കോഴിക്കോട്: യുവസംഗീത പ്രതിഭയ്ക്കുള്ള ഈ വർഷത്തെ മുല്ലശ്ശേരി രാജു സംഗീത പുരസ്‌കാരത്തിന് മുഹമ്മദ് റഫി ഗാനങ്ങളുടെ ആലാപനത്തിലൂടെ രാജ്യമൊട്ടുക്ക് ശ്രദ്ധേയനായ സൗരവ് കിഷൻ അർഹനായി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരദാന ചടങ്ങിന്റെ തീയതിയും വേദിയും പിന്നീട് തീരുമാനിക്കുമെന്ന് മുല്ലശ്ശേരി രാജു സുഹൃദ്‌സംഘത്തിന്റെ ഭാരവാഹികളായ ചലച്ചിത്ര സംവിധായകരായ രഞ്ജിത്ത്, ജയരാജ് എന്നിവർ പറഞ്ഞു. ഇന്നാണ് മുല്ലശ്ശേരി രാജുവിന്റെ പതിനെട്ടാം ചരമവാർഷിക ദിനം. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ 23-കാരനായ സൗരവ് റിയാലിറ്റി ഷോകളിലൂടെയാണ് സംഗീതപ്രേമികളുടെ പ്രിയങ്കരനായത്. ശങ്കർ മഹാദേവൻ, ആനന്ദ് മഹീന്ദ്ര തുടങ്ങി പല പ്രമുഖരും സൗരവിനെ ഛോട്ടാ റഫി എന്ന് വിശേഷിപ്പിച്ചിരുന്നു.
സുനിൽ പി നെടുങ്ങാട്ട് - മിന്നികാറാണി ദമ്പതികളുടെ മകനായ സൗരവ് ചൈനയിൽ അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്.