ദുബായ് : അമ്പയർ നിതിൻ മേനോന് പിഴച്ചില്ലായിരുന്നെങ്കിൽ ഈ സീസണിലെ ആദ്യ സൂപ്പർ ഒാവർ നടക്കുകയോ ഡൽഹി ക്യാപിറ്റൽസ് ജയിക്കുകയോ ചെയ്യില്ലായിരുന്നു !.
കഴിഞ്ഞ രാത്രി നടന്ന ഡൽഹി ക്യാപിറ്റൽസ്- കിംഗ്സ് ഇലവൻ പഞ്ചാബ് ഐ.പി.എൽ മത്സരം വിവാദത്തിലായിരിക്കുന്നത് നിതിൻ മേനോൻ വെട്ടിക്കുറച്ച ഒറ്റ റണ്ണിന്റെ പേരിലാണ്. ഡൽഹി ഉയർത്തിയ 157/8 എന്ന സ്കോറിനെതിരെ ചേസിംഗിനിറങ്ങിയ പഞ്ചാബ് 19-ാം ഒാവറിന്റെ മൂന്നാം പന്തിൽ നേടിയ ഡബിളിൽ നിന്ന് ഒരു റണ്ണാണ് നോൺ സ്ട്രൈക്കർ ക്രിസ് യോർദാൻ ക്രീസിൽ ബാറ്റ് തൊട്ടില്ലെന്ന കാരണത്താൽ വെട്ടിക്കുറച്ചത്. അവസാന ഒാവറിന്റെ അവസാന മൂന്നുപന്തുകളിൽ ഒരു റൺ മാത്രം ജയിക്കാൻ മതിയായിരുന്ന പഞ്ചാബ് ഇതിൽ ആദ്യ പന്തിൽ റണ്ണെടുക്കാതിരിക്കുകയും അവസാന രണ്ട് പന്തുകളിൽ ക്യാച്ച് നൽകുകയും ചെയ്തതോടെ കളി ടൈ ആയി. ഇതോടെ സൂപ്പർ ഒാവർ വരികയും അതിൽ ഡൽഹി വിജയിക്കുകയും ചെയ്തു.
നിശ്ചിത ഒാവറുകൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ ടി.വി റീപ്ളേയിൽ യോർദാൻ ക്രീസിൽ ബാറ്റ് കുത്തിയിരുന്നതായി തെളിഞ്ഞിരുന്നു. ഇത് തിരുത്തിയിരുന്നെങ്കിൽ പഞ്ചാബിന് നിശ്ചിത ഒാവറിൽത്തന്നെ വിജയിക്കാമായിരുന്നു. കളി തോറ്റതോടെ ടീമുടമ പ്രീതി സിന്റയും മുൻ നായകൻ വിരേന്ദർ സെവാഗുമടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ അമ്പയറിംഗിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ടീം സി.ഇ.ഒ സംഘാടകർക്ക് ഔദ്യോഗികമായി അപ്പീൽ നൽകിയിരിക്കുകയാണ്.എന്നാൽ സാധാരണഗതിയിൽ മത്സരഫലത്തിൽ മാറ്റം വരുത്താറില്ല. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമ്പയറാണ് നിതിൻ മേനോൻ.
സംഭവിച്ചത് ഇങ്ങനെ
കാഗിസോ റബാദ ഡൽഹിക്കായി 19–ാം ഓവർ എറിയാനെത്തുമ്പോൾ പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് 25 റൺസ്. ക്രീസിൽ ഉജ്വല ഫോമിലുള്ള മായാങ്ക് അഗർവാളും ക്രിസ് ജോർദാനും ആദ്യ പന്തിൽ മായാങ്കിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്ത് ബൗണ്ടറി കടന്നു.
മൂന്നാം പന്തിലാണ് വിവാദം ഉടലെടുത്തത്. ഔട്ട്സൈഡ് ഓഫിൽ ഫുൾടോസായി മാറിയ പന്ത് മായാങ്ക് എക്സ്ട്രാ കവറിലേക്ക് തിരിച്ചുവിട്ടു. ഉറപ്പായിരുന്ന രണ്ടു റൺസും ഓടിയെടുത്തു. എന്നാൽ, സ്ക്വയർ ലെഗ് അംപയർ നിതിൻ മേനോൻ ഇതിൽ ഒരു റൺ മാത്രമേ അനുവദിച്ചുള്ളൂ. ഓട്ടത്തിനിടെ ക്രിസ് ജോർദാൻ ക്രീസിൽ സ്പർശിച്ചില്ലെന്നായിരുന്നു ന്യായം. എന്നാൽ, റീപ്ലേകളിൽ ജോർദാൻ ക്രീസിൽ സ്പർശിച്ചിരുന്നുവെന്ന് വ്യക്തമായി.
