടത്ത്, തീവ്രവാദം, രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ പ്രവർത്തനം തുടങ്ങിയവയാണ് ഷെഡ്യുൾഡ് കുറ്റകൃത്യങ്ങൾ.
മന്ത്രി തലയിൽ മുണ്ടിട്ടാണ് പോയത്. എൻ.ഐ.എയുടെ ചോദ്യംചെയ്യലിന് മന്ത്രി വിധേയനാകേണ്ടിവന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യസംഭവമാണിത്. ഇനിയെങ്കിലും മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. ഓരോ ദിവസവും ഓരോ അഴിമതി പുറത്ത് വരുന്നു. അന്വേഷണം തന്നിലേക്കും നീങ്ങുമെന്ന ഭയം കൊണ്ടാണ് ജലീൽ രാജിവയ്ക്കേണ്ടന്ന് മുഖ്യമന്ത്രി പറയുന്നത്. പ്രതിപക്ഷം ശക്തമായി പ്രക്ഷോഭം തുടരും. സർക്കാർ രാജിവച്ച് ജനവിധി തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |