SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.56 PM IST

എഴുതിത്തള്ളേണ്ട കേസല്ല അത്

Increase Font Size Decrease Font Size Print Page

kerala-university

കേരള സർവകലാശാലയിൽ ഒരു ദശാബ്ദം മുൻപ് നടന്ന അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണു സർക്കാർ. സാധാരണ ഗതിയിൽ ഏതു തട്ടിപ്പുകേസിലും പ്രതികളെ കണ്ടെത്തി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതാണ് സർക്കാരിന്റെ ധർമ്മം. എന്നാൽ ഈ കേസിൽ വാദികൾ പോലും അറിയാതെ കേസ് എന്നേയ്ക്കുമായി അവസാനിപ്പിക്കാനാണു ശ്രമം. 2008-ൽ കേരള സർവകലാശാലയിലേക്ക് അസിസ്റ്റന്റുമാരെ തിരഞ്ഞെടുത്ത നടപടിക്രമങ്ങളിൽ കടന്നുകൂടിയ തട്ടിപ്പും വെട്ടിപ്പും വലിയ ഒച്ചപ്പാടു സൃഷ്ടിച്ചതാണ്. നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതിനു മുമ്പ് നടന്ന ഈ നിയമനങ്ങളിൽ കടന്നുകൂടിയ ക്രമക്കേടുകളും നഗ്നമായ നിയമലംഘനങ്ങളും പകൽ പോലെ വ്യക്തമായിട്ടും അതിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടാൻ പോകുന്നുവെന്നത് കേരളീയ സമൂഹത്തിനു തന്നെ അപമാനകരമാണ്. സ്വന്തക്കാരെയും ചാർച്ചക്കാരെയും അടുപ്പക്കാരെയും തിരുകിക്കയറ്റാൻ വേണ്ടി പരീക്ഷയിലും ഇന്റർവ്യൂവിലുമൊക്കെ നടന്ന അമ്പരപ്പിക്കുന്ന തിരിമറികൾ പല ഘട്ടങ്ങളിലായി ഇതിനകം പുറത്തുവന്നതാണ്. ഉത്തരക്കടലാസുകൾ കാണാതായതും പരീക്ഷയ്ക്കു ശേഷവും അപേക്ഷ വാങ്ങിവച്ച് നിയമനം തരപ്പെടുത്തിക്കൊടുത്തതുമൊക്കെ അങ്ങാടിയിൽ പാട്ടായ കാര്യങ്ങളാണ്. എല്ലാം കൊണ്ടും നിയമലംഘനങ്ങളുടെ വൻ ഘോഷയാത്രയായിരുന്നു കേരള സർവകലാശാലയുടെ വിവാദ അസിസ്റ്റന്റ് നിയമനം.

പത്തുവർഷങ്ങൾക്കു ശേഷം ഇപ്പോൾ കേസ് എഴുതിത്തള്ളാൻ കോടതിയിൽ അപേക്ഷ നൽകിയതിന് ആധാരമായി പറയുന്ന കാര്യങ്ങളാകട്ടെ തലയിൽ വെളിച്ചമുള്ള ആർക്കും ഉൾക്കൊള്ളാനാകാത്ത വിധം ബാലിശവും പരിഹാസ്യവുമാണ്. വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടത് വെറും ആരോപണങ്ങൾ മാത്രമായിരുന്നുവെന്നാണ് കേസ് അവസാനിപ്പിക്കുന്നതിനു കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ക്രൈംബ്രാഞ്ച് പറഞ്ഞിട്ടുള്ളത്. തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കേസ് എടുത്താലും കോടതിയിൽ തള്ളിപ്പോകുമെന്നതിനാൽ മുന്നോട്ടു പോകുന്നത് നിരർത്ഥകമെന്നത്രെ കണ്ടെത്തൽ. സംസ്ഥാനത്ത് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്കു നടന്നിട്ടുള്ളതിൽ വച്ചേറ്റവും വലിയ നിയമനത്തട്ടിപ്പ് എന്ന ദുഷ്‌കീർത്തിയുള്ള ഒരു കേസിന്റെ ജാതകം ഇവ്വിധത്തിൽ വരയ്ക്കപ്പെട്ടതിനു പിന്നിൽ തീർച്ചയായും വ്യക്തമായ ലക്ഷ്യമുണ്ട്. ഈ നിയമന കുംഭകോണത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെ ഒന്നടങ്കം രക്ഷിക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും അതിനില്ലെന്നതും വ്യക്തമാണ്. അന്നത്തെ വൈസ് ചാൻസലറും പി.വി.സിയും സിൻഡിക്കേറ്റ് അംഗങ്ങളും ഇന്റർവ്യൂ ബോർഡ് അംഗങ്ങളും രജിസ്ട്രാറുമൊക്കെയാണ് കേസിലെ പ്രതികളെന്നതിനാൽ രാഷ്ട്രീയ ബലവും ബന്ധുബലവുമൊക്കെ കേസ് തേച്ചുമാച്ചു കളയാൻ പ്രേരകമായതിൽ അതിശയമൊന്നുമില്ല. തെളിവുകളില്ലാത്തതിനാൽ കേസ് നിലനിൽക്കുകയില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് സന്ദേഹമുള്ളവരുണ്ടാകാം. ലാ കോളേജുകൾക്കു മുമ്പിലൂടെ വെറുതെ നടന്നിട്ടുള്ളവർക്ക് പോലും ക്രൈംബ്രാഞ്ചിന്റെ ഈ കണ്ടെത്തൽ വായിച്ച് ചുണ്ടുകളിൽ പരിഹാസച്ചിരി വിരിയാതിരിക്കില്ല. ദീർഘകാലം അന്വേഷണം നടത്തിയിട്ടും അസിസ്റ്റന്റ് പരീക്ഷയിലും ഇന്റർവ്യൂവിലും നടന്ന തിരിമറിയും ക്രമക്കേടും അന്വേഷണ സംഘത്തിന്റെ ദൃഷ്ടിയിൽ പെടാത്തതോ അതോ പെട്ടിട്ടും മുഖം തിരിച്ചതോ? ക്രമക്കേടു കാണിച്ചവർക്കെതിരെ മാത്രമല്ല, വളഞ്ഞ വഴിയിലൂടെ നിയമനം തരപ്പെടുത്തിയവരെക്കൂടി പ്രതിയാക്കി കേസ് പുനരന്വേഷണം നടത്താനാണ് 2016-ൽ ജസ്റ്റിസ് കെമാൽ പാഷ ഉത്തരവിട്ടത്. ആദ്യം സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടായിരുന്നു ഈ ഉത്തരവ്. നാലുവർഷം അന്വേഷിച്ചിട്ടും തെളിവൊന്നും കിട്ടാതെ ഇരുട്ടിൽ തപ്പുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഭരണത്തിലിരിക്കുന്നവരുടെ ആജ്ഞ ശിരസ്സാവഹിക്കാൻ നിർബന്ധിതരാണെന്ന് ഏവർക്കുമറിയാം. അന്വേഷണത്തിനു നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ സർവീസിൽ നിന്നു പിരിയുന്നതിനു തൊട്ടുതലേന്നാണ് കേസ് എഴുതിത്തള്ളാനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പരാതിക്കാരനെപ്പോലും അറിയിക്കാതെ റഫർ റിപ്പോർട്ട് സമർപ്പിച്ചതിലുമുണ്ട് ഏറെ ദുരൂഹത.

എല്ലാവിധ അഴിമതികളുടെയും ദുർഗന്ധം പേറി നിൽക്കുന്ന നമ്മുടെ സർവകലാശാലകളിൽ നടമാടുന്ന നിയമനത്തട്ടിപ്പുകൾക്കു കൈയും കണക്കുമില്ല. പരീക്ഷയുമായി ബന്ധപ്പെട്ട ലാപ്ടോപ്പ് മോഷണ വിവരം വൈസ് ചാൻസലർ വിരമിച്ച ശേഷം ഒരുവർഷം കഴിഞ്ഞാണ് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. സി.പി.എം ബന്ധമുള്ള ഉദ്യോഗാർത്ഥികൾക്ക് എഴുത്തുപരീക്ഷ പോലും കൂടാതെ നിയമനം ലഭിച്ചതായി ആക്ഷേപം ഉയർന്നതാണ്.

അസിസ്റ്റന്റ് നിയമനത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന അഴിമതിയും ക്രമക്കേടുകളും ആദ്യഘട്ടത്തിൽ ലോകായുക്തയ്ക്കും ബോദ്ധ്യമായതാണ്. തട്ടിപ്പുകൾക്കു പിന്നിൽ പ്രവർത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാൻ ലോകായുക്ത ഉത്തരവും പുറപ്പെടുവിച്ചിരുന്നു. വിവാദ റാങ്ക് പട്ടിക റദ്ദാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി നിയമിച്ച സുകുമാരൻ കമ്മിഷനും നിയമനങ്ങളിലെ ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ടതാണ്.

അധികാരത്തിലിരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് കേസുകളുടെ ഗതി മാറുന്നതും കേസുകൾ തന്നെ ഇല്ലാതാകുന്നതും പുതിയ കാര്യമൊന്നുമല്ല. രാഷ്ട്രീയ പശ്ചാത്തലമുള്ള കേസുകളാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഉദ്യോഗ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതി കേസുകൾ പ്രതികളെ രക്ഷിക്കാൻ വേണ്ടി വഴിതിരിച്ചുവിടുന്നതും കേസ് തന്നെ ഇല്ലാതാക്കുന്നതും സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. തൊഴിലിനായി അലയുന്ന യുവതയോടു കാണിക്കുന്ന മഹാ അപരാധമാണത്.

അസിസ്റ്റന്റ് നിയമനത്തിൽ നടന്ന കള്ളത്തരങ്ങൾക്കുത്തരവാദികളായവരെ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവന്ന് വിചാരണ നടത്തി അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഭരണകൂടത്തിനു നിയമപരമായും ധാർമ്മികമായും ബാദ്ധ്യതയുണ്ട്. അതു ചെയ്യാതെ സ്വന്തം ആൾക്കാരായി കണ്ട് അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണു നൽകുന്നത്. അഴിമതിയും അഴിമതിക്കാരെയും വച്ചുപൊറുപ്പിക്കില്ല എന്നു പറഞ്ഞതുകൊണ്ടായില്ല. ഇത്തരക്കാർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുക്കുക കൂടി വേണം. പാർട്ടി ബന്ധം ആർക്കും അഴിമതി കാണിക്കാനുള്ള ലൈസൻസാകരുത്. സർവകലാശാലാ അസിസ്റ്റന്റ് നിയമനത്തിൽ അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. സത്യസന്ധവും നീതിപൂർവവുമായ അന്വേഷണം നടന്നിരുന്നുവെങ്കിൽ പ്രതികളെ കുടുക്കാനുള്ള സർവ തെളിവുകളും ലഭിക്കുമായിരുന്നു.

.

TAGS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.