സൂപ്പർ ഒാവറിലെ കളി
സൂപ്പർ ഒാവറിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നേടാനായത് രണ്ട് റൺസ് മാത്രമാണ്. റബാദ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. കെ.എൽ രാഹുലും നിക്കോളാസ് പുരാനുമാണ് പുറത്തായത്. മറുപടിക്കിറങ്ങിയ റിഷഭ് പന്തും ശ്രേയസ് അയ്യരും ചേർന്ന് ഈസി വിജയത്തിലെത്തിച്ചു.
സൂപ്പർ സ്റ്റോയ്നിസ്
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ആസ്ട്രേലിയൻ ആൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസാണ് മാൻ ഒഫ് ദ മാച്ച്.14-ാം ഒാവറിൽ ടീം 86/4 എന്ന നിലയിലായിരിക്കേ ക്രീസിലെത്തിയ സ്റ്റോയ്നിസ് 21 പന്തിൽ പുറത്താകാതെ അടിച്ചെടുത്ത 51 റൺസാണ് ഡൽഹിക്ക് മാന്യമായ ടോട്ടൽ നൽകിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങിയതായിരുന്നു സ്റ്റോയ്നിസിന്റെ ഇന്നിംഗ്സ്.
ബൗളിംഗിന് ഇറങ്ങിയപ്പോൾ മൂന്നോവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. അവസാന ഒാവറിലെ അവസാന മൂന്ന് പന്തുകളിൽ പഞ്ചാബിന് ജയിക്കാൻ ഒരു റൺ മാത്രം മതിയായിരുന്നപ്പോഴാണ് ഒരു ഡോട്ട്ബാൾ എറിയുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തത്. അഞ്ചാം പന്തിൽ മായാങ്ക് അഗർവാൾ ഹെട്മേയർക്കും അവസാന പന്തിൽ യോർദാൻ റബാദയ്ക്കും ക്യാച്ച് നൽകുകയായിരുന്നു.
തിളക്കം മാഞ്ഞ മായാങ്കം
സ്റ്റോയ്നിസിന്റ സൂപ്പർ പ്രകടനത്തിന് മുന്നിൽ മാഞ്ഞുപോയത് പഞ്ചാബ് താരം മായാങ്ക് അഗർവാളിന്റെ ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ്. ഒാപ്പണറായി ഇറങ്ങി അവസാനപന്തിന് തൊട്ടുമുമ്പുവരെ പിടിച്ചുനിന്ന മായാങ്ക് 60 പന്തുകളിൽ 89 റൺസാണ് അടിച്ചെടുത്തത്. ഏഴ് ഫോറുകളും നാല് സിക്സുകളും പറത്തി. മായാങ്കിന്റെ പുറത്താകലാണ് പഞ്ചാബ് അർഹിച്ചിരുന്ന വിജയം തട്ടിപ്പറിച്ചത്.
ഈ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരത്തിനായി സ്റ്റോയ്നിസിനെ തിരഞ്ഞടുത്തതിനോട് വിയോജിപ്പുണ്ട്. ക്രീസിൽ തൊട്ടില്ലെന്ന കാരണത്താൽ പഞ്ചാബിന്റെ ഒരു റൺ കുറച്ച അമ്പയറിനാണ് യഥാർഥത്തിൽ
ആ പുരസ്കാരം നൽകേണ്ടത്. ആ പിഴവാണ് മത്സരഫലം നിർണയിച്ചത് –
വിരേന്ദർ സെവാഗ്
ഈ കൊവിഡ് കാലത്ത് ദുബായ്‌യിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞതും ഇത്രയും കഷ്ടപ്പെട്ടതും എന്നെ ദുഖിപ്പിച്ചില്ല. എന്നാൽ ഇത്തരമൊരു അമ്പയറിംഗ് പിഴവിലൂടെ തോൽക്കേണ്ടിവന്നതിന്റെ വേദന മാറുന്നില്ല.
പ്രീതി സിന്റ
പഞ്ചാബ് ടീമുടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |