അഗ്നിപുത്രി എന്നു കേൾക്കുമ്പോൾ നാടകാചാര്യൻ എസ്.എൽ. പുരം സദാനന്ദനെക്കുറിച്ചോർമ്മവരും. നാടക - സിനിമാ ലോകത്തെ ആ കുലപതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് സെപ്തംബർ 16 ന് 15 വർഷം തികഞ്ഞു.എസ്.എൽ. പുരത്തിന് ഏറെ യശസും ധനവും നേടിക്കൊടുത്ത ഒരു കലാസൃഷ്ടിയായിരുന്നു അഗ്നിപുത്രി. എന്നാൽ അഗ്നിപുത്രിയിലെ സിന്ധു എന്ന സ്ത്രീ കഥാപാത്രം അദ്ദേഹത്തിന്റെ ഒരു ഭാവനാ സൃഷ്ടിയായിരുന്നില്ല. ആശാന്റെ കരുണയിലെ വാസവദത്തയെപ്പോലെ ആലപ്പുഴയ്ക്ക് വടക്ക് തെക്കനാര്യാട് എന്ന എന്റെ ജന്മനാട്ടിൽ മഹാറാണിയെപ്പോലെ ഏറെക്കാലം കഴിഞ്ഞവരാണവർ. കാഴ്ചയിൽ മഹാലക്ഷ്മിയെപ്പോലെയിരുന്ന അവരുടെ പേരും ലക്ഷ്മി എന്നു തന്നെയായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഈ വേശ്യാ സ്ത്രീക്ക് എന്നും എടുത്തൊരുക്കാൻ ഇടം വലം രണ്ടു തോഴിമാരും ഉണ്ടായിരുന്നു. അസാധാരണമായ അവരുടെ ജീവിതത്തിന്റെ ഉയർച്ചയും തകർച്ചയും അടുത്തു നിന്നു കണ്ടറിഞ്ഞ എനിക്ക് കുമാരനാശാനെപ്പോലെ ഒന്നേ ചോദിക്കാനുള്ളൂ.
......അധികതുംഗപദത്തിലെത്ര ശോഭി-
ച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
അവർ ഈയിടെ തൊണ്ണൂറാം വയസിൽ കോഴിക്കോട്ടുള്ള സർക്കാർ വക അഗതി മന്ദിരത്തിൽക്കിടന്ന് ആരുമറിയാതെ മരിച്ചുപോയി. ചെറുപ്പത്തിൽ ഏതോ ഒരു പ്രബല കുടുംബത്തിൽ നിന്നും ഒരു പറ്റം വിടൻമാർ, ഒറ്റരാത്രികൊണ്ട് അവരെ വീട്ടുകാരറിയാതെ പുറത്തു ചാടിച്ച് ആലപ്പുഴയിലെത്തിക്കുകയായിരുന്നു. അന്നവർക്കു പ്രായം പതിനാല്. പണ്ടത്തെ നീളൻ പാവാടയും ബ്ളൗസുമായിരുന്നു വേഷം. പത്തുകൊല്ലം മുൻപ് അവർക്കെൺപതു കഴിഞ്ഞുകാണും എന്റെ വീട്ടുവാതുക്കൽ വന്ന് തേങ്ങിക്കരഞ്ഞുകൊണ്ട് പോയകാല കഥകളെല്ലാം, ഏക മകളുടെ ആത്മഹത്യ അടക്കം അവരെന്നെ പറഞ്ഞു കേൾപ്പിച്ചു. ചേർത്തലയിൽ നിന്നും ആലപ്പുഴയിലേക്കുള്ള ആ രാത്രിയിലെ യാത്രയ്ക്കൊടുവിൽ ഞാനാളാകെ മാറിപ്പോയെന്ന് അവർ പറഞ്ഞു. ''നേരം പുലർന്നപ്പോൾ സ്ത്രീ സഹജമായ ലജ്ജയും, ഭയവും എല്ലാമെനിക്കന്യമായെന്നും പറഞ്ഞു.
ഞാനോർത്തുപോയി ലജ്ജ വേശ്യകൾക്കു ചേർന്നതല്ലെന്ന് നീതിസാരത്തിൽ പറഞ്ഞിട്ടുള്ള കാര്യം. അപാരമായ മുഖപ്രസാദവും ചില പുരുഷന്മാരിൽ മാത്രം കാണാറുള്ള തലയെടുപ്പും അവരുടെ പ്രത്യേകതയായിരുന്നു. ആലപ്പുഴയിലെ അന്നുണ്ടായിരുന്ന കുപ്രസിദ്ധമായ ഷഡാമണി കള്ള് ഷാപ്പിലാണ് അവർക്കഭയം ലഭിച്ചത്. തുടർന്ന് കയറും കൊപ്രയും കയറ്റി കേവു വള്ളങ്ങളിൽ ആലപ്പുഴ ചുങ്കത്ത് (കിഴക്കിന്റെ വെനീസ്) വന്നിരുന്ന പല മുതലാളിമാരും ഷാപ്പിലെ പെണ്ണിനെത്തേടിയെത്തി. ഒരിക്കൽ ഷാപ്പിൽ കുടിക്കാനെത്തിയ രണ്ട് റൗഡികൾ തമ്മിൽ ഇവൾക്കുവേണ്ടി ഏറ്റുമുട്ടി. ഒടുവിലാ കലഹം കത്തിക്കുത്തിൽ കലാശിച്ചു. കുത്തിയവൻ തൽക്ഷണം കടന്നുകളഞ്ഞെങ്കിലും കണ്ടുനിന്ന ലക്ഷ്മി ഒന്നാം പ്രതിയായി. അതോടെ ലക്ഷ്മിക്ക് കഠാരി ലക്ഷ്മി എന്ന ഇരട്ടപ്പേരും വീണു. കേസ് അമ്പലപ്പുഴ കച്ചേരിമുക്കിലെ മജിസ്ട്രേട്ട് കോടതിയിലാണ് വാദം കേട്ടത്. അന്നവിടത്തെ യുവ അഭിഭാഷകനായിരുന്ന തകഴി ശിവശങ്കരപ്പിള്ള ലക്ഷ്മിക്കുവേണ്ടി വക്കാലത്തേറ്റെടുത്തു. ചില്ലിക്കാശ് തന്നോട് പ്രതിഫലം വാങ്ങാതെ കേസിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയ കഥയും അവർ അനുസ്മരിച്ചു. താമസിയാതെ കഠാരി ലക്ഷ്മി എന്ന പേരു ചേർത്തു കൊണ്ടു തന്നെ ഒരു ചെറുകഥാ പുസ്തകം അദ്ദേഹം പുറത്തിറക്കി.
സ്വന്തം പേരിനു മുന്നിൽ കഠാരി ഉണ്ടായിരുന്നതിനാൽ ഒരു വിധപ്പെട്ട ആണുങ്ങളാരും ലക്ഷ്മിയെ സമീപിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. നന്നായി പാട്ടുപാടുമായിരുന്ന അവർ അവരുടെ മാദക രാത്രികളിൽ ഭാസ്കരൻ മാസ്റ്ററുടെ
''അകലെ ആ ഗ്രാമത്തിൻ ഗദ്ഗദം കേൾപ്പീലേ
അവരെ അറിയില്ലേ നിങ്ങൾ?''
എന്നു തുടങ്ങുന്ന ഗാനം മധുര മധുരമായ് പാടിയിരുന്നു.
പ്രിയകവി വയലാർ തന്നെക്കൊണ്ട് പലവട്ടം ഈ പാട്ട് ആവർത്തിച്ച് പാടിച്ചിട്ടുണ്ടെന്നവർ പറഞ്ഞു. ഒടുവിലദ്ദേഹം പറഞ്ഞു.
''ലക്ഷ്മി ഞാൻ നിന്നെക്കുറിച്ചൊരു കവിത എഴുതിക്കഴിഞ്ഞു. കത്രീന.''
ഞാൻ ചോദിച്ചു. ''ചേച്ചി ആ കവിത... വായിച്ചിട്ടുണ്ടോ?''
''ഇല്ല മോനേ എനിക്കെഴുത്തും... വായനയും അറിയില്ലല്ലോ?''
ഞാൻ പാടിക്കേൾപ്പിച്ചു.
''കത്രീന ആലപ്പുഴക്കള്ളുഷാപ്പിലെ
കത്രീന പച്ചക്കരിമ്പുതുണ്ടാണവൾ
മേൽ മുണ്ടിടാതവൾ നിൽക്കുന്ന കാണുവാൻ
ആദിക്കിലൊക്കെ നടക്കും പ്രമാണിമാർ
ശരിയാണ്..... ഞാനവരെക്കാണുമ്പോഴൊന്നും അവർ മേൽ മുണ്ട് ധരിച്ചിരുന്നില്ല. താമസിയാതെ അവർ കറങ്ങിത്തിരിഞ്ഞു വന്ന് എന്റെ ഗ്രാമത്തിൽ സ്ഥിര താമസമാക്കി. സ്വന്തമായൊരു വീടും വിലയ്ക്ക് വാങ്ങി. വയലാർ തന്റെ ആയിഷയിൽ
ചന്തസ്ഥലത്തിന്നടുത്തൊരു മൂലയിൽ
സ്വന്തമായുണ്ടവൾക്കിന്നൊരു കെട്ടിടം
എന്നു തുടങ്ങുന്ന പരാമർശത്തിന്റെ പശ്ചാത്തലമിതാണ്. വ്യഭിചാരം കുറ്റകരമാണല്ലോ. അന്നൊരു സന്ധ്യയ്ക്ക് നാട് വിറപ്പിച്ചിരുന്ന സ്ഥലം സബ് ഇൻസ്പെക്ടർ സാക്ഷാൽ ''സത്യൻ'' ആ വീട്ടു മുറ്റത്തു വന്നിറങ്ങി. എന്തുദ്ദേശത്തിലാണ് അന്നദ്ദേഹം വന്നതെന്നറിയാൻ കഴിയാതെ പോയതിനാൽ പിടി കൊടുക്കാതെ അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സൗന്ദര്യവും സാമർത്ഥ്യവും ഒത്തിണങ്ങിയ ഈ ജ്വലിക്കുന്ന സൗന്ദര്യത്തെ ഒരിക്കൽ കുഞ്ചാക്കോ സിനിമയിലഭിനയിക്കാൻ ഒരു ദൂതൻ വഴി ഉദയാസ്റ്റുഡിയോയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും താത്പര്യമില്ലെന്നു പറഞ്ഞൊഴിയുകയായിരുന്നു.
ഇക്കാലത്ത് അവർ ഒരു പെൺകുഞ്ഞിന് ജന്മവും നൽകി. അപ്പോഴും കുമാരനാശാന്റെ കരുണയിലെ വാസവദത്തയെപ്പോലെ ''പട്ടം കെട്ടിയ രാജ്ഞി''യായിത്തന്നെ അവർ വിലസി. എന്നും രാവിലെ കുളികഴിഞ്ഞ് പുതുമണം മാറാത്ത നീളക്കളമുള്ള കള്ളിമുണ്ടും ഇളം റോസ് നിറത്തിലെ ബ്ളൗസും ധരിച്ച് പണ്ടത്തെ കുട്ടിക്കൂറാ പൗഡറും പൂശി, നെറ്റിയിൽ വലിയ നീലപ്പൊട്ടും തൊട്ട് അവർ പുറത്തേക്കിറങ്ങി വരുന്നതുകണ്ടാൽ, അണിഞ്ഞൊരുങ്ങിവരുന്ന പെണ്ണുങ്ങൾ പോലും അസൂയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് അവർ മാരാരിക്കുളത്തന്നുണ്ടായിരുന്ന വളവനാട് കള്ളുഷാപ്പിൽ വന്നെത്തുന്നത്. തൊട്ടടുത്താണ് പ്രസിദ്ധമായ എസ്.എൽ. പുരം എന്ന സ്ഥലം. ഇവിടം മുതൽക്കാണ് ലക്ഷ്മി സാക്ഷാൽ എസ്.എൽ. പുരം സദാനന്ദന്റെ അഗ്നിപുത്രിയായി മാറുന്നത്.
ആയിടയ്ക്ക് എറണാകുളം ലാ കോളേജിൽ നിന്ന് നിയമ പഠനം കഴിഞ്ഞ് എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഒരു നിയമ വിദ്യാർത്ഥി, ചേർത്തല ആലപ്പുഴ വഴി കായംകുളത്തുള്ള സ്വന്തം തറവാട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോകുമായിരുന്നു. വളവനാട് ഷാപ്പിനു മുന്നിൽ വച്ച് ലക്ഷ്മിയെ കണ്ട നാൾ മുതൽ അയാൾ മുടക്കം കൂടാതെ അവിടെയിറങ്ങും. പിന്നെ രാവേറെ ചെന്നു കഴിഞ്ഞേ ലക്ഷ്മിയെ പിരിഞ്ഞിരുന്നുള്ളൂ. ഒടുവിൽ ഇരുവരും വിവാഹിതരാവാൻ തന്നെ തീരുമാനിച്ചു. തനിക്ക് പത്തു വയസുള്ള ഒരു മകളുണ്ടെന്ന് ലക്ഷ്മി അറിയിച്ചിട്ടും യുവാവ് പിന്തിരിഞ്ഞില്ല. കുഞ്ഞിനെ താൻ സ്വന്തം മകളായിത്തന്നെ വളർത്താമെന്നയാൾ വാക്കു കൊടുത്തു. എന്നാൽ ആ കുഞ്ഞിന്റെ അച്ഛൻ അകലെ എവിടെയോ ഉള്ള ഒരു പൊലീസ് മേധാവി ആണെന്നറിയുന്നതോടെ ജീവിതമാകുന്ന അഗ്നിപർവതം പുകഞ്ഞു തുടങ്ങി. ഒടുവിൽ ആ പൊലീസ് മേധാവി തന്നെ ലാ കോളേജിലയച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന തന്റെ സ്വന്തം ജ്യേഷ്ഠനാണെന്നറിയുന്നതോടെ അഗ്നിപർവതം ആകാശം മുട്ടെ പൊട്ടിത്തെറിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |