സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ കൊവിഡ് മഹാമാരി സൃഷ്ടിച്ച വൻ ഇടിവു മറികടക്കാൻ ആറുമാസം കൂടി ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പിടിക്കുന്നതുൾപ്പെടെ നിരവധി സുപ്രധാന തീരുമാനങ്ങളാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ടത്. നേരത്തെ പിടിച്ചുവച്ച ശമ്പളം പി.എഫിൽ ലയിപ്പിച്ച ശേഷം അടുത്ത വർഷം ജൂൺ മുതൽ തിരിച്ചുനൽകുമെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നത്. ഇനിയുള്ള ആറു മാസങ്ങളിലും ആറു ദിവസത്തെ വീതം ശമ്പളം കുറയുമെന്നതിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചുകഴിഞ്ഞു. ഭരണാനുകൂല സംഘടനകൾക്ക് സർക്കാർ തീരുമാനത്തിനൊപ്പം നിൽക്കേണ്ടി വരുന്നതിനാൽ വലിയ എതിർപ്പുണ്ടാകാനിടയില്ല. ഏതായാലും സംസ്ഥാനവും രാജ്യം ഒന്നാകെയും നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഇതുപോലുള്ള ചെറിയ ത്യാഗങ്ങൾക്ക് ജീവനക്കാർ തയ്യാറായേ മതിയാവൂ. പലിശ സഹിതം പിന്നീടു മടക്കി നൽകുമെന്ന ഉറപ്പുള്ളതിനാൽ നഷ്ടമൊന്നും സംഭവിക്കാനുമില്ല.
സാലറി കട്ട് തീരുമാനത്തിനു പുറമെ സർക്കാർ ചെലവുകൾ കാര്യമായി കുറയ്ക്കാനുള്ള സുപ്രധാന നിർദ്ദേശങ്ങളും മന്ത്രിസഭായോഗം അംഗീകരിക്കുകയുണ്ടായി. എന്നാൽ അധികാരമൊഴിയാൻ കുറച്ചുനാൾ മാത്രം ശേഷിക്കുന്ന ഒരു സർക്കാരിന് ഈ തീരുമാനം വഴി അധികമൊന്നും നേട്ടം ഉണ്ടാക്കാനാവില്ലെന്നത് വസ്തുതയാണ്. ഭരണത്തിന്റെ ആദ്യ നാളുകളിലോ കുറഞ്ഞപക്ഷം പകുതി പിന്നിടുമ്പോഴോ എടുക്കേണ്ടിയിരുന്ന തീരുമാനം പിരിയാൻ നേരത്ത് എടുത്താൽ ആശിച്ച ഫലം ലഭിക്കില്ല. എന്നിരുന്നാലും ചില രംഗങ്ങളിൽ ആശാവഹമായ മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. ഒരു വർഷത്തേക്കു സർക്കാർ മന്ദിരങ്ങൾ മോടി പിടിപ്പിക്കാനായി പണം ചെലവഴിക്കരുതെന്നാണു നിർദ്ദേശം. അതുപോലെ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനും ഔദ്യോഗിക യാത്രാ ചെലവുകൾക്ക് നിയന്ത്രണം വയ്ക്കുന്നതുമെല്ലാം ഫലം നൽകുന്ന തീരുമാനങ്ങളാണ്.
സ്കൂൾ, കോളേജ് അദ്ധ്യാപക നിയമനങ്ങൾക്ക് കർക്കശ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള തീരുമാനം ആത്മാർത്ഥമായി നടപ്പാക്കിയാൽ ഖജനാവിന്റെ ഭാരം കുറയ്ക്കാനാകും. കൃത്രിമമായി തസ്തിക പെരുപ്പിച്ചു കാണിച്ച് അദ്ധ്യാപകരെ നിയമിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകളുടെ അടവ് ഈ തീരുമാനം വഴി തടയാനാകും. ഒരു കുട്ടി കൂടുതലുണ്ടെങ്കിൽ പുതിയ ഡിവിഷനും അദ്ധ്യാപക നിയമനവുമെന്ന സമ്പ്രദായം എത്രയോ കാലമായി നിലനിൽക്കുകയായിരുന്നു. അദ്ധ്യാപക നിയമനം വഴി മാനേജ്മെന്റുകൾ വൻ നേട്ടമുണ്ടാക്കുമ്പോൾ ഖജനാവ് അത്രകണ്ട് ശോഷിക്കുകയാണു ചെയ്യുന്നത്. എയ്ഡഡ് നിയമനങ്ങളിൽ പ്രൊട്ടക്ടഡ് അദ്ധ്യാപകർക്ക് മുൻഗണന നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പരിഗണന ലഭിക്കാറില്ല. ശമ്പളം നൽകാനുള്ള പൂർണ ബാദ്ധ്യത സർക്കാരിനായിരിക്കെ സ്വകാര്യ സ്കൂൾ അദ്ധ്യാപക നിയമനം പി.എസ്.സിക്കു വിടണമെന്ന ആവശ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. നിയമനത്തിനുള്ള അന്തിമാധികാരം സർക്കാരിനായിരിക്കുമെന്ന് പറയുന്നതല്ലാതെ അങ്ങനെ ഒരവകാശം ഇതുവരെ പ്രയോഗിക്കപ്പെട്ടതായി അറിവില്ല. സ്വകാര്യ സ്കൂളിൽ ഒരു അദ്ധ്യാപകനെ നിയമിക്കുമ്പോൾ മാനേജരുടെ കീശയിലെത്തുന്നത് മുപ്പതോ നാല്പതോ അൻപതോ ലക്ഷം രൂപയാണ്. ചിലപ്പോൾ അതിന്റെ ഇരട്ടി വരെ നൽകാൻ തയ്യാറാകുന്നവരുമുണ്ടാകും. ഏതായാലും ഒരു കുട്ടി അധികമായാൽ പുതിയ തസ്തിക സൃഷ്ടിക്കാൻ കഴിയുന്ന വ്യവസ്ഥ റദ്ദാക്കാനുള്ള മന്ത്രിസഭാ തീരുമാനം നല്ല കാൽവയ്പാണ്.
വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെലവു ചുരുക്കലുൾപ്പെടെയുള്ള തീരുമാനങ്ങളുണ്ടായിരിക്കുന്നത്. ശമ്പളമില്ലാത്ത അവധിയെടുത്ത് വിദേശത്തു ജോലിക്കു പോകുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള അവധി അഞ്ചുവർഷമായി ചുരുക്കാൻ നടപടിയെടുക്കും. പുറം വാതിൽ നിയമനത്തിനുള്ള കുറുക്കുവഴികളിലൊന്നായ അവധിയെടുപ്പിച്ച് പകരം ആളെ നിയമിക്കുന്ന ഇപ്പോഴത്തെ ഏർപ്പാടും അവസാനിപ്പിക്കാനാണു തീരുമാനം. ഇതു മാത്രമല്ല എല്ലാത്തരം പുറം വാതിൽ നിയമനങ്ങളും അവസാനിപ്പിക്കേണ്ടതാണ്. പി.എസ്.സി റാങ്ക് പട്ടികകളിൽ ഇടംപിടിച്ചവരോട് നീതി പുലർത്താൻ അത് എത്രയും ആവശ്യമാണ്.
ജീവനക്കാരുടെ പുനർ വിന്യാസത്തെക്കുറിച്ച് ഓരോ പുതിയ സർക്കാർ വരുമ്പോഴും ഏറെ പറഞ്ഞു കേൾക്കാറുള്ളതാണ്. മന്ത്രിസഭാ തീരുമാനങ്ങളിലും അത് ഇടം പിടിച്ചതായി കാണുന്നു. പ്രവർത്തനം അവസാനിപ്പിച്ച എത്രയോ പദ്ധതികളിൽ അനവധി ഉദ്യോഗസ്ഥർ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നുണ്ട്.
സർക്കാർ ഓഫീസുകൾ മോടിപിടിപ്പിക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും അവ വെടിപ്പായി സൂക്ഷിക്കുന്നതിന് തടസങ്ങളൊന്നുമില്ല. നിർഭാഗ്യവശാൽ ശുചിത്വ നിലവാരം പുലർത്തുന്ന സർക്കാർ ഓഫീസുകൾ നന്നേ കുറവാണ്. ഒടിഞ്ഞ കസേരകളും മേശകളും തുടങ്ങി ചപ്പുചവർ ആക്രിസാധനങ്ങളുടെ കൂമ്പാരം എവിടെയും കാണാം. ഇത്തരം ആക്രി സാധനങ്ങൾ മൂന്നു മാസത്തിനകം വിറ്റഴിക്കണമെന്നാണു നിർദ്ദേശം. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷൻ പരിസരങ്ങളും ഉപേക്ഷിക്കപ്പെട്ട എല്ലാത്തരം വാഹനങ്ങളുടെയും ശവപ്പറമ്പാണിപ്പോൾ. വാഹന ഗതാഗതത്തിനു പോലും തടസമുണ്ടാക്കുന്ന തരത്തിലാണ് അവയുടെ കിടപ്പ്. കാലാകാലം അവ ലേലം ചെയ്തു മാറ്റണമെന്ന് ഹൈക്കോടതി പലവട്ടം ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാൽ നടപടി വല്ലപ്പോഴും മാത്രമാണ്. ഉടമസ്ഥർ തിരികെ എടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാൻ നിയമ തടസമൊന്നുമില്ല. നല്ല വരുമാനമാർഗമാണത്. എന്നിട്ടും വഴിമുടക്കികളായി അവ സ്റ്റേഷൻ പരിസരത്തു കിടക്കുന്നു.
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സർക്കാർ ഓഫീസുകളുണ്ട്. എവിടെയും സർക്കാർ വക ഭൂമി ഒഴിഞ്ഞുകിടക്കുന്നുമുണ്ട്. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി കെട്ടിടങ്ങൾ നിർമ്മിച്ചാൽ വാടക ബാദ്ധ്യതയിൽ നിന്നു രക്ഷപ്പെടാം.
ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പൺ സർവകലാശാല കൊല്ലത്തു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് അംഗീകരിച്ചതാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെ മറ്റൊരു പ്രധാന തീരുമാനം. രണ്ടാഴ്ച മുൻപ് ഇതിനുള്ള തീരുമാനം പുറത്തുവന്നപ്പോൾ മുതൽ അത് അട്ടിമറിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടക്കുകയായിരുന്നു. സംസ്ഥാനത്തെ നാലു സർവകലാശാലകളിലും നിലവിലുള്ള വിദൂര - പ്രൈവറ്റ് പഠന വകുപ്പുകൾ പൂർണമായും നിർദ്ദിഷ്ട ഗുരുദേവ ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കാനുള്ള വ്യവസ്ഥ അടങ്ങിയ നിയമമാണ് വരാൻ പോകുന്നത്. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണർ ഒപ്പിടുന്ന മുറയ്ക്ക് പ്രാബല്യത്തിൽ വരും. വിദൂര പഠനം നടന്നുവരുന്ന സർവകലാശാലകൾ അതു കൈവിടാൻ നിഗൂഢ വഴികൾ തേടിയതോടെയാണ് നിർദ്ദിഷ്ട സർവകലാശാലയെക്കുറിച്ച് ആശങ്കഉയർന്നത്. നിക്ഷിപ്ത താത്പര്യക്കാരുടെ തന്ത്രങ്ങൾ വിലപ്പോയില്ലെന്നത് ആശ്വാസകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |