പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ എഴുപതുകളിൽ ഭാരതത്തിന്റെ കാർഷികരംഗം ഘടനാപരമായ വലിയ മാറ്റങ്ങൾക്ക് വിധേയമായി. ആ മാറ്റങ്ങളാണ് ഇന്ത്യയെ ഭക്ഷ്യരംഗത്ത് സ്വയം പര്യാപ്തമാക്കിയത്. കർഷകരുടെ ഉത്പന്നങ്ങൾക്ക് സർക്കാരുകൾ പ്രഖ്യാപിക്കുന്ന താങ്ങുവില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം എന്നീ ബലവത്തായ മൂന്ന് തൂണുകളിലാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ നിലനിൽക്കുന്നത്. ഇവ മൂന്നിനെയും തകർത്തുകൊണ്ട് ഇന്ത്യൻ കാർഷികരംഗത്തെ കുത്തകകൾക്കും ദല്ലാളൻമാർക്കും അടിയറവയ്ക്കുകയും അതുവഴി ഇന്ത്യൻ കർഷകന് മരണക്കുരുക്ക് ഒരുക്കുകയുമാണ് ബി.ജെ.പി സർക്കാർ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പാസാക്കിയ കാർഷിക ബില്ലുകളിലൂടെ സംഭവിക്കുന്നത്.
പുതിയ ബില്ലുകൾ
കാർഷികവിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020 എന്നിവയാണ് രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയത്. ഇന്ത്യയുടെ മഹത്തായ പാർലമെന്ററി പാരമ്പര്യത്തോടുള്ള വെല്ലുവിളി കൂടിയായിരുന്നു സെപ്തംബർ 20 ന് രാജ്യസഭയിൽ അരങ്ങേറിയത്. പ്രതിപക്ഷകക്ഷികളും ഭരണകക്ഷിയോടൊപ്പം നിൽക്കുന്ന ബിജു ജനതാദളും ആവശ്യപ്പെട്ടത് ഈ ബില്ല് കൂടുതൽ ചർച്ചകൾക്കും വിശകലനങ്ങൾക്കുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് വിടണമെന്നായിരുന്നു.എന്നാൽ യാതൊരു പാർലമെന്ററി മര്യാദയും കാട്ടാതെ ബില്ലുകൾ ക്ഷണനേരം കൊണ്ട് പാസാക്കിയെടുക്കുകയാണ് ബി.ജെ.പി ഭരണകൂടം ചെയ്തത്. എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ എം.പിമാരെ ജനാധിപത്യ വിരുദ്ധമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
താങ്ങുവില
കാർഷികോത്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാവുക എന്നതാണ് ഇതിലെ ഏറ്റവും ഗുരുതരമായ വശം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളായി കാർഷിക വിപണിയിൽ നടത്തുന്ന സജീവമായ ഇടപെടലുകളിലൂടെയാണ് താങ്ങുവില സമ്പ്രദായം രൂപമെടുത്തത്. കർഷകർക്ക് തങ്ങളുടെ വിളവുകൾക്ക് ഒരു നിശ്ചിതമായ വില ഉറപ്പ് വരുത്തുകയാണ് ഇതുവഴി . എന്നാൽ ഈ ബില്ലുകൾ പാസാക്കിയതോടെ താങ്ങുവില എന്നത് അവസാനിക്കും. കർഷകർക്കും അവരുടെ ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നവർക്കും ഒരേ വിലപേശൽ ശക്തിയുണ്ടാക്കുകയാണ് ഈ ബില്ലുകൾ.
എ.പി.എം.സി ഇല്ലാതാകും
2003 ലെ എ.പി.എം.സി അഥവാ കാർഷികോത്പന്ന കമ്പോള സമിതി നിയമത്തിലെ വ്യവസ്ഥകളെ ഇല്ലായ്മ ചെയ്താണ് പുതിയ നിയമം സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. അതത് പ്രദേശത്തെ വിലനിലവാരം കണക്കിലെടുത്ത് കാർഷികോത്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് എ.പി.എം.സി യാണ്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെല്ലാം ഇത്തരത്തിലാണ് കാർഷിക മേഖല നിലനിൽക്കുന്നത്. ഇതിലൂടെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കിട്ടുമെന്നുറപ്പായിരുന്നു. അതോടൊപ്പം സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില ലഭിക്കുകയും ചെയ്യും. ഈ ബില്ലിലൂടെ എ.പി.എം.സി ആക്ട് റദ്ദാക്കുമ്പോൾ സർക്കാർ ചെയ്യേണ്ടിയിരുന്നത് കുറെക്കൂടി കർഷക സൗഹൃദവും തങ്ങളുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നതിനും കൃഷി ഒരു വരുമാന മാർഗമെന്ന നിലയിൽ തുടർന്ന് കൊണ്ടുപോകുന്നതിനുമായികർഷക കമ്പനികൾ/ സംഘങ്ങൾ രൂപീകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ ഇത് വ്യക്തമായി സൂചിപ്പിച്ചിരുന്നു. എ.പി.എം.സി ആക്ട് പ്രകാരം കമ്പോളം അഥവാ മാർക്കറ്റ് എന്നത് കാർഷികോത്പന്ന കമ്പോള സമിതിയുടെ കീഴിലുള്ള സ്ഥലങ്ങളായിരുന്നു. അവിടെ നിന്ന് ഉത്പന്നങ്ങൾ വാങ്ങുക എന്നതാണ് വാങ്ങാൻ വരുന്നവർ ചെയ്യേണ്ടിയിരുന്നത്. ഇതിനെ മണ്ഡികൾ എന്നാണ് ഉത്തരേന്ത്യയിൽ പറഞ്ഞ് വരുന്നത്. ഓരോ പ്രദേശത്തെയും മണ്ഡികളിൽ അതത് പ്രദേശത്തെ വിലനിലവാരമനുസരിച്ച് കാർഷികവിളകൾ വിൽക്കുകയാണ് ചെയ്തു കൊണ്ടിരുന്നത്. ഈ പ്രാദേശിക മാർക്കറ്റുകളെ പൂർണമായും തകർക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകൾ.
കുത്തകകൾ കമ്പോളം നിശ്ചയിക്കും
ബില്ലിലെ പുതിയ വ്യവസ്ഥപ്രകാരം എവിടെയാണോ ഉത്പന്നങ്ങൾ വിൽക്കുന്നത് അവിടെ കമ്പോളമായി തീരുമെന്നാണ്. അതായത് വൻകിട കുത്തകക്കാർക്കും തങ്ങളുടെ ഇഷ്ടപ്രകാരം കമ്പോളം നിശ്ചയിക്കാൻ കഴിയും. അങ്ങിനെ വരുമ്പോൾ കാർഷികോത്പന്നങ്ങളുടെയും വിളകളുടെയും വിലനിലവാരവും അവർക്ക് നിശ്ചയിക്കാം,എവിടെയും സംഭരിക്കാം, എവിടെയും വിൽക്കാം. നിലവിലുള്ള എ.പി.എം.സി നിയമപ്രകാരം അവരിൽ നിന്ന് ലൈസൻസ് സമ്പാദിക്കുന്നവരാണ് വ്യാപാരികളായി കണക്കാക്കപ്പെടുന്നത്. പുതിയ ബില്ലുകളിലെ ചട്ടങ്ങൾ പ്രകാരം ഉത്പാദകരും കയറ്റുമതിക്കാരും, മില്ല് ഉടമകളും ചെറുകിട വ്യാപാരികളും വരെ ഈ പട്ടികയിൽപ്പെടും. ഈ ബില്ലിലെ വ്യവസ്ഥകൾ വിൽക്കുന്നവനല്ല വാങ്ങുന്നവനാണ് വില നിശ്ചയിക്കുന്നതെന്ന നിലയിലേക്കെത്തും കാര്യങ്ങൾ. ഇതോടെ കഴുത്തറപ്പൻ മത്സരത്തിൽ നിന്ന് സാധാരണ കൃഷിക്കാരന് പിൻവാങ്ങേണ്ടി വരും. അതോടെ അവന്റെ ജീവിതമാർഗവും അടയും. അതോടൊപ്പം ഒട്ടേറെ ഗ്രാമങ്ങൾ നമ്മുടെ കാർഷിക വിപണിയിൽ നിന്ന് പുറത്താവുകയും ചെയ്യും.
കരാർ കൃഷി
കരാർ കൃഷി പരമ്പരാഗത മേഖലയെ തകർക്കും. കരാർ കൃഷിക്ക് വലിയ പ്രോത്സാഹനമാണ് ഈ ബില്ലുകളിലെ വ്യവസ്ഥകളിലുള്ളത്. നമ്മുടെ പരമ്പരാഗത മേഖലയെ പൂർണമായും തകർക്കുന്ന ഒന്നാണ് കരാർ കൃഷി. കർഷകൻ എന്ത് കൃഷി ചെയ്യണം, ഏത് വിത്ത് ഉപയോഗിക്കണം., ഏത് വളം ഉപയോഗിക്കണം എന്നെല്ലാം ഇവിടെ തീരുമാനിക്കുന്നത് കുത്തക കമ്പനിയാണ്. മാത്രമല്ല ജനിതകമാറ്റം വന്ന വിത്തുകളും ഉപയോഗിച്ചേക്കാം. കരാർ കൃഷി കാർഷികമേഖലയുടെ വൈവിദ്ധ്യത്തെ മാത്രമല്ല നമ്മുടെ പരമ്പരാഗത വിത്തിനങ്ങളെയും ഇല്ലാതാക്കും. ഇന്ത്യയിൽ കരാർ കൃഷി നേരത്തെ തന്നെയുണ്ടെങ്കിലും ഈ ബില്ലിലെ വ്യവസ്ഥകൾ നിയമമാകുന്നതോടെ കരാർ കൃഷി ഇന്ത്യയിൽ കൂടുതൽ വ്യാപിക്കുമെന്നുറപ്പാണ്. ചെറുകിട നാമമാത്ര കർഷകർ ഇതോടെ ഇല്ലാതാവുകയും ചെയ്യും.
കേരളത്തിനും ആഘാതം
ജനിതകമാറ്റം വരുത്തിയ വിത്തുകൾ കൃഷി ചെയ്യാനുള്ള അനുമതിയും കരാർ കൃഷിയുമൊക്കെ കേരളത്തിലെ കാർഷികമേഖലക്കും വലിയ ആഘാതം വരുത്തി വയ്ക്കും. ചെറുകിട ഇടത്തരം നാമമാത്ര കർഷകർ കൂടുതലുള്ള സംസ്ഥാനത്ത് കരാർ കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് ആത്മഹത്യാപരമാണ്. ചെറുകിട കർഷകരുടെ ഭൂമി നിസാര വിലക്ക് കരാർ കമ്പനികൾ വിലക്കെടുക്കാനും സാദ്ധ്യതയുണ്ട്. കേരളത്തിൽ വളരെ ശക്തമായി നില നിൽക്കുന്ന സഹകരണ മാർക്കറ്റിംഗ് സംവിധാനങ്ങൾ, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവയുടെ സ്വതന്ത്രമായ കാർഷിക പ്രവർത്തനത്തിന് തുരങ്കം വയ്ക്കുന്ന നിർദേശങ്ങളും ഈ ബില്ലിലുണ്ട്. മാത്രമല്ല കാർഷികമേഖലയിൽ സംസ്ഥാനങ്ങൾക്കുണ്ടായ അധികാരം ഗണ്യമായ തോതിൽ കുറയാനും അതുവഴി കൂടുതൽ കേന്ദ്ര ഇടപെടലുകൾ വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ഈ ബില്ലിലെ വ്യവസ്ഥകൾ പ്രകാരം കേരളത്തിൽ ആർക്ക് വേണമെങ്കിലും വിപണികൾ സ്ഥാപിക്കാനും വ്യാപാരം നടത്താനും കഴിയും. നമ്മൾ കാലാകാലങ്ങളായി പിന്തുടർന്ന് പോന്ന കാർഷിക സംസ്കാരത്തിന്റെ തന്നെ മരണമണിയായിരിക്കും ഇതിലൂടെ ഉണ്ടാകാൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |