ചുട്ടുപൊള്ളുന്ന വെയിലിൽ പാട്നയിലെ തെരുവുകൾ മറ്റേതൊരു ഉത്തരേന്ത്യൻ നഗരവുമെന്നപോലെ ഒറ്റനോട്ടത്തിൽ തോന്നിച്ചു. എങ്കിലും പാട്നയുടേതുമാത്രമായ ചിലത് മെല്ലെ തെളിഞ്ഞു വന്നു... മിഥിലാ ചുവർ ചിത്രങ്ങളാൽ അലംകൃതമാണ് മിക്കവാറും മതിലുകൾ... വാട്ടർ ടാങ്കുപോലും ഇത്തരം ചിത്രങ്ങളാൽ മനോഹരമാക്കപ്പെട്ടിരിക്കുന്നു.
പുതിയ ഗംഗാ-റെയിൽറോഡ് പാലം വലിയൊരു മാറ്റം തന്നെ വരുത്തിയിട്ടുണ്ടെന്നും ഉത്തര ബീഹാറിലേക്കുള്ള യാത്ര എളുപ്പമാക്കിയിട്ടുണ്ടെന്നുംനേരത്തെ തന്നെകേട്ടു. പണി പൂർത്തിയായി വരുന്ന ഈ പാലത്തിനു പകരം ട്രാഫിക് കുറവുള്ള പഴയ ഗാന്ധിസേതു (1982 ൽ ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തത്) വിൽകൂടി തന്നെപോകാനായിരുന്നു എന്റെ ലയ്സൺ ഓഫീസർ ഭാവനയുടെ തീരുമാനം. ബൃഹത്തായ ഈ പാലം വരുന്നതിനു മുൻപ് (5750 മീറ്റർ നീളം) വർഷകാലത്തു മുങ്ങിപ്പോകുന്ന രാജേന്ദ്രസേതു മാത്രമായിരുന്നു ഗംഗയ്ക്കു കുറുകെ വടക്കോട്ടുപോകാൻ ഈ ഭാഗത്തുണ്ടായിരുന്നത്.
ഗംഗ ശാന്തമായൊഴുകുന്നു. ചില മണ്ണുമാന്തിക്കപ്പലുകളും മറ്റും നൗകകൾക്കു പുറമേ കാണാം. 390 ഡിഗ്രിചൂടിൽ ഭൂമിയുരുകുന്നു... എങ്കിലും കാറിന്റെ ചില്ലു ജാലകം നീക്കുമ്പോൾ ഗംഗയുടെ കുളിർ! ആരാണീ ഗംഭീരവതിയായ സ്നേഹമയിയെ നമിച്ചുപോവാത്തത്!
ബീഹാറിന്റെ സാമ്പത്തിക തലസ്ഥാനമെന്നു മുസാഫർപൂറിനെ വിശേഷിപ്പിക്കാം. എല്ലാ വ്യാപാരങ്ങളുടെയും സിരാകേന്ദ്രം... കൽക്കട്ടയിൽ നിന്നും കാൺപൂരിൽ നിന്നുമെല്ലാമുള്ള വിഭവങ്ങൾ... എന്തിനു, തെക്കുസേലത്തു നിന്നുപോലുമുള്ളവ ഈ വ്യാപാര കേന്ദ്രത്തിലേക്കൊഴുകുന്നു...
ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി കണക്കാക്കപ്പെടുന്ന മുസാഫർപൂർ ജില്ലാ ആസ്ഥാനത്തേയ്ക്ക് പാട്നയിൽ നിന്ന് ഏതാണ്ട് രണ്ടേകാൽ മണിക്കൂർ യാത്ര...റോഡിനിരുവശവുംനോക്കെത്താ ദൂരത്തോളം പാടങ്ങൾ...ഗോതമ്പു വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചിരിക്കുന്നു...ഗോതമ്പ് കൂനകളും കച്ചിക്കൂനകളും സ്വർണ നിറമാർന്നു തിളങ്ങുന്നു... അവയ്ക്കിടയിലൂടെമേയുന്ന കാലികൾ... ഇടയ്ക്കിടെ നീൽ ഗായ് എന്ന മാനുകളെയും (ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഏറ്റവും വലിയ മാൻ) കാണാം... അവ കർഷകർക്കു വലിയ ശല്യമാണെന്ന് ഭാവന പറഞ്ഞു. റോഡുകൾ വളരെ നന്നായിട്ടുണ്ടല്ലോ എന്ന എന്റെ അഭിപ്രായംകേട്ടു ഭാവന പറഞ്ഞു-ബീഹാറിലങ്ങോളമിങ്ങോളം ഇന്നു വളരെ നല്ലറോഡുകളുണ്ട്... ഒപ്പം തന്നെ വൈദ്യുതിയും...
പൊടി നിറഞ്ഞ മുസാഫർപൂർ പട്ടണം... ഇടുങ്ങിയറോഡുകൾ... പഴക്കം ചെന്ന കെട്ടിടങ്ങൾ... മുസാഫർപൂർ സർക്കീട്ട് ഹൗസിലാണ് താമസ സൗകര്യം... അവിടെ ചുറ്റുപാടും മരങ്ങൾ കണ്ടതേ എനിക്കു സന്തോഷമായി. മരങ്ങൾ കണ്ണിമാങ്ങ നിറഞ്ഞ മാവുകളാണെന്നാണ് ഞാനാദ്യം കരുതിയത്. എന്നാൽ അടുത്തു ചെന്നുനോക്കുമ്പോൾ വളരെ വ്യത്യസ്തം. അവ ലിച്ചി മരങ്ങളാണ്... ജിയോടാഗ് ലഭിച്ചിട്ടുള്ള പ്രസിദ്ധമായ മുസാഫർപൂർ ലിച്ചി... ജൂണാകുമ്പോഴേക്കു വിളഞ്ഞു ചുവന്നു പഴുക്കുന്ന സ്വാദുള്ള ലിച്ചി... (അവ രുചിക്കാൻ മെയ് മാസമായപ്പോഴേക്കും അവസരം ലഭിച്ചു… എന്തൊരു സ്വാദ്)
രാത്രി സർക്കീട്ട് ഹൗസിന്റെ മതിൽക്കെട്ടിനുള്ളിൽ നടക്കാനിറങ്ങി. പുറത്തെ പൊടിപടലങ്ങൾ കാരണം റോഡിലേക്കു നടക്കാനിറങ്ങുക സാദ്ധ്യമല്ല. പിറ്റേന്നു വൈകിട്ട് പട്ടണത്തിലെസ്റ്റേഡിയത്തിൽ നടക്കാനിറങ്ങി. നഗരവാസികൾക്കെല്ലാം നടക്കാൻ മറ്റു വിശാലസ്ഥലങ്ങളില്ലാത്തതിനാലാവാം സ്റ്റേഡിയത്തിലും നല്ല തിരക്ക്. സ്റ്റേഡിയത്തിൽ ട്രാക്കുകൾ ഉറപ്പിക്കുകയോ പുല്ലു വച്ചു പിടിപ്പിക്കുകയോ ചെയ്യാത്തതിനാൽ പൊടിയുടെ പൂരം! വടക്കൻ ബീഹാറിന്റെ ഈ സാമ്പത്തിക തലസ്ഥാനം പൊടിയുടെ കൂടി തലസ്ഥാനമാണെന്നുതോന്നും!
ഒരു ദിവസം ഉച്ചയോടെ മുസാഫർപൂരിലെ സെൻട്രൽ ജയിൽ സന്ദർശിക്കാൻ തീരുമാനിച്ചു. ഷാഹിദ് ഖുദിറാംബോസിന്റെപേരാണു ജയിലിന്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രായം കുറഞ്ഞ വിപ്ലവകാരി. പതിനെട്ടാം വയസിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ കഴുമരത്തിലേറ്റിയത് ഈ ജയിലിൽ വച്ചാണ്. എസ്.പി. മനോജും എന്റെ ഒപ്പം വന്നു. എല്ലാ വർഷവും രക്തസാക്ഷി ദിനത്തിൽ അഭിവാദ്യമർപ്പിക്കാൻ ജയിലിൽ സ്ഥലം എസ്.പിയും കളക്ടറും എത്തുമത്രേ. അതിനാൽ തനിക്ക് സ്ഥലം പരിചിതമാണെന്നു മനോജ് പറഞ്ഞു.
പല പ്രമാദമായകേസുകളിലെ പ്രതികളെയും പാർപ്പിച്ചിട്ടുള്ള അതീവ സുരക്ഷാകേന്ദ്രമാണ് മുസാഫർപൂർ സെൻട്രൽ ജയിൽ. ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ കടന്നപ്പോൾ ഭിത്തിയിൽ തൂങ്ങുന്ന ഖുദിറാംബോസിന്റെ ചിത്രം തന്നെയാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. ആദ്യം ഖുദിറാംബോസിനെ താമസിപ്പിച്ചിരുന്ന സെല്ലിലേക്കാണുപോയത്. സെല്ലിനുള്ളിൽ അദ്ദേഹത്തിന്റെ ചിത്രം വച്ചിട്ടുണ്ട്. തിളയ്ക്കുന്ന ചൂടിൽ അവിടെ നിന്ന് അദ്ദേഹത്തെ തൂക്കിലേറ്റിയ സ്ഥലത്തേയ്ക്കാണു പിന്നീടു നടന്നത്.
1908 ആഗസ്റ്റു മാസം 11-ാം തീയതിയാണ് വധശിക്ഷ നടപ്പാക്കിക്കൊണ്ട് അദ്ദേഹത്തെ തൂക്കിലേറ്റിയത്. ബ്രിട്ടീഷ് ജഡ്ജായ ഡഗ്ലസ് കിംഗ്സ്ഫോർഡിനെ കൊല്ലാനായി ഗൂഢാലോചന നടത്തുകയുംബോംബേറിൽ രണ്ടു ബ്രിട്ടീഷ് വനിതകൾ കൊല്ലപ്പെടുകയും ചെയ്തകേസിലാണ് അദ്ദേഹത്തിനു ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കിയതറിഞ്ഞ് നഗരം മുഴുവൻ പുഷ്പാർച്ചനയുമായി ഖുദിറാമിനു ജയ് വിളിച്ചു. ബ്രിട്ടീഷുകാരോടുള്ള വൈരാഗ്യം ജനങ്ങളിൽ ആളിക്കത്തി. ബംഗാളി കവിയായ കാസി നസ്റുൾ ഇസ്ലാം, ഖുദിറാംബോസിനെക്കുറിച്ചു വിപ്ലവ കവിത രചിച്ചു. മിഡ്നാപൂരിലെ നെയ്ത്തുകാർ 'ഖുദിറാം"എന്നു ആലേഖനം ചെയ്ത മുണ്ടുകൾ നെയ്തു. വിദ്യാർത്ഥികൾക്കിടയിൽ ഈ മുണ്ടിനു പ്രചുരപ്രചാരം ലഭിച്ചു. സ്വാതന്ത്ര്യസമരം ആളിക്കത്തിക്കാൻ ഖുദിറാം ബോസിന്റെ രക്തസാക്ഷിത്വത്തിനു കഴിഞ്ഞു. ബംഗാളിലും ബീഹാറിലും ഇന്നും അദ്ദേഹം ജ്വലിക്കുന്ന ഓർമ്മയാണ്. ഒരു നൂറ്റാണ്ടു മുൻപു നടന്ന ഒരു കഥയല്ല ഇവിടെ ചെറുപ്പക്കാരിൽ പലർക്കും സ്വാതന്ത്ര്യസമരം... ജനമനസിൽ ജീവിക്കുന്ന സ്വാതന്ത്ര്യ പ്രതീകമാണ് ഖുദിറാംബോസ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |