ലഹരിവിവാദത്തിൽ കുടുങ്ങി ബോളിവുഡിന്റെ മുൻനിര നായികമാർ....
വിവാദ തിരി കൊളുത്തിവിട്ട സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിൽ കെട്ടണയുന്നില്ല. ബോളിവുഡിന്റെ ചങ്കിടിപ്പ് കൂടുകയാണ്. ജൂൺ പതിനാലിനായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം.വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന വാർത്ത ബോളിവുഡിനെ പിടിച്ചുകുലുക്കിയിരുന്നു. എന്നാൽ സുശാന്തിന്റെ കുടുംബം കാമുകി റിയ ചക്രവർത്തിയിലേക്ക് വിരൽ ചുണ്ടിയതോടെയാണ് അതുവരെ ഉണ്ടായ കഥ മാറി മറിഞ്ഞത്. സുശാന്തിന് ലഹരി മരുന്നുകൾ എത്തിച്ചു നൽകിയത് റിയ ചക്രവർത്തിയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു .ഇപ്പോൾ അന്വേഷണംബോളിവുഡിലെ ലഹരി മാഫിയയിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലൂടെയാണ് ബോളിവുഡിന്റെ ഓരോ ചുവടുവെപ്പും.നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ,എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ ഏജൻസികളാണ് ബോളിവുഡിലെ ലഹരിവേട്ടയെക്കുറിച്ച് അന്വേഷിക്കുന്നത്.ബോളിവുഡിലെ മിക്ക താരങ്ങളും ലഹരി മരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക റിപ്പോർട്ടെന്ന് സൂചന.അതേസമയം രാഷ്ട്രീയമായ പകവീട്ടലാണ് ഇപ്പോൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
ബോളിവുഡിലെ മുൻ നിര നായികമാരിലേക്ക് അന്വേഷണം എത്തിയതിന്റെ ഞെട്ടലിലാണ് ബോളിവുഡ് ആരാധകരും .താര സുന്ദരിമാർ പങ്കെടുത്ത നിശാപാർട്ടിയിൽ ലഹരി ഒഴുകിയെന്നും ലഹരിമരുന്നുകൾ ആവശ്യപ്പെട്ടതായുമുള്ള ടെക്നിക്കൽ തെളിവുകളും ലഭിച്ചതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി .ബി) അറിയിച്ചിരുന്നു.ദീപിക പദുകോൺ ,ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽപ്രീത് സിംഗ്,സിമോൺ കമ്പട്ട എന്നി പ്രമുഖ നടിമാരെയാണ് ചോദ്യം ചെയ്യാൻ എൻ.സി.ബി വിളിച്ചിരിക്കുന്നത്. ദീപിക പദുകോൺ ഗോവയിൽ ഷൂട്ടിലാണ് ഇന്ന് മുംബൈയിൽ എത്തി അന്വേഷണ സംഘത്തെ കാണും. റിയ ചക്രവർത്തിയിൽ നിന്നാണ് ദീപികയും ശ്രദ്ധയും ലഹരി ഉപയോഗിക്കുന്ന സംബന്ധിച്ച വിവരങ്ങൾ എൻ.സി.ബി യ്ക്ക് ലഭിച്ചത്.
ടാലന്റ് മാനേജർ കരിഷ്മ പ്രകാശിനോടു ദീപിക ലഹരി മരുന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള ചാറ്റുകൾ പുറത്തുവന്നത് കൂടുതൽ വിവാദങ്ങളിലേക്ക് വഴി തെളിയിച്ചു.തനിക്ക് കഞ്ചാവ് വേണ്ട ഹാഷിഷ് ഓയിൽ കിട്ടുമോ എന്നാണ് ദീപിക വാട്സാപ്പ് സന്ദേശത്തിൽ കരിഷ്മ പ്രകാശിനോട് ചോദിച്ചത്.കേസിൽ ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെയും ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയുംകേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്വാൻ ടാലന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. ഇതേ കമ്പനി വഴി സുശാന്ത് സിംഗിന്റെ ടാലന്റ് മാനേജരായ ജയ സഹയെ കഴിഞ്ഞ ദിവസംചോദ്യം ചെയ്തതിനു പിന്നാലെയാണ് ദീപിക ഉൾപ്പെടെയുള്ള പ്രമുഖരുടെപേര് ഉയർന്നത്.അമ്പതോളംബോളിവുഡ് താരങ്ങൾ സംശയത്തിന്റെ നിഴലിലെന്ന് എൻ.സി. ബി പുറത്തുവിട്ടിരുന്നു. അതിൽ നടിമാരും സംവിധായകരും നിർമാതാക്കളുമെല്ലാം ഉണ്ടെന്നാണ് സൂചന. കൂടാതെ മുംബൈ പരേലിലെ കോകോ എന്ന റസ്റ്റോറന്റിന്റെ പേരും ചാറ്റിൽ പരാമർശിച്ചിട്ടുണ്ട്.ഇതോടെ കൂടുതൽ പ്രമുഖരും സംശയത്തിന്റെ നിഴലിലായിരിക്കുന്നു.
ദീപിക പദുകോൺ
ബോളിവുഡിന്റെ പെൺകരുത്താണ് ദീപിക പദുകോൺ.തന്റെ നിലപാടുകളെ ഉറക്കെ വിളിച്ചു പറയാൻ മടിയില്ലാത്ത താരം. എ.ബി.വി.പി അക്രമത്തിൽ പരിക്കേറ്റ ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ദീപിക ജെ.എൻ.യു സന്ദർശിച്ചത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആദ്യമായി അഭിനയിച്ചത് കന്നട ചിത്രമായ ഐശ്വര്യ ആണ്. അതിനുശേഷം പുനർജന്മവുമായി ബന്ധപ്പെട്ട് കഥ പറയുന്ന ഓം ശാന്തി ഓം എന്ന ചിത്രത്തിൽ അഭിനയിച്ചു. വാണിജ്യപരമായി ചിത്രം വൻ വിജയമായിരുന്നു.ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി. 2008ൽ ബച്നാ എ ഹസീനോ എന്ന ചിത്രത്തിൽ അഭിനയിച്ചു.തുടർന്ന് ചാന്ദിനി ചൗക് ടു ചൈന, ബില്ലു, ലവ് ആജ് കൽ,മേ ഔർ മിസ്സ്സ് ഖന്ന, കാർത്തിക് കാളിംഗ് കാർത്തിക്, ഹൗസ ്ഫുൾ, ലഫങ്കേ പരിന്തെ, ബ്രേക്ക് കെ ബാദ്,ഖേലേ ഹം ജീ ജാൻസേ ,ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പല ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു.പ്രമുഖ താരം രൺവീർ കപൂറിനെ 2018ൽ വിവാഹം ചെയ്തു.
ശ്രദ്ധ കപൂർ
പ്രശസ്ത ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂർ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തിയായിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിന്നീട് ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാവേഷത്തിലെത്തി.2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു. വാണിജ്യ വിജയമായിരുന്ന ഏക് വില്ലനിലും (2014) നിരൂപക പ്രശംസനേടിയ ഹൈദറിലും (2014) ശ്രദ്ധ അഭിനയിച്ചു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ ശ്രദ്ധയെത്തേടി വന്നു.
സാറ അലി ഖാൻ
ബോളിവുഡിൽ പേരുകേട്ട പട്ടൗഡി കുടുംബത്തിലെ അംഗമായ സാറ അമൃത സിങ്ങിന്റെയും സെയ്ഫ് അലി ഖാന്റെയും മകളും മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ഷർമിള ടാഗോറിന്റെയും കൊച്ചുമകളുമാണ് സാറ അലി ഖാൻ.2018ൽ കേദാർ നാഥ് എന്ന ചിത്രത്തിലൂടെബോളിവുഡിൽ കാലുകുത്തിയ സാറ പിന്നീട് സിമ്പ ,ലൗ ആജ് കൽ എന്നീ ചിത്രങ്ങളിലും തിളങ്ങിയിരുന്നു.
രാകുൽപ്രീത് സിംഗ്
തമിഴ്,കന്നഡ ,തെലുങ്ക് ,ഹിന്ദി ഭാഷകളിൽ അഭിനയിച്ച താരമാണ് രാകുൽപ്രീത് സിംഗ്.കന്നഡ സിനിമ ഗില്ലി എന്ന ചിത്രത്തിലൂടെ യാണ് താരം സിനിമ രംഗത്ത് എത്തുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് രാകുൽ പ്രീത്.
സിമോൺ കമ്പട്ട
ബോളിവുഡിലെ പ്രമുഖ ഫാഷൻ ഡിസൈനർ.പതിനൊന്നു വർഷമായി ഫിലിം ഇൻഡസ്ട്രിയിൽ റിയ ചക്രവർത്തിയുടെയും റൺവീർ സിംഗിന്റെയും പേഴ്സണൽ ഫാഷൻ ഡിെെസനറായി ജോലി ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |