വാർത്തകളിൽ നിറയെ സ്വർണക്കടത്ത്. ഇതിന്റെ സത്യമെന്തായിരിക്കും?
സ്വർണപ്പാത്രം കൊണ്ട് സത്യത്തിന്റെ മുഖം മൂടിയിരിക്കുന്നുവെന്ന് പറയുന്നതിന്റെ പൊരുൾ ഇപ്പോഴാണ് അപ്പുണ്യേട്ടന് തെളിഞ്ഞത്. കനകം മൂലം കാമിനി മൂലം കലഹം പലവിധമെന്ന് പറഞ്ഞത് വരാനിരിക്കുന്ന കേരള സർക്കാരുകളെ കരുതിക്കൂട്ടിയാകുമെന്ന് കുഞ്ചൻനമ്പ്യാരുടെ ശത്രുക്കൾ പോലും പറയില്ല. എന്നിട്ടും കാമിനി മൂലം കനകം മൂലം കലഹം വന്നുഭവിച്ചിരിക്കുന്നു! കാമിനിയെക്കൊണ്ട് ഒരു മുഖ്യമന്ത്രിക്ക് അടിതെറ്റി. തക്കം നോക്കി കസേരയിൽ കയറിപ്പറ്റിയ മറ്റൊരാൾക്ക് കനകം മൂലം ചാഞ്ചാട്ടവും.
കൊവിഡ് കാലമായതോടെ കച്ചവടം പൂട്ടിയ മട്ടാണ്. അന്നപൂർണയുടെ അടുക്കളക്കോലായിൽ ചാനലുകളിൽ മുങ്ങിത്തപ്പുകയാണ്, ഇപ്പോഴത്തെ നേരമ്പോക്ക്. പണ്ടൊക്കെ സീരിയലും കോമഡിഷോയിലുമായിരുന്നു കമ്പം. ഇപ്പോഴതു രണ്ടും വാർത്താചാനലുകളിൽ നിന്നും കിട്ടും. മൊത്തം കോമഡി. അടിപിടി. കാട്ടാഗുസ്തി.
സ്വർണക്കടത്തിന്റെ ഗ്രീൻചാനലുകളിൽ സിനിമക്കാരുടെ ഗ്ളാമർ കാലം കഴിഞ്ഞു. മന്ത്രിമാരും കോൺസുലേറ്റുകളും താരങ്ങളാകുന്നു. കലികാലത്ത് സ്വർണം കൂടുതൽ തിളങ്ങുമെന്ന് ഭാഗവതം പണ്ടേ പറഞ്ഞിട്ടുള്ള കാര്യം അപ്പുണ്യേട്ടൻ ഓർത്തു.
സരസ്വതീ നദീതീരത്ത് ധർമ്മം എന്ന ഒറ്റക്കാലുള്ള കാളയേയും ഭൂമിദേവിയെന്ന ക്ഷീണിച്ച പശുവിനെയും ചാട്ടവാറുകൊണ്ടടിക്കുന്ന കലിയെ പരീക്ഷിത്ത് മഹാരാജാവ് കണ്ടുമുട്ടുന്നു. തനിക്കിരിക്കാൻ പറ്റിയ സ്ഥലം തന്നാൽ പോകുമെന്നായി കലി. ചൂതുകളി, മദ്യപാനം, സ്ത്രീസേവ, പ്രാണിവധം (ഹിംസ) എന്നീ നാല് അധർമ്മ സ്ഥാനങ്ങളിൽ വസിച്ചുകൊള്ളാൻ രാജാവ് പറഞ്ഞു.
ഈ നാലും കൂടി ഒരുമിച്ച് വിളങ്ങുന്ന ഒരു സ്ഥാനം വേണമെന്ന കലിയുടെ യാചന കേട്ട പരീക്ഷിത്ത് സ്വർണം വാസസ്ഥാനമായി അനുവദിച്ചുവെന്ന് ഭാഗവതം.*
അസത്യം, അഹങ്കാരം, അത്യാസക്തി, ഹിംസ, വൈരം എന്നിവ ഉത്ഭവിക്കുന്ന ഇടമാണത്രേ സ്വർണം. വെറുതെയാണോ കലികാലത്ത് ദിനം പ്രതി സ്വർണവില കുതിച്ചുകയറുന്നത്?
ഭാഗവതം പ്രഥമസ്‌കന്ധം, അദ്ധ്യായം 16, 17
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |