കോട്ടയം: ആറന്മുളയിൽ 108 ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിനിരയായ കൊവിഡ് ബാധിതയായ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. നഴ്സിന്റെ സമയോചിതമായ ഇടപെടലാണ് ശ്രമം വിഫലമാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ കൊവിഡ് ഐസൊലേഷൻ വാർഡിലായിരുന്നു സംഭവം.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. അതിന് എതിർവശത്തെ മുറിയിൽ അമ്മയുമുണ്ടായിരുന്നു. ഉച്ചയോടെ അമ്മ കഴുകിയ വസ്‌ത്രം ഉണക്കുന്നതിനായി വെളിയിലേക്കു പോയി. ഇതിനിടെ പെൺകുട്ടി മുറിയുടെ വാതിൽ ഉള്ളിൽ നിന്നു ശക്തിയായി അടയ്‌ക്കുന്നത് ആശുപത്രിയിലെ നഴ്‌സിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ നഴ്‌സ് മുറിയുടെ വാതിലിൽ തട്ടി. എന്നാൽ, മുറി തുറക്കാൻ തയ്യാറായില്ല. തുടർന്നു വിവരം നഴ്‌സിംഗ് ഓഫീസറെ അറിയിച്ചു. അദ്ദേഹം എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് ജീവനക്കാർ ഉള്ളിൽ പ്രവേശിച്ചു. ഈ സമയം ഫാനിൽ രണ്ട് തോർത്തുകൊണ്ട് കുരുക്കിട്ട് പെൺകുട്ടി തൂങ്ങി നിൽക്കുകയായിരുന്നു. തോർത്ത് കഴുത്തിൽ ചുറ്റിയ ശേഷം ടേബിളിന്റെ മുകളിൽ കയറി ഫാനിൽ കുരുക്കിടുകയായിരുന്നു. വനിതാ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് പെൺകുട്ടിയെ പൊക്കി ഉയർത്തി, കെട്ടഴിച്ചു മാറ്റി. പിന്നീട്, സൈക്യാട്രിവിഭാഗം ഡോക്ടർമാരും പരിശോധിച്ചു. ആംബുലൻസിൽ ഡ്രൈവറുടെ പീഡനവും കൊവിഡ് രോഗവും മൂലമുണ്ടായ മാനസിക സംഘർഷമാകാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് ഡോക്‌ടർമാർ പറഞ്ഞു.
കഴിഞ്ഞ ആറിനാണ് ആറന്മുളയിൽ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത്. തുടർന്നു പന്തളത്തെ സ്വകാര്യ ആശുപത്രിക്കു മുന്നിൽ ഇറക്കിവിട്ടു. പീഡനംമൂലം ആരോഗ്യനിലയും മനസികനിലയും കൂടുതൽ തകരാറിലായ പെൺകുട്ടിയെ കഴിഞ്ഞ ഏഴിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇന്നലെ കൊവിഡ് പരിശോധനയ്‌ക്കായി സ്രവം ശേഖരിക്കാനിരിക്കെയാണ് ആത്മഹത്യയ്‌ക്കു ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |