SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.13 PM IST

കൊവിഡ് പരിശോധനയ്ക്ക് 'ഫെലൂദ'

Increase Font Size Decrease Font Size Print Page

covid-testing

ന്യൂഡൽഹി: ചെലവ് കുറഞ്ഞ രീതിയിൽ കൊവിഡ് പരിശോധന നടത്താനുള്ള സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. 'ഫെലൂദ' എന്ന് പേരിട്ടിരിക്കുന്ന പരിശോധന ടാറ്റ ഗ്രൂപ്പും സി.എസ്‌.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയും സംയുക്തമായാണ് രൂപീകരിച്ചത്.

സി.ആർ.ആ.എസ്.പി.ആർ ടെക്‌നോളജി ഉപയോഗിച്ച് വൈറസിന്റെ ജീനോമിക് സീക്വൻസാണ് ഫെലൂദ പരിശോധനയിൽ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഐ.സി.എം.ആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഡി.സി.ജി.ഐ ഫെലൂദയ്ക്ക് അനുമതി നൽകിയതെന്നാണ് ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിലെ ലോകത്തിലെ ആദ്യ പരിശോധനാരീതിയാണ് ടാറ്റ ഗ്രൂപ്പിന്റേത്. വ്യാവസായികാടിസ്ഥാനത്തിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള അനുമതി ഡി.സി.ജി.ഐ ശനിയാഴ്ചയാണ് നൽകിയത്.

ആന്റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ അത്ര തന്നെ കൃത്യമായ റിസൽട്ടുകളാണ് ഫെലൂദയുടെ നിർണായക സവിശേഷത. ചെലവ് കുറവാണ്. എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് പരിശോധന തയ്യാറാക്കിയിട്ടുള്ളത്. ഡി.സി.ജി.ഐയുടെ അംഗീകാരം കൊവിഡിനെതിരായ പോരാട്ടത്തിൽ ടാറ്റയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ടാറ്റ മെഡിക്കൽ ആൻഡ് ഡയഗനോസ്റ്റിക് വിഭാഗം സി.ഇ.ഒ. ഗിരീഷ് കൃഷ്ണമൂർത്തി പറഞ്ഞു. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യക്ക് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID TESTING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