ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 93 -ാമത് മഹാസമാധി ദിനാചരണമാണ് ഇന്ന്. കൊവിഡ് മനുഷ്യവർഗത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ എല്ലാ വർഷത്തെയും പോലെ ശിവഗിരി മഠത്തിലുംഅനുബന്ധ സ്ഥാപനങ്ങളിലും ശ്രീനാരായണ പ്രസ്ഥാനങ്ങളിലും വിപുലമായ ആചരണം ഉണ്ടാകില്ല. അതുകൊണ്ട് അവരവരുടെ ഗൃഹങ്ങളിൽ ഗുരുവിനോടുള്ള ആദരവ് അർപ്പിക്കാം.
മഹാഗുരു അവതാരോദ്ദേശ്യം കഴിഞ്ഞ് ശരീരം ഉപേക്ഷിച്ചപ്പോൾ ഗുരുവിന്റെ പ്രധാന ശിഷ്യനായ ഭൈരവൻ സ്വാമികൾക്ക് ദു:ഖം താങ്ങാൻ പറ്റാതായി. അപ്പോൾ അദ്ദേഹം അരുവിപ്പുറത്തായിരുന്നു.
'ഗുരു പോയല്ലോ, ഇനി എന്തിനാ ശിവഗിരിയിൽ പോകുന്നത്' എന്ന ചിന്തയിൽ ഇതികർത്തവ്യഥാമൂഢനായി ഇരിക്കുമ്പോഴാണ് അരുവിപ്പുറത്തെ ഗുരുവിന്റെ മുറിയിൽ നിന്ന് ഒരശ്ശരീരി അടുത്ത മുറിയിലിരിക്കുന്ന ഭൈരവൻ സ്വാമികൾ കേൾക്കുന്നത്. അത് ഇപ്രകാരമായിരുന്നു. 'നാം എങ്ങും പോയിട്ടില്ലല്ലോ. നാം ഇവിടെത്തന്നെ ഉണ്ടല്ലോ! ഇതു കേട്ടപ്പോഴാണ് ഭൈരവൻ സ്വാമികൾക്ക് ബാഹ്യബോധമുണ്ടായത്. തുടർന്നാണ് അദ്ദേഹം, ഗുരു തന്നെ ഏല്‌പിച്ച നാഗമാണിക്യവുമായി ശിവഗിരിക്ക് പുറപ്പെടുന്നതും സമാധിപൂജയിൽ പങ്കെടുക്കുന്നതും നാഗമാണിക്യം സമാധിക്കുഴിയിൽ നിക്ഷേപിക്കുന്നതും.
'നാം ശരീരമല്ല, അറിവാകുന്നു' എന്ന് ഗദ്യപ്രാർത്ഥനയിൽ സംശയത്തിനിടവരാത്ത രീതിയിൽ പറഞ്ഞിട്ടുണ്ട്. ഗുരുവിനെ സാമാന്യ ബുദ്ധിയോടെ കാണുന്നതുകൊണ്ടാണ് പരംപൊരുളായി എങ്ങും നിറഞ്ഞുനിൽക്കുന്ന ചൈതന്യ സ്വരൂപമായി പലർക്കും കാണാൻ കഴിയാത്തത്. 'ശരീരം ഉണ്ടാകുന്നതിനു മുൻപും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടേയിരിക്കും.' ഇതാണ് ഗുരുവിന്റെ അഥവാ ആത്മസാക്ഷാത്ക്കാരം നേടിയ മഹാത്മാവിന്റെ സ്വരൂപമെന്ന് മനസിലാകണമെങ്കിൽ ആത്മോപദേശ ശതകത്തിലെ 82 -ാം പദ്യം ശരിയായി മനനം ചെയ്താൽ മതി.
അരണി കടഞ്ഞെഴുമഗ്നിപോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം...
എപ്രകാരമാണോ അരണി കടഞ്ഞ് അഗ്നിയുണ്ടാക്കി മറ്റുള്ളതിനെ ജ്വലിപ്പിക്കുന്നത്, അതുപോലെ അവരവരിൽ കുടികൊള്ളുന്ന ചൈതന്യത്തെ കണ്ടെത്തണമെങ്കിൽ അതിരില്ലാത്ത, മുൻവിധികളില്ലാത്ത തീക്ഷ്ണവും സൂക്ഷ്മവുമായ വിവേകം ഉണർത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ് സാധനയുടെ പ്രാധാന്യം. ബുദ്ധിക്കസർത്തു കൊണ്ട് മനസിലാകാത്തതാണ് അത്.
കണ്ണുകൊണ്ട് കാണുന്നതെല്ലാം ഇല്ലാതെ പോകുമ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്നതാണ് ഗുരുവിന്റെ ഭാഷയിൽ 'നാം'. മൂന്നു കാലത്തിലും മാറാതെ, അഥവാ ഏതൊന്നിലാണോ സൃഷ്ടിസ്ഥിതിലയം സംഭവിക്കുന്നത് അതാണ് 'ഞാൻ' അഥവാ 'നാം.' ഈ അവബോധത്തോടെയാണ് കൃപാർദ്രഹൃദയനായി, കഷ്ടം ദീനം പിടിച്ചും മദിരയതു കുടിച്ചും തമോഗുണത്തിലും രജോഗുണത്തിലും ആണ്ടുകിടന്ന ജനതയ്ക്കു പ്രകാശമേകാൻ ആയുസും വപുസും ആത്മതപസും ബലിയർപ്പിച്ചത്.
ഈ ആത്മബലിയെ അകതാരിൽ ചേർത്തു നിറുത്തി ഗുരുമാഹാത്മ്യം അടുത്ത തലമുറയോട് സംവദിക്കാൻ സാധിക്കാത്തത് വലിയ നഷ്ടമാണ്. ആ വിടവിലാണ് കുടിലബുദ്ധികൾ അതിഭൗതികവാദം തിരുകിക്കയറ്റി മനസിലാകാത്ത തരത്തിലും വികലമായും ഗുരുവാണികളെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ ഗുരുഭക്തർ ഓർക്കേണ്ടത് കഴിഞ്ഞ ഗുരുജയന്തിക്ക് രാഷ്ട്രീയ പകപോക്കലിനു വിധേയരായ വ്യക്തികളുടെ വിഷയത്തിൽ കരിദിനമാചരിച്ച സംഭവമാണ്. മുൻപ്, ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ ദിവസം ബോധപൂർവം നവോത്ഥാന മതിൽകെട്ടാൻ തിരഞ്ഞെടുത്തു.
മഹാഗുരു പാകിയ അടിത്തറയിൽ മാത്രമെ കേരളത്തിൽ നവോത്ഥാനം നടന്നിട്ടുള്ളൂ. അതുതന്നെ, മറ്റൊരാൾക്കും യാതൊരു ബുദ്ധിമുട്ടും വരുത്താതെ. എന്നാൽ ഇന്നത്തെ നവോത്ഥാനം മറ്റുള്ളവരെ ശാരീരികമായും മാനസികമായും ബൗദ്ധികമായും സാമ്പത്തികമായും ബുദ്ധിമുട്ടിച്ചാണ്. ആ തിരിച്ചറിവ് സമൂഹത്തിന് നഷ്ടപ്പെടുമ്പോൾ ജീവിതത്തിന്റെ ദിശാബോധമാണ് നഷ്‌ടമാകുന്നത്. അണികൾക്ക് ഒരിക്കലും ദിശാബോധം ഉണ്ടാകരുതെന്നാണ് സ്വാർത്ഥമതികളായ നേതാക്കന്മാരുടെ അജൻഡ. അതിനുവേണ്ടി അവർ (ഭഗവത് ഗീതയുടെ ഭാഷയിൽ പറഞ്ഞാൽ ആസുരീ സമ്പത്തുള്ളവർ) വളഞ്ഞ ബുദ്ധി ഉപയോഗിക്കും. ഇങ്ങനെയുള്ള വൻവിപത്തിൽ നിന്നാണ് പരമഗുരു ഈ ജനതയെ ഉദ്ധരിക്കാൻ സ്വന്തം ഇച്ഛപ്രകാരം പിറവിയെടുത്തത്. 72 വർഷം ലീലകൾ ആടി തന്റെ ദൗത്യം പൂർത്തീകരിച്ചപ്പോൾ ആ ശരീരം സ്വന്തം ഇച്ഛപ്രകാരം യോഗശക്തി കൊണ്ടുതന്നെ ഉപേക്ഷിച്ചു.
സഹോദരൻ അയ്യപ്പന്റെ ഹൃദയത്തിൽ നിന്ന് ഊറിവന്ന വാക്കുകൾ ഇന്നും നമ്മുടെ ഹൃദയതന്ത്രികളെ ഈറനണിയിക്കുന്നതാണ്. 'ജരാരുജാമൃതി ഭയമെഴാശുദ്ധയശോ
നിർവാണത്തെ അടഞ്ഞ സദ്ഗുരോ' എന്നും, 'ഒളിചിതറുമാ തിരുമുഖമിനി ഒരുനാളും ഞങ്ങൾക്കൊരു കണ്ണുകാൺമാൻ കഴിയാതായല്ലോ പരമസദ്ഗുരോ' എന്നും, 'വിമലത്യാഗമേ മഹാസംന്യാസമേ സമതബോധത്തിൽ പരമപാകമേ- ഇതെല്ലാം ഞങ്ങൾ എങ്ങനെ സഹിക്കും' എന്നു ചൊല്ലി ഒരു കുഞ്ഞിനെപ്പോലെ വിലപിക്കുന്ന യുക്തിവാദിയായ സഹോദരൻ അയ്യപ്പന്റെ മനസിനെപ്പോലും സ്വാധീനിച്ച ഗുരുവിന്റെ മഹത്വം അദ്ധ്യാത്മലോകത്ത് എത്രയോ ഉയരത്തിലാണ്.
ഭഗവാന്റെ 93-ാമത് മഹാസമാധി ദിനത്തിൽ ഈയൊരു രീതിയിലുളള ആത്മവിശകലനത്തിലൂടെ നമുക്ക് അകവും പുറവും തിങ്ങിവിങ്ങി നിൽക്കുന്ന ആ പരമബോധത്തെ അനുഭവിച്ചറിഞ്ഞ് ആരാധിക്കാൻ സാധിക്കണം. ബാഹ്യമായ ആചരണംകൊണ്ട് ആന്തരികമായ മാറ്റമുണ്ടാകില്ല. ഈ മഹാസമാധിദിനം രാവിലെ മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഭഗവാന്റെ ഓം ശ്രീ നാരായണ പരമഗുരവേ നമ: എന്ന മന്ത്രം ജപിക്കുകയും ദൈവദശകം ചൊല്ലിക്കഴിഞ്ഞ് സഹോദരൻ അയ്യപ്പൻ രചിച്ച സമാധിഗാനം ചൊല്ലി സമർപ്പിക്കുകയും ചെയ്യുന്നത് ഉത്തമമായിരിക്കും. ഈ ദിവസം ഉപവാസം നന്ന്. മത്സ്യമാംസാദികൾ പൂർണമായും ഒഴിവാക്കുക. നമ്മൾക്കു വേണ്ടി എല്ലാം ബലിയർപ്പിച്ച മഹാഗുരുവിന്റെ മഹാസമാധി ദിനത്തിൽ നമുക്കൊന്നിച്ചിരുന്ന് പരമഗുരുവിനോട് നന്ദിയും കടപ്പാടും പ്രകടമാക്കി ജന്മം കൃതകൃത്യമാക്കാം. അതിനു സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |