വടക്കൻപാട്ടിലെ വീരനായകനായ ആരോമലുണ്ണിയും ആലപ്പുഴയിലെ അടഞ്ഞു കിടക്കുന്ന എക്‌സൽ ഗ്ളാസ് ഫാക്‌ടറിയും തമ്മിലെന്തു ബന്ധം എന്നു ചോദിച്ചാൽ കടലും കടലാടിയും പോലുള്ള ബന്ധമെന്നാവും മിക്കവരും പറയുക. എന്നാൽ ആലപ്പുഴയിലെ പഴയ തലമുറക്കാരോട് ഈ ചോദ്യം ചോദിച്ചാൽ, രണ്ട് പുരികങ്ങളും വില്ലുപോലെ വളച്ച്, കണ്ണിലെ കൃഷ്ണമണികൾ പരമാവധി പുറത്തേക്ക് തള്ളിച്ച് അവർ മറുപടി പറയും- 'ആരോമലുണ്ണിക്ക് കിട്ടിയ പണമല്ലെ എക്‌സൽ ഗ്ളാസ് ഫാക്‌ടറി ഉണ്ടാക്കാൻ ചെലവാക്കിയത് '. പറയുന്നതിൽ അല്പം വാസ്‌തവം ഇല്ലാതെയുമില്ല.
മലയാളത്തിലെ ആദ്യകാലത്തെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായിരുന്നു ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ. ഉണ്ണിയാർച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, പാലാട്ട് കോമൻ തുടങ്ങിയ വടക്കൻപാട്ട് കഥകളുൾപ്പെടെ മലയാളത്തിൽ നിരവധി പണംവാരി ചിത്രങ്ങൾ നിർമ്മിച്ചിരുന്ന വമ്പൻ ബാനർ. ആലപ്പുഴ വഴി ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ അത്ഭുത കാഴ്ചയായിരുന്നു പാതിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോ. ഉദയാ ചിത്രങ്ങൾ വിതരണം ചെയ്തിരുന്നത്, എക്‌സൽ ഫിലിംസ് എന്ന സ്വന്തം കമ്പനി വഴിയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലെയും തീയറ്ററുകളിൽ നിന്ന് രണ്ട് കാറുകളിലാണ് അന്ന് ഓരോ ദിവസത്തെയും കളക്ഷൻ, സംവിധായകനും സ്റ്റുഡിയോ മുതലാളിയുമായിരുന്ന കുഞ്ചാക്കോയുടെ കൈവശമെത്തിയിരുന്നത്. കുഞ്ചാക്കോയുടെ വീട്ടിലേക്ക് കാറിൽ എത്തിക്കുന്നതിനെക്കുറിച്ചും 'പണം കുന്നുകൂട്ടുന്ന' കാഴ്ചയെക്കുറിച്ചും പൊടിപ്പും തൊങ്ങലും വച്ച കഥകൾ പ്രചരിച്ചിരുന്നു.
കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തായിരുന്നു കമ്യൂണിസ്റ്റ് നേതാവും ഭാവനാ സമ്പന്നനായ വ്യവസായ മന്ത്രിയുമായിരുന്ന ടി.വി.തോമസ്. ചേർത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സമൃദ്ധമായി കിട്ടിയിരുന്ന സിലിക്കമണൽ ഗ്ളാസ് നിർമ്മാണത്തിന് അത്യുത്തമം എന്നും അതിന്റെ വ്യവസായ സാദ്ധ്യതകളും ടി.വി തിരിച്ചറിഞ്ഞു. ടി.വി.തോമസിന്റെ നിർദ്ദേശപ്രകാരമാണ് കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോ കോംപ്ളക്സിനോട് ചേർന്നുള്ള സ്ഥലത്ത് 1973-ൽ ഒരു കോടി രൂപ ചെലവിട്ട് എക്‌സൽ ഗ്ളാസ് ഫാക്‌ടറി തുടങ്ങിയത്. പശ്ചിമബംഗാളിലെ ചില ഫാക്‌ടറികളിൽ നിന്നാണ് അക്കാലത്ത് കേരളത്തിലേക്ക് ഗ്ളാസുകളും ഗ്ളാസ് കുപ്പികളും എത്തിക്കൊണ്ടിരുന്നത്. ഇത്തരം ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനവും എക്‌സൽ ഗ്ളാസാണ്. നിരവധി പ്രമുഖ കമ്പനികൾക്ക് ഗ്ളാസ് കുപ്പികൾ ഓർഡർ അനുസരിച്ച് നിർമ്മിച്ച് നൽകിയിരുന്നത് ഇവിടെ നിന്നാണ്. പുനരുപയോഗത്തിനായി പഴയ കുപ്പികളും ഗ്ളാസ് ചീളുകളും വൻ തോതിൽ എക്‌സൽ ഗ്ളാസ് ഫാക്‌ടറി വാങ്ങുകയും ചെയ്തിരുന്നു. മിനിട്ടിൽ 150 കുപ്പികൾ വരെ നിർമ്മിക്കാൻ ശേഷിയുള്ള അഞ്ച് മെഷീനുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. വളരെ ലാഭകരമായാണ് ഫാക്‌ടറി പ്രവർത്തിച്ചു വന്നത്.
വിജയത്തിൽ നിന്ന് വീഴ്ചയിലേക്ക്
വെന്നിക്കൊടി പാറിച്ച് സ്ഥാപനം മുന്നേറുന്നതിനിടെ 1976 -ൽ കുഞ്ചാക്കോ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ ബോബൻ കുഞ്ചാക്കോ ചുമതല ഏറ്റെടുത്തു. പിന്നീട് ഉടമസ്ഥത പലരിലേക്ക് മാറിപ്പോയ സ്ഥാപനം നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. അതോടെ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എക്‌സൽ ഗ്ളാസ് ഏറ്റെടുത്തു. വീണ്ടും ലാഭത്തിലേക്ക് എത്തിയ സ്ഥാപനം, സംസ്ഥാന സർക്കാർ മുംബൈ ആസ്ഥാനമായുള്ള സൊമാനി ഗ്രൂപ്പിന് കൈമാറി. പക്ഷേ അവർ നല്ല രീതിയിൽ ഫാക്‌ടറി മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യം കാട്ടിയില്ല. ഇതിനിടെ ചില്ലറ തൊഴിൽ പ്രശ്നങ്ങളുമുണ്ടായി. ലോക്കൗട്ടായി. ഫർണസ്, ജനറേറ്റർ എന്നിവയ്ക്ക് കേടുപാട് സംഭവിച്ചതോടെ 2008-ൽ കമ്പനി പ്രവർത്തിക്കാതായി. മൂന്നര വർഷം കഴിഞ്ഞപ്പോൾ കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ 14.5 കോടി വായ്‌പ ലഭിച്ചു. വൈദ്യുതി ബോർഡിന് കമ്പനി നൽകേണ്ടിയിരുന്ന രണ്ട് കോടിയോളം രൂപയുടെ കുടിശിക സർക്കാർ എഴുതിത്തള്ളുകയും ചെയ്തു. 2011-ൽ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും പൂട്ടുവീണു. അസംസ്കൃത വസ്തുവായ സിലിക്കമണൽ കിട്ടാനില്ലെന്ന കാരണമാണ് കമ്പനി നടത്തിപ്പുകാർ പറഞ്ഞത്. എന്നാൽ സൊമാനി ഗ്രൂപ്പിന്റെ ചില പ്രത്യേക താത്പര്യങ്ങളാണ് കമ്പനി പൂട്ടാൻ കാരണമെന്ന ആരോപണമുന്നയിച്ച് ജനകീയ കൂട്ടായ്‌മ സമരവുമായി രംഗത്ത് വന്നു. ഏറെ നാൾ സമരം നടന്നെങ്കിലും ഫലം കണ്ടില്ല.
'എൽ.ഡി.എഫ് വന്നിട്ടും, അടഞ്ഞുതന്നെ '
2016-ൽ ഇടതുപക്ഷത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കണ്ട നാട്ടുകാർക്ക് എക്‌സൽ ഫാക്‌ടറിയുടെ പൂട്ടുതുറക്കുമെന്ന പ്രതീക്ഷ ഉദിച്ചു. പക്ഷേ ' എൽ.ഡി.എഫ് വരും എക്‌സൽ ഗ്ളാസ് ഫാക്‌ടറി തുറക്കും'. എന്ന വാഗ്ദാനം, പാലം കടക്കുവോളം നാരായണ, പാലം കടന്നു ചെന്നാൽ കൂരായണ' എന്ന ചൊല്ല് പോലെയായി. വാഗ്ദാന ലംഘനം നടന്നതോടെ ഭരണപക്ഷത്തുള്ള സി.പി.ഐ, ഫാക്‌ടറി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നു. അവർ കഴിയും വിധമുള്ള സമരവും തടുങ്ങി. തൊട്ടു പിന്നാലെ ഇതേ ആവശ്യവുമായി കോൺഗ്രസും വന്നു. ബി.ജെ.പിയുടേതായിരുന്നു അടുത്ത ഊഴം. എല്ലാവരും ഇറങ്ങിയതോടെ വല്യേട്ടനായ സി.പി.എമ്മിന് അടങ്ങിയിരിക്കാൻ പറ്റാതായി . അവരും ഇപ്പോൾ എക്സൽ ഗ്ളാസ് തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് .
'എക്‌സൽ ഗ്ലാസ് ഫാക്‌ടറിയുടെ സ്വത്ത് ലേലത്തിൽ , സംസ്ഥാന സർക്കാരോ പണം ലഭിക്കാനുള്ള കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നീ സ്ഥാപനങ്ങളോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളോ പങ്കെടുക്കണം. കമ്പനി മാനേജ്‌മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാർത്ഥ ആസ്തി കുറച്ചുകാട്ടി സ്വന്തക്കാരെ ലേലത്തിൽ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. സർക്കാർ, ലേലത്തിൽ നേരിട്ട് പങ്കെടുക്കണം.' ഇതാണ് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ അഭിപ്രായം.
ഇതുകൂടി കേൾക്കണേ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ,'ഒത്തുപിടിച്ചാൽ മലയും പോരും' എന്ന സിദ്ധാന്തത്തിലേക്ക് വന്നില്ലെങ്കിൽ പിന്നെ രക്ഷയുണ്ടോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |