തിരുവനന്തപുരം: അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര പ്രവേശന വിളംബരത്തിന്റെയും വഴിയിലൂടെയുള്ള മുന്നോട്ടു പോകലാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയ ക്ഷേത്ര ശ്രീകോവിൽ പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി സ്മാരകമായി ഒബ്സർവേറ്ററി ഹിൽസിൽ സർക്കാർ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ വെങ്കല പ്രതിമ ഗുരുസമാധി ദിനമായ ഇന്നലെ അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് ക്ഷേത്രത്തിനടുത്തുകൂടി വഴിനടക്കാൻ അനുവാദമില്ലാതിരുന്ന ജനതയ്ക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത് ചരിത്രസംഭവമാണ്. അപ്പോഴും ആ വിഭാഗത്തിൽപ്പെട്ട ശാന്തിക്കാർക്ക് ശ്രീകോവിലിൽ കയറാനും പൂജചെയ്യാനുമുള്ള അവസ്ഥയുണ്ടായില്ല. അതു നടപ്പാക്കിയത് ഇടതു സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഗുരു പറഞ്ഞപ്പോൾ ഒരു പ്രത്യേക ജാതി പ്രത്യേക മതം എന്നതല്ല ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല, മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്നാണ് ഗുരു അർത്ഥമാക്കിയത്. മതമേതായലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞതും അതുകൊണ്ടാണ്. ഒരു സമുദായത്തിൽ മാത്രമല്ല എല്ലാ സമുദായങ്ങളിലും ഗുരുസന്ദേശം അലയൊലി ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സർക്കാരിന്റേതായി ഗുരുവിന്റെ പ്രതിമ ഇല്ലാത്തത് വലിയ പോരായ്മയും ഗുരുസ്മരണയോടുള്ള നന്ദികേടുമാണെന്ന തിരിച്ചറിവാണ് ഗുരുപ്രതിമ സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശമാണ്. അത് ജീവിതത്തിൽ പകർത്തലാണ് യഥാർത്ഥ ആദരാഞ്ജലി. ഗുരുപോയി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഗുരുവിഭാവനം ചെയ്ത സമൂഹം നിലവിൽ വരുത്താൻ പൂർണമായും നമുക്ക് കഴിഞ്ഞിട്ടില്ല. ഇവിടത്തെ ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ നാം ഗുരുവിനോട് കടപ്പെട്ടിരുന്നു. ജാതി ഭേദമില്ലാത്ത സോദരത്വം എന്ന ഗുരുചിന്ത പ്രകാശം പരത്തിയപ്പോഴാണ് സാർവത്രിക വോട്ടവകാശത്തിന് പ്രാമുഖ്യം ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുപ്രതിമ അനാവരണച്ചടങ്ങിൽ ' കേരളകൗമുദി' മുഖപ്രസംഗവും
തിരുവനന്തപുരം: സംസ്ഥാനത്താദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത്
ഗുരുദേവ പ്രതിമ അനാവരണം ചെയ്ത ചടങ്ങിൽ 'കേരളകൗമുദി' മുഖപ്രസംഗവും ചർച്ചയായി. ഗുരുപ്രതിമാ സ്ഥാപനത്തിന് സർക്കാരിനെ അഭിനന്ദിച്ച് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച മുഖപ്രസംഗം ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യേകം പരാമർശിക്കുകയും , അതിലെ പ്രസക്ത ഭാഗങ്ങളിൽ ചിലത് വായിക്കുകയും ചെയ്തു.
' ഗുരുദേവന്റെ പ്രഥമ ശിഷ്യനായ ശിവലിംഗ സ്വാമികൾക്ക് ജാതിയും മതവുമൊന്നുമില്ല. അദ്ദേഹത്തിന്റെ ജനനം നായർ സമുദായത്തിലായിരുന്നു.അക്കാരണം കൊണ്ടുതന്നെ,ജാതിപ്പേര് വച്ച് ദ്രോഹിക്കാനും പരിഹസിക്കാനും ചിലർ ശ്രമിച്ചതായി ഗുരു അറിഞ്ഞു.അപ്പോൾ, ശിവലിംഗ സ്വാമികളോട് ഗുരു പറഞ്ഞത് ഇങ്ങനെയാണ്. ''അറിവുള്ളവർ ഉപദ്രവിക്കാനോ ദുഷിക്കാനോ ഒരുങ്ങുകയില്ല.അറിവില്ലാത്തവരോട് നാം അനുകമ്പയോട് കൂടി പെരുമാറണം.നാം പകരം ദ്വേഷിക്കരുത്. നമ്മുടെ ധർമ്മം ശരിയായി അനുഷ്ഠിച്ചാൽ ഒന്നിനെയും ഭയപ്പെടാനില്ല.'',ഈ വരികൾ മന്ത്രി അതേ പടി വായിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് സർക്കാർ ആഭിമുഖ്യത്തിൽ ഇതാദ്യമായി ഗുരുദേവ പ്രതിമ സ്ഥാപിച്ചതിൽ അസൂയ പൂണ്ട ചിലർ മനഃപൂർവം വിവാദങ്ങളുണ്ടാക്കുന്നു. പ്രതിമ നിർമ്മിച്ച സർക്കാരിന് അത് സംരക്ഷിക്കാനും അറിയാമെന്ന് കടകംപള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |