കൊല്ലത്തിന്റെ സൗന്ദര്യവും പ്രൗഢിയുമാണ് അഷ്ടമുടിക്കായൽ. വേമ്പനാട്ട് കായൽ കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ വലിയ ജലാശയം. എട്ടുമുടികൾ ചേരുന്ന കായലിന്റെ വർണനാതീതമായ സൗന്ദര്യം സ്വദേശികൾക്ക് മാത്രമല്ല വിദേശികൾക്കും ഹരം പകരുന്നതാണ്. ജൈവവൈവിദ്ധ്യങ്ങളുടെ പ്രത്യേകതകൾ ശാസ്ത്രസമൂഹത്തിനും ഒരദ്ഭുതമാണ്. 2004 ലുണ്ടായ സുനാമി കായലിന്റെ ഘടനയിലും രൂപത്തിലും ഒട്ടേറെ മാറ്റങ്ങളുണ്ടാക്കി. കായലിനാൽ ചുറ്റപ്പെട്ട മൺറോതുരുത്തിൽ ഭൂമി താഴുന്ന പ്രതിഭാസത്തെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നു. കായലിൽ പലയിടത്തായി രൂപംകൊണ്ട തുരുത്തുകളാണ് മറ്റൊരു സുനാമി അനന്തര പ്രതിഭാസം. സാമ്പ്രാണിക്കോടി, ചവറ തെക്കുംഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ തുരുത്തുകൾ രൂപമെടുത്തത്. സാമ്പ്രാണിക്കോടിയിൽ കായലിന് മദ്ധ്യത്തായി രൂപമെടുത്ത 15 സെന്റോളം വരുന്ന തുരുത്ത് ചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്. പുതിയ തുരുത്തുകൾ രൂപമെടുത്തതിനെയും മൺറോതുരുത്തിലെ ഭൂമി താഴൽ പ്രതിഭാസത്തെയും കുറിച്ചൊക്കെ ശാസ്ത്രീയമായ പഠനങ്ങളും വിശകലനങ്ങളുമൊക്കെ ഇതിനകം വന്നുകഴിഞ്ഞു. എന്നാൽ ശാസ്ത്രീയ വിലയിരുത്തലുകൾക്ക് വിരുദ്ധമായി അശാസ്ത്രീയമായ വാദങ്ങളുമായി ചിലർ രംഗപ്രവേശം ചെയ്തതാണിപ്പോൾ പരിസ്ഥിതി സ്നേഹികളെയും ശാസ്ത്രജ്ഞരെയുമൊക്കെ ആശങ്കയിലാഴ്‌ത്തുന്നത്. കേരളത്തിൽ എന്ത് പ്രതിഭാസമുണ്ടായാലും ആഗോളതാപനമെന്ന് പറഞ്ഞ് സ്ഥാപിക്കാനുള്ള ചില ബുദ്ധിജീവികളുടെ ശ്രമങ്ങളാണ് പുതിയ തുരുത്തുകളുടെ രൂപപ്പെടലിനു പിന്നിലെ വിശദീകരണത്തിലും നിറയുന്നത്. പ്രകൃതിയിലെ അദ്ഭുത പ്രതിഭാസങ്ങൾ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ വിശകലനം ചെയ്യുന്നതിനു പകരം ബാലിശമായ വാദങ്ങൾ നിരത്തിയും വിഷയത്തിൽ രാഷ്ട്രീയം കലർത്താനുമുള്ള നീക്കത്തിൽ പരിസ്ഥിതി സ്നേഹികളും ശാസ്ത്രജ്‌ഞരും ഏറെ അസ്വസ്ഥരാണ്.
കാലാവസ്ഥാ വ്യതിയാനമോ ?
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ രൂക്ഷമായ വേലിയേറ്റമാണ് അഷ്ടമുടിക്കായലിൽ തുരുത്തുകൾ രൂപം കൊണ്ടതിനു പിന്നിലെന്നാണ് ചില ബുദ്ധിജീവികളുടെ വാദം. കല്ലടയാറ്റിൽ തെന്മല ഡാം നിർമ്മിക്കുന്നതിനു മുൻപ് വർഷകാലത്ത് ചെളിയും എക്കലും ഒഴുകി കടലിൽ പതിച്ചിരുന്നു. അന്ന് വേലിയേറ്റം ഇന്നത്തെപ്പോലെ ശക്തമായിരുന്നില്ല. ഡാം വന്നതോടെ കടലിലേക്കുള്ള ഒഴുക്ക് കുറഞ്ഞു. കായലിലെ ഭൗമമാറ്റത്തിന് സുനാമിയുമായി ബന്ധമൊന്നും ഇല്ലെന്നും ഇവർ പറഞ്ഞുവയ്ക്കുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി കാലാവസ്ഥയിൽ വന്ന വ്യതിയാനം വേലിയേറ്റത്തിന്റെ ശക്തി കൂട്ടി. വേലിയിറക്കത്തിന് ശക്തി കുറയുകയും ചെയ്തു. അതോടെ കടലിൽ നിന്നുള്ള തിരതള്ളലിൽ അഷ്ടമുടിക്കായലിൽ തുരുത്തുകൾ രൂപപ്പെട്ടുവെന്ന വാദമാണിപ്പോൾ ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിലപാട്. ചന്ദ്രന്റെ പ്രഭാവം മൂലമാണ് കടലിൽ വേലിയേറ്റം ഉണ്ടാകുന്നതെന്നത് അടിസ്ഥാന ശാസ്ത്രമാണ്. 121 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കല്ലടയാറിൽ വെള്ളപ്പൊക്കം വരുമ്പോൾ കൂടുതൽ എക്കലും 121 കിലോമീറ്റർ ദൂരത്തിലുള്ള ഇരുകരഭാഗത്തായാണ് അടിയുന്നത്. കുറച്ച് എക്കൽ മാത്രമേ കടലിൽ പതിക്കുകയുള്ളൂ. വേലിയേറ്റത്തിൽ പത്തു ശതമാനം പോലും എക്കൽ അഷ്ടമുടിക്കായലിൽ നിക്ഷേപിക്കുന്നില്ല. ഇതിന്റെ പതിന്മടങ്ങ് എക്കലും മണ്ണുമാണ് സുനാമി വരുമ്പോൾ കടലിൽ നിന്നു കായലിലേക്ക് തള്ളുന്നത്. വേലിയേറ്റത്തെക്കാൾ നൂറിരട്ടി ശക്തിയാണ് സുനാമിക്ക്. അഷ്ടമുടിക്കായലിലെ എക്കൽ നിക്ഷേപത്തിൽ സുനാമിക്കുള്ള പങ്ക് നിർണായകമെന്നാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും കേരളസർവകലാശാലയിലെ സുവോളജി പ്രൊഫസറുമായ ഡോ.സൈനുദ്ദീൻ പട്ടാഴി പറയുന്നത്.
അഷ്ടമുടിക്കായലിലെ അടിയൊഴുക്കുകളുടെ മാറ്റം, ശക്തി, ഊർജ്ജ വ്യത്യാസം എന്നിവ നിമിത്തം എക്കൽ മണ്ണ് പലയിടത്തായി നിക്ഷേപിക്കുമ്പോഴാണ് പുതിയ തുരുത്തുകൾ ഉണ്ടാകുന്നതെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ അദ്ദേഹം പറയുന്നു. കായലിലെ അടിയൊഴുക്കുകളുടെ മാറ്റം, ശക്തി, ഊർജ്ജ വ്യത്യാസം എന്നിവയെ ബാധിക്കുന്ന ഘടകങ്ങൾ വേലിയേറ്റം, വേലിയിറക്കം, നീരൊഴുക്ക്, സുനാമി തുടങ്ങിയവയാണ്. പൊന്നാനിയിലെ ബിയ്യം കായലിലും പരവൂർ കായലിലും ഇതേരീതിയിൽ തുരുത്തുകൾ ഉണ്ടായിട്ടുണ്ട്. 1993 – 2017 സർവെ പ്രകാരം കടലിലെ ജലനിരപ്പ് 2.6 മുതൽ 3.4 മില്ലിമീറ്റർ വരെ ഉയർന്നിട്ടുണ്ട്. ഇത് ഒരുതരത്തിലും അഷ്ടമുടിക്കായലിനെയോ പുതിയ തുരുത്തിനെയോ ബാധിച്ചിട്ടില്ല. മലവെള്ളപ്പാച്ചിൽ വന്ന് കടൽ ഉയർന്നുവെന്നും ഒഴുക്ക് തടസപ്പെട്ടുവെന്ന് പറയുന്നതും ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. കാരണം കടൽ എത്രയോ വിസ്തൃതിയിൽ കിടക്കുകയാണ് എത്ര മലവെള്ളപ്പാച്ചിൽ വന്നാലും ജലനിരപ്പോ, ഉപ്പിന്റെ അളവിലോ വലിയ മാറ്റങ്ങൾ വരില്ല.
ഭൂമി താഴൽ പ്രതിഭാസം
സുനാമിക്ക് ശേഷം മൺറോതുരുത്തിലുണ്ടായ ഭൂമിതാഴുന്ന പ്രതിഭാസത്തെയും തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമം നടന്നിരുന്നു. ഭൂമി താഴുന്നത് ആഗോളതാപനത്തിന്റെ ഭാഗമായാണെന്നായിരുന്നു ചിലരുടെ വാദം. പ്രമുഖ സി.പി.എം നേതാവും മുൻ രാജ്യസഭാംഗവുമായിരുന്ന കെ.എൻ ബാലഗോപാൽ ഇതുസംബന്ധിച്ച് രാജ്യസഭയിലും ഈ വാദം ഉയർത്തിയിരുന്നു. അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട മൺറോതുരുത്ത് പഞ്ചായത്തിലെ ഏതാനും വാർഡുകളിൽ മാത്രമാണ് ഭൂമിതാഴുന്ന പ്രതിഭാസം ഉണ്ടായത്. കായലിലെ ജലനിരപ്പ് സാധാരണയിൽ നിന്നും ഉയർന്നതോടെ അവിടെയുള്ള വീടുകളുടെ ഉൾവശം വരെ വെള്ളം കയറി താമസയോഗ്യമല്ലാതായി മാറി. തെങ്ങ് അടക്കമുള്ള കാർഷികവിളകളും നശിച്ചു. പ്രദേശവാസികൾക്ക് വീടുകളും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്നു. ആഗോളതാപനത്തിന്റെ ഭാഗമായാണ് ഭൂമിതാഴുന്ന പ്രതിഭാസം ഉണ്ടായതെങ്കിൽ പഞ്ചായത്തിലെ ചിലവാർഡുകളിൽ മാത്രം അത് ബാധിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ആ വാദക്കാർക്ക് ഇനിയും ആയിട്ടില്ല. എന്നാൽ സുനാമിയെ തുടർന്ന് ഭൂപാളിയിലുണ്ടായ വ്യതിയാനമാണ് ഭൂമിതാഴുന്ന പ്രതിഭാസത്തിനു കാരണമെന്ന ശാസ്ത്രകാരന്മാരുടെ വാദം ആഗോളതാപന വാദക്കാർ അംഗീകരിച്ചിട്ടുമില്ല. ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള സംഘടനകൾ പോലും ആഗോളതാപന സിദ്ധാന്തത്തിലാണ് ഉറച്ച് നിൽക്കുന്നത്. പരിഷത്തിന്റെ രാഷ്ട്രീയ വിധേയത്വം മൂലം സി.പി.എം നേതാവും പാർട്ടിയിലെ ചില ബുദ്ധിജീവികളും പറഞ്ഞ വാദത്തെ ഖണ്ഡിക്കാൻ, ആകുന്നില്ലെന്ന് പരിഷത്തിലെ അംഗങ്ങളായ ചിലർ അടക്കം പറയുന്നു.
അഷ്ടമുടിക്കായലിൽ രൂപംകൊണ്ട പുതിയ തുരുത്തുകൾ സംബന്ധിച്ച വിശദീകരണത്തിലും പരിഷത്ത് പോലുള്ള സംഘടനകൾ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട ചില ബുദ്ധിജീവികളുയർത്തുന്ന കായലിലെ എക്കൽ വാദവും വേലിയേറ്റ വാദവുമൊക്കെ അംഗീകരിക്കുകയല്ലാതെ ഇവർക്ക് പോംവഴിയില്ലാത്ത സ്ഥിതിയിൽ ശാസ്ത്രവാദങ്ങളുടെ വിശ്വാസ്യതയും ആധികാരികതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |