തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിണറായി സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ അഴിമതികൾക്കും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും. യു.ഡി.എഫ് ഭരണം വരണമെന്ന് ജനം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.
അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ ഒന്നൊന്നായി സ്ഥലം മാറ്റുന്നതിന്റെ തെളിവാണ് അഡിഷണൽ ചീഫ്സെക്രട്ടറി ആശ തോമസിന്റെ സ്ഥലംമാറ്റം. പമ്പ മണൽക്കടത്ത് കേസ് എവിടെയെത്തി നിൽക്കുന്നുവെന്നിപ്പോൾ മനസിലായില്ലേ. എന്റെ പരാതിയിൽ അന്വേഷണത്തിന് വിജിലൻസ് കോടതി നിർദ്ദേശിച്ചപ്പോൾ ഹൈക്കോടതിയിൽ പോയി സർക്കാർ സ്റ്റേ വാങ്ങി. അഴിമതി അന്വേഷിക്കേണ്ട എന്നു പറയുന്ന ആദ്യത്തെ സർക്കാരാണിത്.
സമരങ്ങൾ അടിച്ചമർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ ബാക്കിയാണ് പൊലീസിപ്പോൾ നടത്തുന്നത്. കഴിഞ്ഞ ദിവസം എം.എൽ.എമാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യു.ഡി.എഫ് പ്രവർത്തകരെ ക്രൂരമായാണ് മർദ്ദിക്കുന്നത്. ഇതിനെല്ലാം ജനം മറുപടി നൽകും. പൊലീസും അധികാരവും കൈയിലുള്ളതിനാൽ എന്തുമാകാമെന്ന ധാരണയാണ്. മുഖ്യമന്ത്രിയെ സർ സി.പിയുടെ പ്രേതം ബാധിച്ചിരിക്കുന്നു.
തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ക്രിമിനലുകളെന്ന് ആക്ഷേപിക്കുന്നത് ഇരിക്കുന്ന പദവിയോടുള്ള അവഹേളനമാണ്. സമരത്തിൽ ക്രിമിനലുകളെ ഇറക്കുന്ന പാരമ്പര്യം സി.പി.എമ്മിനാണ്. ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്പിച്ചത് സി.പി.എമ്മാണെന്ന് മറക്കേണ്ട. സോളാർ വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും സമരം ചെയ്തപ്പോൾ അവരൊന്നിച്ചുവെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. കോ-ലീ-ബി സഖ്യമെന്ന ആക്ഷേപമൊക്കെ പഴകിപ്പുളിച്ചതാണ്. സർക്കാരിനും മന്ത്രി ജലീലിനുമെതിരായ സമരം ശക്തമായി തുടരും. 22ന് സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകൾക്കും മുന്നിൽ യു.ഡി.എഫ് ധർണ നടത്തും. ജലീലിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല.
മകൻ കുടുങ്ങുമെന്നായപ്പോൾ വർഗീയത ഇളക്കിവിടുന്നു
സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ മകൻ കുടുങ്ങുമെന്നായപ്പോൾ കേസ് അട്ടിമറിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയത ഇളക്കിവിടുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനും സ്ഥാനമുണ്ടാക്കിക്കൊടുക്കാനുമാണ്. ജനങ്ങളെ ഒന്നിപ്പിച്ചുനിറുത്താൻ ബാദ്ധ്യതപ്പെട്ട മുഖ്യമന്ത്രി തന്നെ അവരെ ചേരി തിരിക്കാൻ ശ്രമിക്കുന്നു.
ഈന്തപ്പഴത്തിലൂടെയായാലും പുസ്തകങ്ങളിലൂടെയായാലും സ്വർണം കടത്തിയാലത് ക്രിമിനൽ കുറ്റമാണ്. എന്നെ ആർ.എസ്.എസാക്കാൻ നോക്കിയിട്ട് ഫലിക്കില്ലെന്ന് മനസിലായി. എസ്. രാമചന്ദ്രൻപിള്ളയ്ക്കാണ് യഥാർത്ഥ ആർ.എസ്.എസ് ബന്ധമെന്ന് തെളിഞ്ഞപ്പോഴാണ് മറ്രൊരു രൂപത്തിൽ വർഗീയത ഇളക്കിവിടാനുള്ള ശ്രമം.
ശബരിമല സ്ത്രീപ്രവേശന വിഷയമുണ്ടായപ്പോഴും വർഗീയസംഘർഷത്തിന് ബി.ജെ.പിക്ക് അവസരമുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമിച്ചത്. ശബരിമലയെ യുദ്ധക്കളമാക്കുകയും വേഷപ്രച്ഛന്നരായി സ്ത്രീകളെ കയറ്റുകയും ചെയ്തതിന് പിന്നിൽ മ്ലേച്ഛമായ രാഷ്ട്രീയലക്ഷ്യമായിരുന്നു.
22 തവണ സ്വർണം കടത്തിയ സംഘം നയതന്ത്ര ചാനലിലൂടെ എന്തൊക്കെ കടത്തിയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തട്ടെ. ബൈബിളും ഖുറാനും ഗീതയും പിന്തുടരുന്ന സംസ്കാരമാണ് നമ്മുടേത്. അതിന്റെ പേരു പറഞ്ഞ് വർഗീയപ്രചാരണം നടത്തുന്നത് തരംതാണ നടപടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |