എന്തൊരു കരുതലാണീ മനിശന്. മാദ്ധ്യമ കാട്ടാളന്മാർ ഒളിച്ചും പാത്തുമിരുന്നുകൊണ്ട് കോല് നീട്ടിയും ക്യാമറ കറക്കിപ്പിടിച്ചുമെല്ലാം നടത്തുന്ന ഗറില്ലായുദ്ധത്തെ അതിവിദഗ്ദ്ധമായും അതിസാഹസികമായുമല്ലേ ജലീൽ സായ്‌വ് എതിരിടുന്നത്. ജലീൽ സായ്‌വിന്റെ കളരിയഭ്യാസ മുറകൾ സാകൂതം വീക്ഷിച്ചിരുന്ന പിണറായി സഖാവ് ഭലേ, ഭേഷ്...! എന്ന് മുക്തകണ്ഠം പ്രശംസിച്ചത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ആ കരുതൽ ഒന്ന് കൊണ്ട് മാത്രമായിരുന്നു. സമൂഹത്തോടുള്ള ആ കരുതൽ.
പിണറായി സഖാവ് പറഞ്ഞപ്പോഴാണ് അക്കാര്യം ലോകം പോലുമറിഞ്ഞത്. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രി കെ.ടി. ജലീൽ രാത്രിയിൽ പുറപ്പെട്ടതും അതിരാവിലെ തന്നെ എൻ.ഐ.എ ഓഫീസിലെത്തി കാത്തുകെട്ടിക്കിടന്നതും (കിടന്നില്ല, ഇരുന്നതാണ്) എല്ലാം അദ്ദേഹത്തിന് പൊലീസൊരുക്കുന്ന സുരക്ഷയുടെ പേരിൽ നാടിന് വിഷമമുണ്ടാകരുത് എന്ന് കരുതിയാണെന്നാണ് പിണറായി സഖാവ് പറയുന്നത്. ചെഗുവേര ബൊളീവിയൻ കാട്ടിൽ നയിച്ച ഒളിയുദ്ധം പോലെ അതിസാഹസികകൃത്യമായിരുന്നു ശരിക്കുപറഞ്ഞാൽ ജലീൽ സായ്‌വിന്റേയും നീക്കങ്ങൾ. സംഗതി ബൊളീവിയൻ കാടല്ലാതിരുന്നതും സുധാകരൻസഖാവിന്റെ റോഡായത് കൊണ്ടും മാത്രമാണ് ആ സാഹസികകൃത്യം നാട് വേണ്ടത്ര തിരിച്ചറിയാതെ പോയത്. എൻ.ഐ.എ ആസ്ഥാനത്തേക്കുള്ള യാത്രയുടെ സ്ഥിതി അതായിരുന്നുവെങ്കിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ആസ്ഥാനത്തേക്കുള്ള യാത്ര അതിലുമപ്പുറമായിരുന്നു. ജലീൽ സായ്‌വ് അവിടെ ചെന്നതും മടങ്ങിയതുമൊന്നും ഒരീച്ച അറിഞ്ഞില്ല! ഞങ്ങളറിയാതെ ഇവിടെ ഒരീച്ച പാറില്ലെന്ന് അഹങ്കരിച്ചവരുടെ തലയ്ക്കേറ്റ പ്രഹരത്തിന്റെ ആഘാതം അവർക്ക് ജീവനുള്ളിടത്തോളം മറക്കാനാവില്ല എന്നാണ് സായ്‌വ് അന്ന് വിജയശ്രീലാളിതനായ ശേഷം മാദ്ധ്യമകാട്ടാളന്മാരെ അപഹസിച്ച് മുഖപുസ്തകത്തിലെഴുതിയത്. ഇ.ഡിയുടെ സൂപ്രണ്ടോ മറ്റോ ചതി പറ്റിച്ചില്ലായിരുന്നുവെങ്കിൽ ഒരീച്ച പോയിട്ട് കൊതുക് പോലും കാര്യമറിയില്ലായിരുന്നു!
പിണറായി സഖാവിന്റെ വാക്കുകൾ കടമെടുത്താൽ നാടിന്റെ ഇന്നത്തെ സാഹചര്യമാണ് നാം കണക്കാക്കേണ്ടത്. അനാവശ്യമായ പ്രശ്നങ്ങളും സംഘർഷങ്ങളുമുണ്ടാക്കാനും അതിന്റെ ഭാഗമായി അതിനപ്പുറത്തെന്തെങ്കിലും ഉണ്ടാക്കാനും പറ്റുമോയെന്ന് ചിന്തിക്കുന്ന ശരിയല്ലാത്ത മനസ്സുകൾ റോഡ് നീളേ നിരന്നുനിൽക്കുന്ന സമയമാണ്. അക്കൂട്ടത്തിനകത്ത് നിന്നുകൊണ്ട്, ജലീൽ സായ്‌വ് ഇതാ, ഇതുവഴി കടന്നുവരുന്നൂ... എന്ന് തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിപര്യടനം നടത്തുമ്പോഴത്തെ അകമ്പടിവാഹനത്തിലെ അനൗൺസ്മെന്റ് പോലെ മാദ്ധ്യമകാട്ടാളന്മാർ വിളിച്ചുപറയുന്ന കാര്യം ചിന്തിച്ചുനോക്കൂ. ആ വിളിച്ചുപറയുന്നത് ദുരുപയോഗപ്പെടുത്താൻ കാത്തുനിൽക്കുന്നവർ ജലീൽ സായ്‌വിന്റെ വാഹനത്തിന് മുന്നിലേക്ക് വാഹനം കേറ്റിയിട്ടും ഇടിച്ചിടാൻ നോക്കിയും ആ ജീവൻ അപായപ്പെടുത്താൻ നോക്കാതിരിക്കുമോ? മാനസികനില തെറ്റിയതായി പിണറായി സഖാവ് തന്നെ ഡയഗ്നോസ് ചെയ്തിട്ടുള്ള സുരേന്ദ്രൻജിയും കൂട്ടരും ചോമ്പാൽഗാന്ധി മുല്ലപ്പള്ളിജിയുടെ യൂത്ത് ഗാന്ധിമാരുമൊക്കെയല്ലേ ആളുകൾ. നിസ്സഹകരണപ്രസ്ഥാന കാലത്തെയോ വിദേശവസ്ത്ര ബഹിഷ്കരണകാലത്തെയോ ഉപ്പുസത്യാഗ്രഹ കാലത്തെയോ പോലെയല്ല ഇപ്പോൾ യൂത്ത് ഗാന്ധിമാർ. കാലം മാറിയപ്പോൾ അവരും മോഡേണായിരിക്കുന്നു! പ്രത്യേകിച്ചും ഇ.ഡി സൂപ്രണ്ടിന്റെ ആ വെളിപ്പെടുത്തലുണ്ടായ ശേഷം. ഇതൊക്കെ വച്ചു നോക്കുമ്പോൾ സമൂഹത്തിന് വേണ്ടിയുള്ള ജലീൽ സായ്‌വിന്റെ ആ കരുതൽ, അതെത്ര മാത്രം ത്യാഗനിർഭരമാണെന്ന് ചിന്തിച്ചുനോക്കണം!
ഇത്രയധികം ശത്രുസൈനികരെ അതിസാഹസികമായി മറികടന്നുകൊണ്ടാണല്ലോ ജലീൽ സായ്‌വ് ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്കും പിന്നീട് എൻ.ഐ.എ ഓഫീസിലേക്കും വച്ചുപിടിച്ചത്. എൻ.ഐ.എ ആസ്ഥാനത്തേക്കുള്ള പുലർച്ചയിലെ ആ യാത്ര ഏതോ മാദ്ധ്യമകാട്ടാളൻ കണ്ടുപിടിച്ച് കളഞ്ഞില്ലായിരുന്നുവെങ്കിൽ, ജലീൽ സായ്‌വ് അവിടെ അതിരാവിലെ തൊട്ട് കുറ്റിയടിച്ചിരുന്നതും ഒരീച്ച അറിയില്ലായിരുന്നു. അതുപോട്ടെ, സാരമില്ല.
'അങ്ങാടികളിൽ തോൽവി പിണഞ്ഞാൽ, അമ്മയൊടപ്രിയമെന്നതു പോലെ...' എന്ന് കുഞ്ചൻ നമ്പ്യാർ പാടിയിട്ടുണ്ട്. ജലീൽ സായ്‌വും അതുതന്നെയാണ് തന്റെ മുഖപുസ്തക ചിന്തയിൽ പങ്കുവയ്ക്കുന്നത്. 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പക തീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു'... എന്ന്. ജലീൽ സായ്‌വിനോട് ഏറ്റുമുട്ടാൻ വന്ന് തോറ്റ് തുന്നം പാടിയിട്ടാണ് ഈ മാദ്ധ്യമകാട്ടാളപ്പരിഷകൾ സായ്‌വിനെ കരിവാരിത്തേയ്ക്കാൻ പുറപ്പെടുന്നത്. കൊല്ലാം, തോല്പിക്കാനാവില്ല എന്നാണ് സായ്‌വിന്റെ മറ്റൊരു മുഖപുസ്തകവാക്യം. അതായത്, 'കുറുനരി ലക്ഷം കൂടുകിലും, ഒരു ചെറുപുലിയോട് ഫലിക്കില്ലേതും...' എന്നും കുഞ്ചൻ നമ്പ്യാർ പാടിയിട്ടുള്ളത് മാദ്ധ്യമപ്പരിഷകൾ ഓർക്കുന്നത് നന്നായിരിക്കുമെന്ന്!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |