തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാർഷിക സ്മരണക്കായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഇന്ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹിൽസിൽ അനാവരണം ചെയ്യും.
താത്കാലിക ഗ്ലാസ് മേൽക്കൂരയോടെയാണ് അനാവരണം .സ്ഥിരം മണ്ഡപം പിന്നീട് .പ്രതിമ അനാവരണ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ചെമ്പിൽ തീർത്ത ഫലകം പത്തടി പൊക്കമുള്ള പീഠത്തിൽ ഉറപ്പിച്ചു. ഉദ്‌ഘാടന ചടങ്ങിമായി പ്രത്യേക പന്തലും ഇരിപ്പിടങ്ങളും ഒരുക്കി. പീഠത്തിന് പിറകിലായി ഘടിപ്പിച്ച രണ്ട് ഇരുമ്പ് തൂണിലാണ് താത്കാലികമായി ഗ്ലാസ് മേൽക്കൂര സ്ഥാപിച്ചിട്ടുള്ളത്. ഉദ്യാനത്തിനുള്ള 20 സെന്റ് സ്ഥലം ഉൾപ്പടെ പ്രത്യേകം വേർതിരിച്ച് ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനും,മന്ത്രി കടകംപള്ളി സരേന്ദ്രൻ മുഖ്യാതിഥിയുമാവും. ഡോ. ശശി തരൂർ എം.പി, മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ വി. കെ. പ്രശാന്ത് , ഒ. രാജഗോപാൽ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിക്കും. ശില്പി ഉണ്ണി കാനായിയെ ആദരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും , ഡയറക്ടർ ടി. ആർ. സദാശിവൻ നായർ നന്ദിയും പറയും.
മണ്ഡപമില്ലാതെ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു പദ്ധതി. മണ്ഡപം വേണമെന്ന ഭക്തരുടെയും സാംസ്‌കാരിക നായകരുടെയും ആവശ്യം കേരളകൗമുദി വാർത്തയാക്കിയതിനെ തുടർന്നാണ് താത്കാലിക ഗ്ലാസ് മേൽക്കൂര സ്ഥാപിച്ചത് .വൈകാതെ സ്ഥിരം മണ്ഡപം നിർമ്മിക്കും..
1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിച്ചത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുദേവ പ്രതിമയാണിത്. പൂന്തോട്ടവും സന്ദർശകർക്കായി ഇരിപ്പിടവും ഇതോടൊപ്പം ഒരുക്കും . ചുറ്റുമതിലിൽ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25ലധികം ചുമർ ശില്പങ്ങളും സ്ഥാപിക്കും. ഉദ്യാനത്തിന്റെയും ചുറ്റുമതിലിന്റെയും പണി തുടങ്ങിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |