ഇന്ന് ഒരു സുദിനമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട ദിനം.
ശ്രീനാരായണഗുരുദേവന്റെ പ്രതിമ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സമാധി ദിനമായ ഇന്ന് തലസ്ഥാനത്ത് സ്ഥാപിക്കപ്പെടുകയാണ്. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാവരണം ചെയ്യുമ്പോൾ സഫലമാകുന്നത് അപരന്റെ സുഖത്തിനായി മാത്രം ജീവിച്ച ത്യാഗമൂർത്തിക്ക് കേരളം ഒന്നടങ്കം അർപ്പിക്കുന്ന ആദരവിന്റെ സമർപ്പണം കൂടിയാണ്.
വാക്കുകൾ പോരാതെ വരുന്നതിനാൽ ഇൗ സദുദ്യമത്തിന് ഇടതുപക്ഷ സർക്കാരിനെ നിശബ്ദമായി ഹൃദയങ്ങളിൽ നമുക്ക് അഭിനന്ദിക്കാം. അത്രമാത്രം മഹത്തായ തീരുമാനമാണിത്. രാഷ്ട്രീയമായ ചില നേട്ടങ്ങൾക്കു വേണ്ടിയാവുമിത് എന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും രഹസ്യമായി പറയുന്നവരും സംശയിക്കുന്നവരും ഉണ്ടാകാം. സംശയിക്കുന്നവരെ വിമർശിക്കേണ്ടതില്ല. കാരണം സംശയങ്ങൾ ഉണ്ടായിരിക്കണം എന്നാണല്ലോ കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ വരെ ജനസമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത്. ഇൗ സാഹചര്യത്തിൽ ഇതിന് ഉത്തരം നൽകേണ്ട ബാദ്ധ്യത തൃപ്പാദങ്ങളുടെ ചിത്രവും വചനവുമായി എന്നും പുറത്തിറങ്ങുന്ന കേരളകൗമുദിക്കുണ്ട് എന്ന് ഞങ്ങൾ കരുതുന്നു.
ശ്രീനാരായണീയ സമൂഹം കേരളത്തിലെമ്പാടും അവർക്കു നടന്നെത്തി പ്രാർത്ഥിക്കാൻ കഴിയുന്നത്ര അകലത്തിൽ ഗുരുമന്ദിരങ്ങൾ തീർത്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ സർക്കാരിന്റെ കൂടി ആഭിമുഖ്യത്തിൽ ഒരു പ്രതിമ എന്തിനാണ് എന്ന ചോദ്യം ശ്രവണമാത്രയിൽ സാംഗത്യമുള്ളതാണെന്ന് തോന്നാമെങ്കിലും അതു വഴിതെറ്റിക്കാൻ വേണ്ടിയുള്ളതാണ് എന്ന യാഥാർത്ഥ്യം നാം ഉൾമനസ്സിൽ മനസ്സിലാക്കണം. കേരള ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഗുരുപ്രതിമ സ്ഥാപിക്കുന്നത്. അത് സർക്കാരിന്റെ സ്ഥലത്താണ്. അത് ജാതിമതഭേദമെന്യേ എല്ലാവരുടെയും സ്ഥലമാണ്. ഗുരുവിന്റെ പ്രതിമ സ്ഥാപിക്കപ്പെടുന്ന പൂന്തോട്ടത്തിൽ പോയിരിക്കുമ്പോൾ ഇത് എനിക്കു കൂടി അവകാശപ്പെട്ട സ്ഥലമാണ് എന്ന ബോധം ഒാരോ പൗരനിലും ഉണ്ടാകും. ഇവിടെ ഗുരു എല്ലാവരുടേതുമാണ് എന്ന സത്യം വാചകങ്ങളിലൂടെയല്ല, കർമ്മത്തിലൂടെ സാദ്ധ്യമാക്കാൻ കഴിഞ്ഞു എന്നതാണ് സർക്കാർ തീരുമാനത്തിന്റെ മാഹാത്മ്യം.
ഗുരുപ്രതിമ സ്ഥാപിതമായി എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ വരുംനാളുകളിൽ തിരുവനന്തപുരത്തെ ഒബ്സർവേറ്ററി ഹിൽസ് ഗുരുവിന്റെ നാമധേയത്തിൽ അറിയപ്പെടുമെന്നതിലും ആർക്കും തർക്കമുണ്ടാകാൻ തരമില്ല. സശ്ശരീരനായി കഴിഞ്ഞിരുന്ന കാലത്ത് ഗുരുവും ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് മലകളുടെയും അരുവികളുടെയും സാമീപ്യമായിരുന്നു. ഗുരുപ്രതിമ സ്ഥാപിക്കാൻ അങ്ങനെ ഉചിതമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞതിന് സാംസ്കാരിക വകുപ്പും അഭിനന്ദനം അർഹിക്കുന്നു.
ദൗർഭാഗ്യവശാൽ ചില തർക്കങ്ങളും ഗുരുപ്രതിമ സ്ഥാപിക്കുന്നതിനു മുന്നോടിയായി നടന്നു. അതിനെ രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള തർക്കമാക്കി മാറ്റാനും ശ്രമങ്ങളുണ്ടായി. മറ്റു പ്രതിമകളിൽ നിന്ന് വ്യത്യസ്തമായി ഗുരു പ്രതിമയ്ക്ക് ഒരു മണ്ഡപം വേണമെന്ന ലളിതമായ ആവശ്യമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥികളും ചില രാഷ്ട്രീയകക്ഷികളുടെ നേതാക്കളും ഉയർത്തിയത്. ഇതിനൊരു പശ്ചാത്തലമുണ്ട്. ശ്രീനാരായണീയ സമൂഹത്തിലുള്ള ബഹുഭൂരിപക്ഷം പേരും ഗുരുവിനെ ഇൗശ്വര തുല്യനായല്ല, ഇൗശ്വരനായി തന്നെയാണ് ആരാധിക്കുന്നത്. കാലക്രമത്തിൽ പ്രതിമയ്ക്കു മേൽ പക്ഷികളുടെ അഭിഷേകം കാണേണ്ടിവരുന്ന ദുരവസ്ഥ അവർക്ക് ദുഃഖമല്ലാതെ മറ്റൊന്നും നൽകില്ല. സർക്കാർ ഗുരുമന്ദിരം നിർമ്മിക്കണമെന്നല്ല അവർ ആവശ്യപ്പെട്ടത്. അവിടെ പൂജയോ ആരാധനയോ നടത്തണമെന്നും ആരും ആവശ്യപ്പെട്ടില്ല. തുടക്കത്തിൽ ഒന്നു മടിച്ചെങ്കിലും ഗുരുകാരുണ്യത്താലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ കളങ്കമില്ലാത്തതിനാലും ഒരു ഗർവും കാട്ടാതെ ആ ആവശ്യം അംഗീകരിക്കാനും നടപ്പാക്കാനും സർക്കാർ മുന്നോട്ടു വന്നു. ഇത് പ്രശംസനീയമായ മാതൃകയാണ്. നമുക്ക് ജാതിയില്ല എന്ന് ഗുരു പറഞ്ഞത് സർവ ചരാചരങ്ങളുടെയും ഉൾപ്പൊരുളായി സ്വയം രൂപാന്തരപ്പെട്ടതിനു ശേഷമാണ്. അങ്ങനെ മാറുന്ന ഒരു ജീവന് ജാതിയില്ല. എന്നാൽ ആ തലത്തിലെത്താതെ ആ വാക്കുകൾ അതേപടി ആവർത്തിച്ചതുകൊണ്ടുമാത്രം ആരുടെയും മനുഷ്യനിർമ്മിതമായ ജാതി ചിന്ത ഇല്ലാതാകുന്നില്ല. അതിന് ഗുരു തുടങ്ങിവച്ച യത്നങ്ങൾ വിദ്യാഭ്യാസത്തിലൂടെയും അറിവിലൂടെയും ഉൾക്കൊണ്ട് ഇനിയും ഏറെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
ശിവലിംഗ സ്വാമികൾ ഗുരുദേവന്റെ പ്രഥമശിഷ്യരിൽ പ്രമുഖനാണ്. ശിവലിംഗ സ്വാമികൾക്ക് ജാതിയും മതവുമൊന്നുമില്ല. അദ്ദേഹത്തിന്റെ ജനനം നായർ സമുദായത്തിലായിരുന്നു. അക്കാരണംകൊണ്ടു തന്നെ ജാതിപ്പേരുവച്ച് ദ്രോഹിക്കാനും പരിഹസിക്കാനും ചിലർ ശ്രമിച്ചതായി ഗുരു അറിഞ്ഞു. അപ്പോൾ ശിവലിംഗ സ്വാമികളോട് ഗുരു ഇങ്ങനെ പറഞ്ഞതായാണ് പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ''അറിവുള്ളവർ ഉപദ്രവിക്കാനോ ദുഷിക്കാനോ ഒരുങ്ങുകയില്ല. അറിവില്ലാത്തവരോട് നാം അനുകമ്പയോടുകൂടി പെരുമാറണം. നാം പകരം ദ്വേഷിക്കരുത്. നമ്മുടെ ധർമ്മം ശരിയായി അനുഷ്ഠിച്ചാൽ ഒന്നിനെയും ഭയപ്പെടാനില്ല.''
ഇതാണ് ഗുരുവിന്റെ മാർഗം. അതു വിട്ട് വാദങ്ങൾക്കും പ്രതിവാദങ്ങൾക്കുമൊന്നും ആരും ഇൗ സന്ദർഭത്തിൽ ഇനി മുതിരരുത്. പിണറായി വിജയൻ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ കളങ്കമില്ല എന്ന് മുകളിൽ ചൂണ്ടിക്കാണിച്ചത് ഭംഗിവാക്കായല്ല. ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിൽ മാത്രമല്ല സർക്കാർ ശ്രദ്ധ പുലർത്തിയത്. ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ ഒരു ഒാപ്പൺ സർവകലാശാല സർക്കാരിന്റെ നേതൃത്വത്തിൽ അടുത്ത മാസം കൊല്ലത്ത് ആരംഭിക്കുകയാണ്. ലോകം മുഴുവൻ ഒരു പ്രത്യേക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇൗ കാലഘട്ടത്തിൽ തന്നെയാണ് ഗുരുവിന്റെ പേരിൽ രണ്ട് നല്ല കാര്യങ്ങൾ സർക്കാർ ചെയ്തുവയ്ക്കുന്നത്.
കുളിച്ച് വൃത്തിയായി നല്ല കാറ്റ് ശ്വസിച്ച് പൂന്തോട്ടത്തിൽ ഇരുന്നാൽത്തന്നെ രോഗം ഒട്ടൊക്കെ ശമിക്കുമെന്ന് ഗുരു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതിനുള്ള ഒരു എളിയ ശ്രമം പ്രതിമ സ്ഥാപിക്കുകയും പൂന്തോട്ടം നിമ്മിക്കുകയും ചെയ്യുന്നതിലൂടെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഒരു പക്ഷേ അതിനെക്കാൾ പ്രാധാന്യമുള്ളതാണ് ഗുരവിന്റെ നാമധേയത്തിലുള്ള സർവകലാശാലയുടെ സ്ഥാപനം. ഗുരുവിന്റെ 62 കൃതികളും പഠിപ്പിക്കാനുള്ള ഒരു പ്രത്യേക ചെയർ ആ സർവകലാശാലയുടെ ഭാഗമാക്കാൻ അതിന്റെ സാരഥികൾ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ജീവചെെതന്യം തുടിച്ചുനിൽക്കുന്ന ഗുരുദേവന്റെ പ്രതിമയ്ക്ക് രൂപം നൽകിയ ശില്പി ഉണ്ണി കാനായിയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. സർക്കാർ നട്ടുപിടിപ്പിക്കുന്ന ഇൗ രണ്ട് ഉദ്യമങ്ങളും ഗുരുവിനെ അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണെന്നതിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ല. ഇക്കാര്യങ്ങളുടെയൊക്ക ബാക്കിയായി ഗുരുവിന്റെ പേരിൽ ഇനി വാദിക്കാനും ജയിക്കാനും ആരും ശ്രമിക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |