മുംബയ്: നടി ശ്രദ്ധ കപൂറിനെയും സാറാ അലി ഖാനെയും നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിച്ചുവരുത്തിയേക്കും. സുശാന്ത് സിംഗിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയാണ് അന്വേഷണ സംഘത്തോട് ഇവരുടെ പേരുകൾ പറഞ്ഞത്.
ശ്രദ്ധ കപൂറിനും സാറാ അലി ഖാനും ഈ ആഴ്ച അവസാനം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമൻസ് അയച്ചേക്കും. റിയ ചക്രബർത്തി സെപ്തംബർ ഒമ്പതിനാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ടുകാരിയായ റിയയെ കൂടാതെ സഹോദരൻ ഷോയിക് ചക്രബർത്തി, സുശാന്തിന്റെ രണ്ട് ജോലിക്കാർ, ബോളിവുഡുമായി ബന്ധമുള്ള ചില മയക്കുമരുന്ന് വ്യാപാരികൾ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സഹോദരനും റിയയും സുശാന്തിന് മയക്കുമരുന്ന് നൽകി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ദിവസം റിയയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് നൽകിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനാണ് തന്റെ സഹതാരങ്ങളായ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരുടെ പേര് നടി പറഞ്ഞത്.
ജൂൺ 14 നാണ് മുംബയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയയ്‌ക്കെതിരെ നടന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിയയുടെ ഫോണിൽ മയക്കുമരുന്ന് വാങ്ങുന്നതിനെക്കുറിച്ചുള്ള ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |