തിരുവനന്തപുരം: കളവംകോട് കണ്ണാടി പ്രതിഷ്ഠയ്ക്ക് ശേഷം ഗുരുദേവൻ നടന്നു പോകുന്നു..ആ രംഗത്തോടെ 'യുഗപുരുഷൻ' അവസാനിക്കുകയാണ്. അതുവരെ ഗുരുവിന്റെ വഴിയെ പോയ രാമചന്ദ്രബാബുവിന്റെ കാമറ, അവിടെ വച്ച് മിഴി പൂട്ടി. 'ഗുരു നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. നമ്മുടെ കൂടെയുണ്ട്. ആ സങ്കൽപ്പത്തിലൂന്നിയാണ് ഞാൻ സിനിമ ഒരുക്കിയത്. അതുകൊണ്ടാണ് അന്ത്യദിവസങ്ങൾ ഒഴിവാക്കിയതും'- സംവിധായകൻ ആർ.സുകുമാരൻ പറഞ്ഞു.
സിനിമയുടെ വൺലൈനിൽ സമാധി രംഗമില്ല. ജനനവും എഴുതിയില്ല. ജനനമരണങ്ങൾക്ക് അതീതനാണ് ഗുരുദേവൻ. കളവംകോട് പ്രതിഷ്ഠ കഴിഞ്ഞ് ഗുരു നടന്നുപോകുമ്പോൾ കാലിടറുന്നു. അപ്പോൾ മമ്മൂട്ടി അവതരിപ്പിച്ച വിപ്ലവകാരിയാണ് പിടിക്കുന്നത്. വീണ്ടും നടക്കുമ്പോൾ രക്ഷിക്കണേ എന്നുള്ള നിലവിളികൾ ഗുരു കേൾക്കുന്നു. പിന്നേയും അദ്ദേഹം മുന്നോട്ട്... സിനിമ അവിടെ അവസാനിക്കുന്നു. ആർ.സുകുമാരനു മുമ്പ് ഗുരുവിനെക്കുറിച്ച് സിനിമ ഒരുക്കിയ പി.എ ബക്കർ ഉൾപ്പെടെയുള്ളവർ സമാധി രംഗം ഉൾപ്പെടുത്തിയിരുന്നു.
'രാജശിൽപ്പി' എന്ന സിനിമയ്ക്കു ശേഷം 12 വർഷം 'യുഗുപുരുഷൻ' സിനിമയാക്കാനുള്ള പ്രയത്നത്തിലായിരുന്നു ആർ.സുകുമാരൻ. ആദ്യം മമ്മൂട്ടിയെ നായകനാക്കാനായിരുന്നു തീരുമാനം. പക്ഷെ, ആ വേഷം തനിക്കിണങ്ങില്ലെന്ന് മമ്മൂട്ടി തന്നെ അറിയിച്ചു. പിന്നീട് അഞ്ഞൂറോളം നടന്മാരെ സ്ക്രീൻ ടെസ്റ്റിനു വിധേയനാക്കി. ഒടുവിലാണ് തമിഴ് നടൻ തലൈവാസൽ വിജയ്‌യെ തിരഞ്ഞെടുത്തത്. വിജയിനെയും ആദ്യം സുകുമാരന് ഇഷ്ടമായില്ല. കൈയ്യിലെ മസിലും വില്ലൻ ലുക്കും ശരിയാവില്ലെന്നു തോന്നു. അതിനു ശേഷം വിജയ് ശിവഗിരിയിൽ പോയി സന്യാസിമാരുമായി സംസാരിച്ചു. ഗുരുവിനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. യോഗ ശീലിച്ചു. മാംസഭക്ഷണം ഉപേക്ഷിച്ചു. വീണ്ടും സുകുമാരനു മുന്നിലെത്തി.
'' എന്റെ ജീവതത്തിന് പുതിയൊരു മാനമുണ്ടാകുന്നത് ഗുരുസ്വാമിയായി അഭിനയിച്ച ശേഷമാണ്. ലോകഗുരുവാണ് സ്വാമി''- വിജയിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |