തിരുവനന്തപുരം /ശിവഗിരി: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 93 ാമത് സമാധിദിനം നാടെങ്ങും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധിയായ ശിവഗിരിയിലും അനാചാരങ്ങൾക്കെതിരെ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും നടന്ന ചടങ്ങുകൾക്ക് പുറമേ, എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലും സമാധിദിനം ആചരിച്ചു. അന്നദാനവും സമൂഹപ്രാർത്ഥനയും ഉപവാസ യജ്ഞവും ഇക്കുറി ഒഴിവാക്കിയിരുന്നു.
ശിവഗിരിയിൽ രാവിലെ മുതൽ പ്രാർത്ഥന, പുഷ്പാർച്ചന, വിശേഷാൽ പൂജ, ജപം, ധ്യാനം, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു.
പർണ്ണശാലയിൽ തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയ കലശപൂജയ്ക്കുശേഷം ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പൂർണകുംഭം ശിരസിലേറ്റി സന്യാസിവര്യൻമാരുടെ അകമ്പടിയോടെ മഹാസമാധിയിലേക്ക് നീങ്ങി. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു മഹാസമാധിയിലെ ചടങ്ങുകൾ. ഗുരുദേവ സ്തുതികൾ അലയടിക്കവേ,സമാധി സമയമായ 3.30ന് കലശാഭിഷേകം നടത്തി. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അവ്യാനന്ദ,സ്വാമി വിശാലാനന്ദ,സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ,സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ഗോവിന്ദാനന്ദ ,സ്വാമി നിവേദാനന്ദ തുടങ്ങിവരും ബ്രഹ്മചാരികളും സംബന്ധിച്ചു.
എസ്.എൻ. ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ശിവഗിരിയിൽ ദർശനം നടത്തി.
ഓൺലൈൻ ബുക്കിംഗിലൂടെ അനുമതി ലഭിച്ച ഭക്തർക്കാണ് കൊവിഡ് മാനദണ്ഡ പ്രകാരം പ്രവേശനം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |