ശുക്രനിൽ ജീവനോ
ഭൂമിയുടെ അയൽക്കാരനായ ശുക്രനിൽ ജീവനുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ശുക്രന്റെ വാതകമേഘങ്ങളിൽ ഫോസ്‌ഫീൻ എന്ന വാതകം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടനിലെ കാർഡിഫ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ. ഹവായിയിലും ചിലിയിലെ ആറ്റക്കാമ മരുഭൂമിയിലുമുള്ള ശക്തിയേറിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ചായിരുന്നു പഠനം. ഭൂമിയിൽ ഓക്‌സിജൻ ആവശ്യമില്ലാത്ത സൂക്ഷ്മജീവികളാണ് സാധാരണ ഫോസ്‌ഫീൻ വാതകം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ, ഫോസ്‌ഫറസ് മൂലകങ്ങൾ അടങ്ങിയതാണ് ഫോസ്‌ഫീൻ. 'ദ ജേർണൽ ആസ്ട്രോണമി'യിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചത്. എന്നാൽ അന്യഗ്രഹ ജീവികൾ ഒരു സാദ്ധ്യത മാത്രമാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. "നമുക്ക് ലഭിക്കുന്ന സൂചന ശരിയാണെങ്കിൽ ശുക്രന്റെ മേഘപടലങ്ങളിൽ ഫോസ്‌ഫീൻ വാതകത്തിന്റെ സാന്നിദ്ധ്യം ഉണ്ട്. ശുക്രന്റെ മേഘപാളികൾക്കിടയിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടാകാനാണ് സാദ്ധ്യതയെന്നും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകൻ ജാനുസ് പെറ്റ്കോവ്സ്‌കി പറഞ്ഞു.
യോഷിഹിഡ സുഗ
ജപ്പാൻ പ്രധാനമന്ത്രി
ജപ്പാൻ പ്രധാനമന്ത്രിയായി യോഷിഹിഡ സുഗയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ജപ്പാൻ നിയമനിർമ്മാണസഭയിൽ ഭൂരിപക്ഷം നേടിയതോടെയാണ് 71 കാരനായ സുഗ പ്രധാനമന്ത്രിപദത്തിലെത്തിയത്. അനാരോഗ്യത്തെ തുടർന്ന് ആഗസ്റ്റ് 28ന് ഷിൻസോ ആബെ രാജി വച്ചതിനെ തുടർന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രിയായത്. ആബെയുടെ വലം കൈയായാണ് സുഗഅറിയപ്പെടുന്നത്. ദേശീയ അസംബ്ലിയിൽ 465 വോട്ടിൽ 314 വോട്ടാണ് ഇദ്ദേഹം നേടിയത്. സാധാരണക്കാരുടെയും കർഷകരുടെയും താത്പര്യങ്ങൾ നിറവേറ്റാമെന്ന് സുഗ വാഗ്ദാനം ചെയ്തു. ആബെയുടെ സാമ്പത്തിക നയങ്ങൾ തന്നെയാകും സുഗ പിന്തുടരുകയെന്നാണ് റിപ്പോർട്ട്.
ട്രംപ് പീഡിപ്പിച്ചെന്ന്
മുൻ ഫാഷൻ മോഡൽ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫാഷൻ മോഡൽ എമി ഡോറിസ് എത്തിയത് കഴിഞ്ഞയാഴ്ചയാണ്. 23 വർഷം മുമ്പ് യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ബ്രിട്ടീഷ് ദിനപത്രം ഗാർഡിയന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എമി പീഡനവിവരം വെളിപ്പെടുത്തിയത്.
1997 സെപ്തംബർ അഞ്ചിന് ന്യൂയോർക്കിൽ ടൂർണമെന്റ് നടന്ന സ്റ്റേഡിയത്തിലെ വി.ഐ.പി ബോക്സിലെ ടോയ്‌ലറ്റിന് പുറത്ത് വച്ചാണ് ട്രംപ് തന്നെ പീഡിപ്പിച്ചതെന്ന് എമി ഡോറിസ് ആരോപിച്ചു. ഇപ്പോൾ ഫ്ളോറിഡയിൽ താമസിക്കുന്ന എമി ട്രംപ് പീഡിപ്പിച്ചതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഒടുവിൽ മുലാൻ റിലീസായി
എറെ വിവാദങ്ങൾക്ക് ശേഷം ഡിസ്‌നിയുടെ ആക്‌ഷൻ ചിത്രം ‘മുലാൻ’ ചൈനയിൽ കഴിഞ്ഞയാഴ്ച റിലീസായി. രണ്ടു ദിവസം കൊണ്ടു ബോക്‌സ് ഓഫിസിൽ കളക്ട് ചെയ്തത് 170 കോടി രൂപയാണ്. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകാരികളിൽ നിന്നു വലിയ എതിർപ്പ് നേരിട്ട സിനിമയുടെ പശ്ചാത്തലം ചൈനീസ് നാടോടിക്കഥയാണ്. ചൈനയിലെ ഇതിഹാസം ഹുവാ മുലാന്റെ കഥ പറയുന്ന അമേരിക്കൻ വാർ ആക്ഷൻ ഡ്രാമ ചിത്രമാണ് ‘മുലാൻ’. നടി യീഫൈ ലിയുവാണ് മുലാനെ അവതരിപ്പിക്കുന്നത്. നിക്കി കാരോയാണ് സംവിധാനം . ഡോണിയെൻ, ജേസൺ സ്കോട്ട് ലി, യോസോൻ, ഗോങ് ലി എന്നിവരാണ് മറ്റുതാരങ്ങൾ. ചൈനീസ് സൈന്യത്തിൽ ചേരാൻ ഒരു പെൺകുട്ടി ആൺവേഷം കെട്ടി, പേരെടുത്ത പോരാളിയാകുന്നതാണ് മുലാന്റെ കഥ. അച്ഛന്റെ മരണത്തിനു പ്രതികാരം ചെയ്യാൻ ഒരു മന്ത്രവാദിനിയെ കൂട്ടുപിടിച്ച് ചൈനയിലേക്കു വരുന്ന ബോറി ഖാൻ എന്ന വില്ലനെ ഇല്ലാതാക്കുകയായിരുന്നു മുലാന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ഹർസിമ്രത് കൗർ രാജിവച്ചു
പഞ്ചാബിലും ഹരിയാനയിലും അടക്കം കർഷക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് എൻ.ഡി.എ സംഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു.
ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ദി ഫാർമേഴ്‌സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക്‌ഷൻ) എഗ്രിമെന്റ് ഒഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് എന്നീ ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനൊപ്പമാണ് അകാലിദളും സർക്കാരിനെതിരെ തിരിഞ്ഞത്.
കൗറിന്റെ ഭർത്താവും പാർട്ടി അദ്ധ്യക്ഷനുമായ സുഖ്ബീർ ബാദൽ ബില്ലിന്റെ ചർച്ചയ്‌ക്കിടെ ലോക്‌സഭയിലാണ് മന്ത്രിയുടെ രാജി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |