സംസ്ഥാനത്തെ ഏറ്റവും വലിയ റെഗുലേറ്റർ കം ബ്രിഡ്ജാണ് മലപ്പുറം പൊന്നാനി നരിപ്പറമ്പിലെ ചമ്രവട്ടം. 978 മീറ്റർ നീളമുള്ള പാലത്തിനും റെഗുലേറ്ററിനുമായി 148 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. ഭാരതപ്പുഴയിൽ 13 കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ ഉയരത്തിലും ജലം സംഭരിച്ച് മലപ്പുറം ജില്ലയിലെ 4,344 ഹെക്ടർ കൃഷി ഭൂമിയിൽ ജലസേചനവും 16 പഞ്ചായത്തുകൾക്കും തിരൂർ, പൊന്നാനി നഗരസഭകൾക്കും കുടിവെള്ളവും ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി യാഥാർത്ഥ്യമായി ഏഴ് വർഷം പിന്നിട്ടിട്ടും ഒരുതുള്ളി വെള്ളം പോലും സംഭരിക്കാനായിട്ടില്ല. നിർമ്മാണത്തിലെ അശാസ്ത്രീയതയും റെഗുലേറ്ററിലെ ചോർച്ചയുമാണ് ഇതിനുകാരണം. അറ്റക്കുറ്റപ്പണിക്കായി അടുത്തിടെ മാത്രം ചെലവിട്ടത് ഒരുകോടി രൂപയാണ്. നിർമ്മാണത്തിൽ വലിയ അഴിമതി നടന്നതായി വിദഗ്‌ദ സമിതി റിപ്പോർട്ട് നൽകിയെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്തെ ഉന്നതരുടെ പങ്ക് സംബന്ധിച്ച ആരോപണങ്ങൾ പുറത്തുവന്നിട്ടും ഇവരെല്ലാം നിർഭയം വിഹരിക്കുകയാണ്.
നിർമ്മാണ സമയത്ത് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ മറവിൽ ഭാരതപുഴയിൽ നിന്ന് വൻതോതിൽ മണൽ കൊള്ളയും നടന്നിരുന്നു. വലിയ കണ്ടൈനർ ലോറികളിൽ ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെയായിരുന്നു മണൽ കടത്ത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഇരുട്ടിന്റെ മറയിലായി പിന്നെയുള്ള മണൽ കടത്ത്. ഭാരതപ്പുഴയുടെ അടിത്തട്ടടക്കം ഇളക്കിമറിച്ചുള്ള അനധികൃത മണൽ കടത്തിൽ യഥാവിധി അന്വേഷണം പോലും നടന്നിട്ടില്ല.
ഭാരതപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ച് പൊന്നാനിയേയും തിരൂരിനേയും ബന്ധിപ്പിച്ചതിലൂടെ കൊച്ചി - കോഴിക്കോട് യാത്രയ്ക്ക് 38 കിലോമീറ്റർ കുറവുള്ള പുതിയൊരു പാത സൃഷ്ടിക്കപ്പെട്ടത് മാത്രമാണ് ചമ്രവട്ടം പദ്ധതിയുടെ എടുത്തുപറയാനുള്ള നേട്ടം. ജല ഗതാഗതം, കുടിവെള്ള വിതരണം, മത്സ്യബന്ധനം, ടൂറിസം മേഖലകളും പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. കടലിൽ നിന്ന് പുഴയുടെ മേൽഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാൻ കൂടിയാണ് റഗുലേറ്റർ നിർമ്മിച്ചതെങ്കിലും ഇപ്പോഴും ഉപ്പുവെള്ളം യഥേഷ്ടം കയറുന്നുണ്ട്. റെഗുലേറ്ററിന്റെ ഷട്ടറുകൾക്കിടയിലെ ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ പരസ്പരം അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിലാണ് ഇരുമുന്നണി നേതൃത്വങ്ങൾക്കും താത്പര്യം.
പഠന റിപ്പോർട്ട് പാതിയിൽ
അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് റെഗുലേറ്റർ കംബ്രിഡ്ജിന്റെ ചോർച്ചയാണ് പദ്ധതിക്ക് വിനയായത്. പൈലിംഗിനിടയിലെ ചോർച്ച മൂലം ഷട്ടറുകൾ വേനൽക്കാലത്ത് പോലും അടച്ചിടാറില്ല. 2013ൽ പദ്ധതിയുടെ 70 ഷട്ടറുകളും അടച്ച് പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം സംഭരിച്ചപ്പോൾ ചില സ്പാനുകളിൽ ഏപ്രണിന്റെ അടിയിലൂടെ വെള്ളം ചോരുന്നതായി കണ്ടു. അറ്റകുറ്റപ്പണികൾക്ക് ശേഷം തൊട്ടടുത്ത വർഷം വീണ്ടും ഷട്ടറുകൾ അടച്ചപ്പോൾ ചോർച്ച കൂടുതൽ സ്പാനുകളിലേക്ക് വ്യാപിച്ചതായും ചോർച്ചയുടെ തോത് വർദ്ധിച്ചതായും കണ്ടെത്തി. 20 ഷട്ടറുകൾക്കിടയിലൂടെയാണ് വലിയ രീതിയിലുള്ള ചോർച്ച. ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞ വർഷം റെഗുലേറ്റർ ഡിവിഷന് സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള മൂന്നര മുതൽ ഏഴ് മീറ്റർ വരെയുള്ള പൈലിംഗിനോട് ചേർന്ന് തൊട്ടുതാഴെയായി 11.2 മീറ്റർ ആഴത്തിൽ പൈലിംഗ് നടത്തി ഷീറ്റുകൾ സ്ഥാപിച്ചാലേ ചോർച്ചയ്ക്ക് പരിഹാരം കാണാനാവൂ എന്നാണ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. 51 കോടിയോളം രൂപ ഇതിനായി ചെലവ് വരും. ഇതിനുള്ള തുക പൂർണമായും വകയിരുത്താനുള്ള നടപടികളാണ് ഇനി വേണ്ടത്.
നഷ്ടം പെരുകുന്നു
ചോർച്ച പരിഹരിക്കുന്നത് നീണ്ടുപോയാൽ വലിയ നഷ്ടങ്ങളാവും നേരിടുക. തുരുമ്പെടുത്ത് നശിക്കുന്ന ഷട്ടറുകൾ മാറ്റുന്നതിനും മറ്റു ഷട്ടറുകൾ പെയിന്റടിക്കുന്നതിനും വേണ്ടി ഒരുകോടി രൂപയാണ് അടുത്തിടെ മാത്രം ചെലവഴിച്ചത്. 70 ഷട്ടറുകളിൽ ഭൂരിഭാഗവും തുരുമ്പെടുത്തിരുന്നു. താഴ്ത്തിയ ഷട്ടറുകൾ പ്രളയകാലത്ത് ഉയർത്താൻ ബുദ്ധിമുട്ടിയതോടെയാണ് അറ്റകുറ്റപ്പണി വേഗത്തിലാക്കിയത്. പദ്ധതിയുടെ സുരക്ഷയ്ക്കായി പാലത്തിന് താഴെ കൂട്ടിയിട്ട കൂറ്റൻ കരിങ്കൽ പാറകൾ പ്രളയ കുത്തൊഴുക്കിൽ ഒഴുകിപോയിട്ടുണ്ട്. ഇതോടെ പാലത്തിന് അടിയിലായി നിർമ്മിച്ച കോൺക്രീറ്റ് സ്ലാബുകളും മീറ്ററുകളോളം തകർന്നിട്ടുണ്ട്. പദ്ധതിയിൽ ജലസംഭരണം നടക്കുമ്പോൾ കര കവിയാതിരിക്കാനായി നിർമ്മിച്ച സുരക്ഷാഭിത്തികളും തകർച്ചയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |