SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

ഖുറാനുമായി  മലപ്പുറത്തേക്ക്  പോയ ലോറിക്ക് പിന്നാലെ സര്‍ക്കാര്‍ വാഹനം ബംഗളുരുവിലേക്ക് പോയി, തൃശൂര്‍ എത്തിയപ്പോള്‍ ജി പി എസ് ഓഫായതിൽ ശാസ്ത്രീയ അന്വേഷണത്തിന് എന്‍ ഐ എ

Increase Font Size Decrease Font Size Print Page
kt-jaleel

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് എത്തിച്ച ഖുറാന്‍ പാഴ്സലുകള്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയ സംഭവത്തില്‍ അന്വേഷണം കേന്ദ്രീകരിക്കാന്‍ എന്‍ ഐ എയുടെ ശ്രമം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഖുറാന്‍ കൊണ്ടുപോകാന്‍ സഹായിച്ച സിആപ്റ്റിന്റെ ഓഫീസില്‍ അന്വേഷണ സംഘം പരിശോധന നടത്തി. പാഴ്സലുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ സിആപ്റ്റ് അനധികൃതമായി മലപ്പുറത്ത് എത്തിച്ചതിനെ പറ്റി ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുവാനാണ് എന്‍ ഐ എ തീരുമാനിച്ചിട്ടുള്ളത്.

രണ്ടാം ദിവസം എന്‍ ഐ എ സിആപ്റ്റില്‍ പരിശോധന നടത്തിയപ്പോള്‍ അവിടത്തെ ജീവനക്കാരുടെ മൊഴിയും എടുത്തിരുന്നു. പറഞ്ഞു പഠിപ്പിച്ച പോലെയുള്ള മൊഴികള്‍ സാഹചര്യ തെളിവുകളുമായി ചേരാത്തതിനാലാണ് ശാസ്ത്രീയ അന്വേഷണം നടത്തുക. ഇതിന്റെ ഭാഗമായി മലപ്പുറത്തേക്ക് പാഴ്സല്‍ കൊണ്ടുപോയ ലോറിയുടെ ജി.പി.എസ് റെക്കാര്‍ഡര്‍ എന്‍.ഐ.എ പിടിച്ചെടുത്തു. ഈ വാഹനം തൃശൂരിലെത്തിയപ്പോള്‍ ജി. പി.എസ് ഓഫാക്കിയെന്ന് കണ്ടെത്തി. വാഹനം എങ്ങോട്ടൊക്കെ പോയി, എവിടെയെല്ലാം നിറുത്തി എന്നെല്ലാം കണ്ടെത്തണം. ഈ ലോറിക്ക് പിന്നാലെ സിആപ്റ്റിന്റെ മറ്റൊരു വാഹനം ബംഗളുരുവിലേക്ക് പോയതും അന്വേഷിക്കുന്നുണ്ട്.

ജി.പി.എസ് ചുമതലയുള്ള ഉദ്യോഗസ്ഥനെ കൊല്ലത്തുനിന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഡെലിവറി സ്റ്റോറിന്റെ കീപ്പര്‍ നിസാമിനെയും ലോറി ഡ്രൈവര്‍ അഗസ്റ്റിന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സുരേഷ് എന്നിവരെയും ചോദ്യംചെയ്തു. സ്റ്റോറിലെ ചില രജിസ്റ്ററുകള്‍ പിടിച്ചെടുത്തു. നിസാമിന്റെ ഉള്ളൂരിലെ വീട്ടില്‍ നിന്ന് മതഗ്രന്ഥം കണ്ടെടുത്തു. സിആപ്റ്റ് എം.ഡിയായിരുന്ന എം.അബ്ദുല്‍ റഹ്മാന്റെ നിര്‍ദ്ദേശപ്രകാരമാണ് പാഴ്സലുകള്‍ കൊണ്ടുപോയതെന്നാണ് ഡ്രൈവറുടെയും മറ്റ് ജീവനക്കാരുടെയും മൊഴി.

സ്വപ്ന എത്തിച്ച 32 പാഴ്സലുകളില്‍ ഒരെണ്ണം തുറന്ന് ജീവനക്കാരെ കാട്ടിയ ശേഷം ബാക്കിയുള്ളവ മലപ്പുറത്തേക്ക് കൊണ്ടുപോയെന്നാണ് മന്ത്രി ജലീല്‍ ആദ്യം പറഞ്ഞിരുന്നത്. തൂക്കത്തില്‍ 14കിലോയുടെ വ്യത്യാസം എന്‍.ഐ.എ കണ്ടെത്തിയതോടെ ഒരു പാക്കറ്റിലെ മതഗ്രന്ഥങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയെന്നാണ് പുതിയ വിശദീകരണം. ജീവനക്കാരെല്ലാം എന്‍.ഐ.എയോട് ഇത് തന്നെ ആവര്‍ത്തിക്കുന്നു.

കോണ്‍സുലേറ്റിന്റെ പാഴ്സല്‍ സിആപ്റ്റില്‍ എത്തിച്ചതെന്തിനെന്നും അതിന്റെ രേഖകള്‍ എവിടെയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുണ്ടായില്ല. അന്വേഷണം തുടങ്ങിയ ശേഷം അഞ്ച് ജീവനക്കാരെ സ്ഥലംമാറ്റിയതും അന്വേഷിക്കുന്നുണ്ട്. സിആപ്റ്റ് ഡയറക്ടര്‍ സ്ഥാനു നിന്ന് എം.അബ്ദുല്‍ റഹ്മാനെ എല്‍.ബി.എസ് ഡയറക്ടറായി മാറ്റിയിരുന്നു. എല്‍.ബി.എസിലെത്തിയ എന്‍.ഐ.എ രണ്ടു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. പാഴ്സല്‍ സ്വീകരിച്ചത് എന്തിന്, ഔദ്യോഗിക കാര്യത്തിനാണോ ബംഗളുരുവില്‍ പോയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അബ്ദുല്‍ റഹ്മാന് ഉത്തരമുണ്ടായില്ല. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എന്‍.ഐ.എ പറഞ്ഞു.

TAGS: CAPT, KT JALEEL, ഖുറാൻ, ​സ്വപ്ന സുരേഷ്, ​കെ ടി ജലീൽ, ​ SWAPNA SURESH, GOLD SMUGGLING, GOLD SMUGGLING CASE, GPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY