തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനു പകരം ,ഖുറാനെ മറയാക്കി വിഷയം വഴിതിരിച്ചുവിടാൻ സി.പി.എം ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വർണക്കടത്ത് വിവാദത്തിലേക്ക് ഖുറാനെ വലിച്ചിഴച്ച് തടിയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്.
ആക്ഷേപമുണ്ടായതും ആരോപണമുയർന്നതും സ്വർണക്കടത്തിനെക്കുറിച്ചാണ്. ഇതേക്കുറിച്ചൊന്നും പറയാതെ സക്കാത്തും ഇഫ്താർ കിറ്റും ഖുറാനുമെല്ലാം ചർച്ചയാക്കുന്നത് ശരിയായ നടപടിയല്ല. ബോധപൂർവ്വം മതപരമായ കാര്യങ്ങളിലേക്ക് ചർച്ച വഴിതിരിച്ചുവിടാൻ കാട്ടുന്ന മെയ്‌വഴക്കം ജനങ്ങൾക്ക് മനസിലാകുന്നുണ്ട്.
. എല്ലാമത ഗ്രന്ഥങ്ങളും നാട്ടിൽ പ്രിന്റു ചെയ്യുകയും വിതരണം ചെയ്യുകയും പാരായണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നതാണിത്. അല്ലാതെ ഇടത് സർക്കാരിന്റെ സൗജന്യമല്ല. പരസ്യമായി ആർക്കും കൊണ്ടുവരാവുന്നതാണ് ഖുറാൻ. നയതത്ര ചാനലിലൂടെ കള്ളക്കടത്തായി സ്വപ്ന സുരേഷ് കൊണ്ടുവരേണ്ടതല്ല. ഇത് ചൂണ്ടിക്കാട്ടുമ്പോൾ വിഷയം മാറ്റുന്നത് മാനക്കേടാണ്. കേരളത്തിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് ഇടതു മുന്നണി ശ്രമിക്കുന്നത്..ഇവിടെ ബി.ജെ.പി ഒന്നുമല്ല. എൽ.ഡി.എഫും യു.ഡി.എഫുമേയുള്ളു.. ബി.ജെ.പിയാണ് മുഖ്യശത്രുവെന്നു വരുത്തിത്തീർക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യ സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |